• സുസ്ഥിര ജീവനം (4) – വ്യവസ്ഥാ നിയമം

  by  • July 19, 2013 • പരിസ്ഥിതി • 0 Comments

  പരിസ്ഥിതിയില്‍ മനുഷ്യന്റെ സ്ഥാനം എന്തെന്ന് മനസ്സിലാക്കാന്‍, നാം വ്യവസ്ഥാ നിയമം എന്തെന്ന് അറിയേണ്ടി ഇരിക്കുന്നു. അതാകട്ടെ അടുത്ത പാഠം..

   

  നാം പ്രപഞ്ചത്തിന്റെ ഭാഗമാണെന്നു ഏവര്‍ക്കും അറിയാം എന്നാണെന്റെ വിശ്വാസം. എന്നാല്‍, പ്രപഞ്ചത്തെ, ജീവിക്കാനുള്ള ഒരു ഇടം (space) മാത്രം ആണെന്ന് പലരും (മനുഷ്യര്‍) കരുതുന്നുണ്ട്.. ഈ ധാരണ സുസ്ഥിര ജീവനത്തെ നന്നേ ബാധിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ വ്യവസ്ഥാ നിയമത്തെ പരിചയപ്പെടുന്നത് സുസ്ഥിരജീവനത്തിനു (മനുഷ്യന്റെ) അത്യന്താപേക്ഷിതമാണ്.

   

  പ്രപഞ്ചം ഒരൊറ്റ വ്യവസ്ഥയാണ്‌.  അതാകട്ടെ അതിനകത്തുള്ള പല ഉപ വ്യവസ്ഥകളുടെ കൂട്ടായ്മയാണ് താനും. പരമാണു മുതല്‍ പ്രപഞ്ചം വരെയും, വ്യവസ്ഥകളുടെ ഒരു നൂലില്‍ കോര്‍ത്ത മാലപോലെ, ഒരു സവിശേഷ ക്രമത്തില്‍ ആണ് വിതാനിക്കപ്പെട്ടിട്ടുള്ളത്. (ഇവയ്ക്കിടെയുള്ള ഒരു ചെറു കണ്ണി മാത്രമാണ് മനുഷ്യന്‍. മനുഷ്യന് അകത്തും പുറത്തും ഉള്ള പരിസ്ഥിതികള്‍ കൊണ്ട് കോര്‍ത്തിണക്കപ്പെട്ടിട്ടുള്ളതാണ്  മനുഷ്യന്റെ പ്രപഞ്ചം.) മനുഷ്യന്‍ ഒരു വ്യവസ്ഥയാണ്‌. മനുഷ്യന്‍ ജീവിക്കുന്ന സമൂഹവും മനുഷ്യന്റെ ഒരു കോശവും, പരമാണു ആയി കരുതപ്പെടുന്ന ക്വാര്‍ക്കുകളും, ഹിഗ്സ് ബോസോണുകളും ഓരോ വ്യവസ്ഥകള്‍ തന്നെ.

   

  ഒരു വ്യവസ്ഥ എന്നാല്‍, ഒരു വസ്തുവിന്റെ (അതിനെ സത്ത എന്ന് നാം കഴിഞ്ഞ അദ്ധ്യായത്തില്‍ വിളിച്ചു എന്നതോര്‍ക്കുക)  ഘടക ഭാഗങ്ങളും, അവയെ ചേര്‍ത്തിണക്കുന്ന പ്രപഞ്ച സവിശേഷതക(നിയമങ്ങ)ളും ചേര്‍ന്ന ഒരു സംവിധാനമാണ്. ഓരോ വ്യവസ്ഥയും ഒട്ടേറെ ഉപ വ്യവസ്ഥകളുടെ കൂട്ടായ്മയും, ഒരു വലിയ വ്യവസ്ഥയുടെ ഘടകവും ആയിരിക്കും. എല്ലാ വ്യവസ്ഥകള്‍ക്കും ഉള്ള നിയമങ്ങള്‍ (വ്യവസ്ഥാനിയമങ്ങള്‍) ഏതാണ്ട് ഒരു പോലെ ആയിരിക്കും. (എല്ലാം സമം എന്നല്ല, സമമിതം/ symmetrical എന്ന്) . ഓരോ ചെറു വ്യവസ്ഥയും അതുള്‍പ്പെടുന്ന വലിയ  വ്യവസ്ഥയുടെ ചെറു പ്രതിരൂപം (fractal) ആയിരിക്കും.

   

  ഉദാഹരണത്തിന്  കോശം ഒരു വ്യവസ്ഥയാണ്‌. ഒപ്പം കോശമെന്നത് കല എന്ന വലിയ ഒരു വ്യവസ്ഥയുടെ ഭാഗം ആണ്. കലകള്‍ അവയവത്തിന്റെയും അവയവം ശരീരത്തിന്റെയും, ശരീരം (ജീവി) ജീവിവര്‍ഗത്തിന്റെയും, ജീവിവര്‍ഗം ജൈവ സമൂഹത്തിന്റെയും ഭാഗമാണ്. കലകള്‍ക്കകത്ത് കോശ ദ്രവ്യങ്ങളും, അവയ്ക്കകത്ത് സംയുക്തങ്ങളും സംയുക്തങ്ങള്‍ക്കകത്തു മൂലകങ്ങളും അവയ്ക്കകത്തു ഉപാണുദ്രവ്യങ്ങളും വ്യവസ്ഥകളായി നില കൊള്ളുന്നു. അത്തരമൊരു അന്വേഷണം അകത്തേക്ക് നടത്തിയാല്‍, ഏറ്റവുമകത്തു പ്രാഥമിക കണങ്ങളിലും ഏറ്റവും പുറത്ത് പ്രപഞ്ചപ്രകൃതിയിലും ചെന്നെത്തും. ഇവയും വ്യവസ്ഥകള്‍ തന്നെ. ഇവയെല്ലാം പ്രപഞ്ച വ്യവസ്ഥയുടെ പ്രതി രൂപങ്ങള്‍ (fractals) ആണ്.

   

  എല്ലാ വ്യവസ്ഥകളും അതിന്റെ അകം പുറം വ്യവസ്ഥകളുടെ, നേര്‍ നിയന്ത്രണത്തില്‍ ആയിരിക്കും എന്നത് മറ്റൊരു സവിശേഷതയാണ്. അതായത് എന്നെ (എന്റെ ശരീരത്തെ), എന്റെ  അകം വ്യവസ്ഥകളായ അവയവങ്ങളും, പുറം വ്യവസ്ഥ ആയ മനുഷ്യ ജീവി വര്‍ഗ്ഗവും ആണ് ചലിപ്പിക്കുന്നത് / നിയന്ത്രിക്കുന്നത്‌ എന്നര്‍ത്ഥം. ഇവ രണ്ടിനോടും ആവശ്യകതകള്‍ അറിയിക്കാനുള്ള ഒരു മദ്ധ്യവര്‍ത്തിയുടെ വേഷം മാത്രമാണ് “ഞാന്‍” എന്ന് നാം മനസ്സിലാക്കുന്ന ജീവി തലത്തിനു ഉള്ളത്.. (ഈ മേഖലയിലെ വ്യക്തതയ്ക്ക്  മനസ്സിന്റെ ആറു തലങ്ങളെ പ്രതി പാദിക്കുന്ന തുടര്‍പാഠത്തില്‍ പിന്നീട് നോക്കുമല്ലോ..)

   

  ഒരു വ്യവസ്ഥ, അതിനൊപ്പമുള്ള മറ്റു വ്യവസ്ഥകളുമായി സ്വന്തം ഭാഷയില്‍ വിനിമയം ചെയ്തു കൊണ്ടിരിക്കുകയും സഹവര്‍ത്തിക്കയും ചെയ്യും. നാം തമ്മിലുള്ള പാരസ്പര്യവും ഈ ആശയ വിനിമയവും ഒക്കെ അതിന്റെ ഭാഗമാണ്. ഇത്തരത്തില്‍ സഹ വ്യവസ്ഥകളുമായി ഇഴുകി നില കൊള്ളുന്ന പാരസ്പര്യമാണ്‌, ഒരു വ്യവസ്ഥയുടെ തന്നെ കെട്ടുറപ്പിന് അടിസ്ഥാനം. അതായത്, നാം തമ്മിലുള്ള പാരസ്പര്യത്തിന്റെ ബലം പോലെ ഇരിക്കും നമ്മുടെ ജീവിവര്‍ഗത്തിന്റെ നിലനില്‍പ്പ്.

   

  അത്തരത്തില്‍ തന്റെ അകത്തും പുറത്തും കൂടെയും ഉള്ള വ്യവസ്ഥകളുമായി കണ്ണി ചേര്‍ത്ത് വച്ച്  കൊണ്ടാണ് ഇവിടെയുള്ള ഓരോ വ്യവസ്ഥയും നില കൊള്ളുന്നത്‌. നിരന്തരമായ  ഈ ബന്ധത്തെ എവിടെ മുറിച്ചാലും അത് സുസ്ഥിതിയ്ക്ക് കോട്ടം തന്നെ..

   

  ഇനി ഈ വ്യവസ്ഥ എന്നത് എങ്ങിനെ ഉരുവാക്കപ്പെടുന്നു, അവയുടെ ഘടകങ്ങള്‍ ഏതെല്ലാം എന്നതാണ് അടുത്ത പാഠം..

   

  (ഇതിലുമധികം ലളിതമാക്കണമെന്നു ആഗ്രഹമുണ്ട്.. സാധിക്കുന്നില്ല. വായനക്കാര്‍ ആരെങ്കിലും, അങ്ങിനെയൊരു സഹായം ചെയ്‌താല്‍ നന്നാകും എന്നൊരു ആശയുണ്ട്.)

   

  ചിത്രത്തില്‍ ഉള്ളത് : ഫ്രാക്റ്റല്‍

   

   

  _______________________  ___________________________  ________________________

  തുടരും. ഇതൊരു ലേഖന പരമ്പര ആണ്. ഇഴ മുറിയാതെ വായിക്കുക. തോന്നുന്നത് താഴെ കുറിച്ചിടുക.

   

  ഈ വിഷയങ്ങള്‍ കൂടുതലറിയാന്‍  ഒളിമ്പസ് ദര്‍ശനം എന്ന ഫേസ്ബുക്ക്ഗ്രൂപ്പ് സന്ദര്‍ശിക്കുക. ലിങ്ക്  https://www.facebook.com/groups/olympussdarsanam/

  ഒളിമ്പസ്സിന്റെ കൂട്ട് കുടുംബത്തില്‍ അംഗമാകാന്‍ എന്നെ വിളിക്കു(9497628007)കയും, ഒളിമ്പസ് സന്ദര്‍ശിക്കുകയും ചെയ്യുക.

   

  https://www.facebook.com/notes/santhosh-olympuss/notes/281664545214826

  Print Friendly

  434total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in