• സുസ്ഥിര ജീവനം (3) – പരിസ്ഥിതി

  by  • July 19, 2013 • പരിസ്ഥിതി • 0 Comments

  മനുഷ്യ രാശിക്ക്, ഭൂമിയിലെ മറ്റു ജീവ രാശികള്‍ക്കിടെ ഉള്ള സ്ഥാനം എന്തെന്ന് അറിയാന്‍ നാം പരിസ്ഥിതിയെ അറിയേണ്ടി വരുന്നു.. അതിനാല്‍ പരിസ്ഥിതി എന്ത് എന്ന് നോക്കാം.

   

  ചുറ്റുമുള്ളത് എന്നോ കൂടുതലുള്ളത് എന്നോ ആണ് “പരി” എന്ന ശബ്ദത്തിന് അര്‍ത്ഥം. ഓരോ വീട്ടിലും പേരെഴുതി വയ്ക്കുക അതിന്റെ പുറം ചുമരിലാണ്. അത് പോലെ ഓരോ വസ്തുവിനെയും നാം പേരിട്ടു മനസ്സിലാക്കുന്നത് അതിന്റെ പുറം മതില്‍ കെട്ടിനെ കണ്ടു കൊണ്ടാണ്. പൊള്ളയായ ഈ മതില്‍ക്കെട്ട് മാത്രമാണ് ആ വസ്തുവിന്റെ സ്ഥിതി എന്നാണു നാം പൊതുവില്‍ കരുതുക. എങ്കിലും, അതിനകത്തും അതിനു പുറത്തും ഉള്ള സ്ഥിതി കൂടി കണക്കിലെടുക്കുമ്പോഴേ ആ വസ്തു  പൂര്‍ണമാകുകയുള്ളൂ.. അങ്ങിനെ നാം കണ്ടറിയുന്ന ഒന്നിന്റെ അകത്തും പുറത്തും ആയി ചുറ്റിയിരിക്കുന്ന അധികമായ സ്ഥിതി ആണ് പരിസ്ഥിതി. അകവും പുറവും ഇല്ലാത്ത ഒരു സ്ഥിതി (നില / നിലനില്പ് ) വെറും സങ്കല്‍പം മാത്രമാണ്. അങ്ങിനെ അകവും പുറവും ഇല്ലാതെ  ഒന്നിനും ഇവിടെ സ്ഥിതി ചെയ്യാന്‍ സാദ്ധ്യമല്ല.

   

  പുറം മതില്‍ക്കെട്ടിനെ കണ്ടു കൊണ്ട് പേരിട്ടു വിളിക്കുന്ന ആ ഒന്നിനെ, തത്കാലം, സത്ത എന്ന് വിളിക്കാം. ഒരു സത്ത്യ്ക്ക് അകത്തും പുറത്തും ഉള്ള സ്ഥിതികളെ ആണ് അതിന്റെ പരിസ്ഥിതി എന്ന് പറയുക എന്ന് നാം മനസ്സിലാക്കി. ആ സത്തയുടെ ശരീരം (ആന്തരിക പരിസ്ഥിതി) ഇല്ലാതെ ആ സത്ത ഉണ്ടെന്നു പറയുക സാദ്ധ്യമല്ല. ഈ അകം പരിസ്ഥിതി തന്നെയാണ് ആ സത്തയുടെ നിലനില്പിനായുള്ള പ്രാഥമിക ആവശ്യം.

   

  ആ സത്തയ്ക്ക് നിലനില്‍ക്കാനായുള്ള ഒരു സ്ഥലം (ഭൂമിക – platform) സത്തയ്ക്ക് പുറത്ത് (ബാഹ്യ പരിസ്ഥിതി) ഇല്ലെങ്കില്‍ അതിനു നിലനില്‍ക്കാന്‍ ആകില്ല. ഈ ബാഹ്യ പരിസ്ഥിതി ആണ് സത്തയുടെ നിലനില്പിനായുള്ള ദ്വിതീയാവശ്യം.

   

  നില നില്‍ക്കുന്ന ഒരു സത്ത, കാലത്തിനൊത്ത് (ജീവിച്ചു) മുന്നോട്ടു പോകണമെങ്കില്‍, അകത്തു നിന്നും പലതും പുറത്തേക്കു കൊടുക്കുകയും, പുറത്തു ന്നിന്നും പലതും അകത്തേക്ക് എടുക്കുകയും വേണ്ടി വരും. ഈ കൊടുത്തു വാങ്ങുന്ന ജീവ സന്ധാരണ ഘടകങ്ങള്‍ (സാമ്പത്തിക പരിസ്ഥിതി) ആണ് സത്തയുടെ  നിലനില്‍പ്പിന്റെ മൂന്നാം ആവശ്യം.

   

  കൊടുത്തു വാങ്ങലിനു ഉതകുന്ന ഘടകങ്ങള്‍ മാത്രമുണ്ടായാല്‍ പോരാ, അതിനുതകുന്ന ഒരു വിനിമയ സംവിധാനം / വ്യവസ്ഥ  (സാമൂഹിക പരിസ്ഥിതി) ഒട്ടും ന്യൂനതകള്‍ ഇല്ലാതെ ചുറ്റിലും നടന്നു കൊണ്ടിരിക്കണമെന്ന ഒരു നാലാം ആവശ്യമാണ്‌ സത്തയുടെ നിലനില്‍പ്പിനു അടുത്തതായി വേണ്ടിവരുന്നത്.

  സത്തയുടെ ശരീരവും, നില നില്‍ക്കാനുള്ള  ഇടവും, കൊടുത്തു വാങ്ങുന്ന ഘടകങ്ങളും, അത് സാധ്യമാക്കുന്ന ഒരു സാമൂഹിക വ്യവസ്ഥയും ഒക്കെ കോര്‍ത്തിണങ്ങാനുള്ള  പ്രപഞ്ചത്തിന്റെ അത്ഭുത നിയമങ്ങളാലുള്ള പ്രതിഭാസങ്ങളുടെ വിന്യാസം (പ്രതിഭാസ പരിസ്ഥിതി) ആണ് അഞ്ചാമത്തെയും, എന്നാല്‍ എല്ലാത്തിനും ഉപരിയായും ഉള്ള ആവശ്യം..

   

  ഈ അഞ്ചു ആവശ്യങ്ങളും നിര്‍വഹിക്കാനുള്ള ആന്തരിക, ബാഹ്യ, സാമ്പത്തിക, സാമൂഹിക, പ്രാതിഭാസിക പരിസ്ഥിതികള്‍ ചേരുമ്പോഴാണ് ഒരു സത്ത നില നില്‍ക്കുക (സുസ്ഥിരമാകുക). കല്ലോ, പുല്ലോ, അമീബയോ, മനുഷ്യനോ, സമൂഹമോ, സൌരയൂഥമോ, ഒക്കെ അങ്ങിനെ തന്നെ.  ഈ പരിസ്ഥിതി തലങ്ങളെ പഞ്ച പരിസ്ഥിതി എന്നോ, സമഗ്ര പരിസ്ഥിതി എന്നോ വിളിക്കാം. പഠനാത്ഥം അഞ്ചായി തിരിക്കുന്നുവെങ്കിലും, നാം അറിയുന്ന ഓരോന്നും, ഒറ്റയ്ക്കൊരു മതില്‍ക്കെട്ട് മാത്രമായ സ്വതന്ത്ര സത്തയല്ല, മറിച്ചു,  മുഴുവനായും ഈ സമഗ്ര പരിസ്ഥിതി തന്നെ എന്ന് മനസ്സിലാക്കാം.

   

  ഇവയെല്ലാം ചേര്‍ന്ന പരിസ്ഥിതിയില്‍ മനുഷ്യന്റെ സ്ഥാനം എന്തെന്ന് മനസ്സിലാക്കാന്‍, നാം വ്യവസ്ഥാ നിയമം എന്തെന്ന് അറിയേണ്ടി ഇരിക്കുന്നു. അതാകട്ടെ അടുത്ത പാഠം..

   

  _______________________  ___________________________  ________________________

  തുടരും. ഇതൊരു ലേഖന പരമ്പര ആണ്. ഇഴ മുറിയാതെ വായിക്കുക. തോന്നുന്നത് താഴെ കുറിച്ചിടുക.

   

  ഈ വിഷയങ്ങള്‍ കൂടുതലറിയാന്‍  ഒളിമ്പസ് ദര്‍ശനം എന്ന ഫേസ്ബുക്ക്ഗ്രൂപ്പ് സന്ദര്‍ശിക്കുക. ലിങ്ക് https://www.facebook.com/groups/olympussdarsanam/

  ഒളിമ്പസ്സിന്റെ കൂട്ട് കുടുംബത്തില്‍ അംഗമാകാന്‍ എന്നെ വിളിക്കു(9497628007)കയും, ഒളിമ്പസ് സന്ദര്‍ശിക്കുകയും ചെയ്യുക.

   

  https://www.facebook.com/notes/santhosh-olympuss/notes/280788411969106

  Print Friendly

  492total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in