ഒളിമ്പസ്സിനുള്ള നികുതി എന്ന ആശയം.
by Santhosh Olympuss • August 31, 2013 • പൊതുവായത് • 1 Comment
“ഒളിമ്പസ്സിനുള്ള നികുതി” എന്ന ആശയത്തെ പറ്റി, നികുതി നല്കിയ ഒന്ന് രണ്ടു കുടുംബാംഗങ്ങള്‍ നികുതി നിര്‍ബന്ധിതമാക്കണം എന്നും മറ്റും ചില അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. കൂടാതെ നമ്മുടെ കാരണവരായ അഡ്മിന് സുധാകര്‍ജിയുമായി വിശദമായ ചര്‍ച്ചയും നടത്തിയിരുന്നു. അതിന്റെ വെളിച്ചത്തില്‍ നികുതി എന്ന ആശയത്തെ ഒന്ന് വിശദമാക്കേണ്ടതുണ്ടെന്നു തോന്നുന്നു.
ഒളിമ്പസ്സിന്റെ പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി, ഒളിമ്പസ്സിന്റെ കുടുംബാംഗങ്ങളും, പഠിതാക്കളും, ഗുണ ഭോക്താക്കളും, കണ്ടെത്തുന്ന തന്റേതായ വിഭവ സമാഹരണമാണ് ഒളിമ്പസ്സിനുള്ള നികുതി അഥവാ ഒളിമ്പസ് റ്റാക്സ്. ഒളിമ്പസ് ഒരു സ്വകാര്യ സംവിധാനം അല്ല. ഒളിമ്പസ്സിന്റെ പ്രവര്‍ത്തനങ്ങള്‍, എന്തെകിലും സ്വാകാര്യ ലാഭത്തിനു വേണ്ടിയല്ല. അത് പൂര്‍ണമായും സമൂഹത്തിനു വേണ്ടി ആണ്. അതിനാല്‍, സമൂഹം തന്നെ ആണ് ഒളിമ്പസ്സിനെ ചലിപ്പിക്കേണ്ടത്.
സാധാരണ ധര്‍മ സ്ഥാപനങ്ങള്‍ പോലെ ഇന്നോളം ഒളിമ്പസ് സംഭാവനകള്‍ സ്വീകരിച്ചിട്ടില്ല. (പത്തിരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് സംഘത്തിന്റെ വാഷികാഘോഷങ്ങള്ക്ക് പൊതു ജനങ്ങളില്‍ നിന്നും പിരിവു നടത്തിയിട്ടുണ്ട്.. അന്ന് ഒളിമ്പസ് എന്ന പേര് സ്വീകരിച്ചിരുന്നുമില്ല.) പ്രവര്‍ത്തകരുടെ സ്വന്തം പണം എടുത്തു മാത്രമേ ഇന്നോളം എന്തും ചെയ്തിട്ടുള്ളൂ..(ഒളിമ്പസ് പുറത്തെടുക്കുന്ന ചില ക്ലാസ്സുകള്‍ക്കു ലഭിച്ചിട്ടുള്ള ഓണറേറിയം സ്വീകരിച്ചിട്ടുമുണ്ട്. ചില ഒളിമ്പസ് ക്യാപുകളില്‍ നടത്തിപ്പ് ചെലവിനായി ക്യാമ്പ് ഫീയും വാങ്ങിയിട്ടുണ്ട്) ഒളിമ്പസ്സിനെ വിനിയോഗിക്കുന്ന പലരും, ഒളിമ്പസ്സിന്റെ അവശ്യ ഘട്ടങ്ങളില്‍ പോലും നിസ്സംഗരായി മാറി നില്ക്കുന്നതും കണ്ടിട്ടുണ്ട്. അന്നും ആരെയും നിര്‍ബന്ധിച്ചു പണമോ പ്രവര്‍ത്തിയോ, ചിന്തയോ ആരില്‍ നിന്നും വാങ്ങിയിട്ടുമില്ല. പണം നല്കി സഹായിക്കാന്‍ പാകത്തില്‍ ധനം ഉണ്ടായിരുന്നവര്‍ ഇന്നോളം കൂടെ ഉണ്ടായിട്ടില്ല. സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള കിഴക്കന്‍ പാലക്കാട് നിന്ന് അത് പ്രതീക്ഷിക്കയും വേണ്ടാ..
ഒളിമ്പസ് എങ്ങിനെ പണം കണ്ടെത്തുന്നു എന്നറിയാന്‍ “ഒളിമ്പസ്സിനു പണം എവിടെ നിന്ന് ലഭിക്കുന്നു?” എന്ന ഡോക്യുമെന്റ് കാണുക.
ഒളിമ്പസ്സിന്റെ വീക്ഷണത്തില്‍, ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടുന്ന അടിസ്ഥാന വിഭവങ്ങള്‍ യഥാക്രമം ചിന്ത, മനുഷ്യാദ്ധ്വാനം, പണം (Thought, Man & Money -TMM) എന്നിവയാണ്. ഒളിമ്പസ് നില നില്‍ക്കേണ്ടതും, മുന്‍പോട്ടു പോകേണ്ടതും സ്വന്തം ആവശ്യമാണ് എന്ന് ബോദ്ധ്യമുള്ളവരാണ് അത് നല്‍കേണ്ടത്. പല കാലഘട്ടങ്ങളിലായി പലരും (മുന്‍പ് കമ്യൂനില് ഉണ്ടായിരുന്ന സ്വാര്പ്പിതാംഗങ്ങളും ചില സുഹൃത്തുക്കളായ സഹകാരികളും) ചിന്തയും, ജീവിത സമയവും, നല്‍കിയിട്ടുമുണ്ട്.
ഇനി നികുതി എന്തെന്ന് നോക്കാം.. ഒരു സര്‍ക്കാരോ, സര്‍ക്കാരിതര സംഘടനയോ, സ്ഥാപനമോ, കുടുംബമോ, പദ്ധതിയോ ആകട്ടെ, ഏതൊരു സംവിധാനവും നടപ്പിലാകുവാന്‍ വിഭവങ്ങള്‍ ആവശ്യമാണ്. കാലാകാലങ്ങളായി, ഭരണകൂടങ്ങള്‍ ജനത്തില്‍ നിന്നും പിരിച്ചെടുക്കുന്ന കപ്പം അഥവാ നികുതി ആണ്, ജീവനക്കാര്‍ക്ക് ശമ്പളവും, വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടും, ഒക്കെ ആയി മാറുന്നത്.. എന്നാല്‍ ഈ സര്‍ക്കാര്‍ നികുതി പിരിവു നിര്‍ബന്ധിതമാണ്. മാത്രമല്ല നികുതി ഒരിക്കലും സംഭാവന അല്ല. സ്വന്തം ധനാഗമന മാര്‍ഗങ്ങള്‍ ഉണ്ടെങ്കില്‍ പോലും, നടപ്പിലാക്കുന്ന ബൃഹദ് സംവിധാനങ്ങള്‍ക്ക്, ലഭ്യമായ വിഭവങ്ങള്‍ പോരാതെ വരും. മാത്രമല്ല പ്രസ്തുത സംവിധാനത്തിലെ സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കാന്‍, നികുതി കൂടിയേ തീരൂ..
ഒളിമ്പസ് നടപ്പിലാക്കിയിരുന്ന ഗ്രാമോദയ പദ്ധതികളിലാണ് ആദ്യമായി നികുതി എന്ന ആശയം നടപ്പിലാക്കിയത്. (എന്നിട്ടും ഈ ഫേസ്ബുക്ക് ഗ്രൂപ്പ് തുടങ്ങുന്നത് വരെ ഒളിമ്പസ്സിനകത്തു നികുതി എന്ന പേരില്‍ ഒന്നും സ്വീകരിച്ചിരുന്നില്ല.) ഗ്രാമ വികസന പദ്ധതികളെ നടപ്പിലാക്കുന്നവരുടെ ജീവിത ചെലവുകളും, ഔദ്യോകിക നിര്‍വഹണ / സംവിധാന / യാത്രാ ചെലവുകളും അടക്കം, ഗ്രാമോദയ പദ്ധതി നടപ്പിലാകാന്‍ വേണ്ടുന്ന ധനം, ഇതര ജോലികള്‍ ചെയ്തു പണം ഉണ്ടാക്കുന്ന പകുതി സമയ അംഗങ്ങളില്‍ നിന്നും സംഭരിക്കുക എന്ന ആശയം ആണിത്.
രണ്ടു മൂന്നു ഗ്രാമ ക്കൂട്ടങ്ങളില് ഒളിമ്പസ്സുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ചില ഗ്രാമീണ പൊതു പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഈ സംവിധാനം നാം നടപ്പിലാക്കിയുമിരുന്നു. ഗ്രാമക്കൂട്ടങ്ങളില് ഉള്ളവര്‍ ഒരു നിശ്ചിത തുക തന്റെ ദിവസക്കൂലിയില്‍ നിന്നും നീക്കി വയ്ക്കുക എന്ന രീതി ആണ് അവിടെ നടപ്പിലാക്കിയിരുന്നത് .. (പലപ്പോഴും ഈ തുക പോരാതെ വരുന്നത് കൊണ്ട്, ഗ്രാമോദയ നടപ്പിലാക്കുന്നവര്‍ക്ക് വേണ്ടുന്ന ബാക്കി പണം ഒളിമ്പസ് തന്നെ നല്കി, ഗ്രാമക്കൂട്ടങ്ങളെ പിന്താങ്ങുകയാണ് ചെയ്തിരുന്നത്.) എന്നാല്‍, സര്‍ക്കാരുകള്‍ ചെയ്യുന്നത് പോലെ ഒളിമ്പസ്സിന്റെ നികുതി ഇന്നോളം നിര്ബന്ധിതമാക്കിയിട്ടില്ല. സ്വന്തം വീട്ടുകാര്യങ്ങള്‍ നോക്കാന്‍ ഒരാള്‍ക്ക് ഉത്തരവാദിത്തം ഉണ്ടാകുന്നത് പോലെ, ഉത്തരവാദിത്ത ബോധം ഉള്ളവര്‍ ചെയ്യുക എന്നതാണ് ഒളിമ്പസ് നികുതിയുടെ ഒരു രീതി. ഇനിയും അങ്ങിനെ തന്നെ ആയിരിക്കും.
എന്റെ ജീവിതവും, സമയവും, ചിന്തയും, ആരോഗ്യവും, അറിവും, ശ്രമവും, സമ്പാദ്യവും, പാരമ്പര്യവും വരെ പ്രപഞ്ച നൈസര്ഗികതയ്ക്കുള്ള നികുതിയാണ്. നിങ്ങള്‍ക്ക് സമാജത്തിനു നല്കാവുന്നത് എന്തും, എത്രയും നികുതിയായി നല്‍കാം. അത് ഒളിമ്പസ്സിനു തന്നെ നല്‍കണം എന്നോ ഒളിമ്പസ്സിനു (മറ്റുള്ളവര്‍ക്ക്) അത് ബോദ്ധ്യം ആകണം എന്നോ ഇല്ല. ചില മതങ്ങള്‍ അത് ദാനം ആയി കരുതുമ്പോള്‍, മറ്റു ചിലര്‍ അത് ധര്‍മം (ഉത്തരവാദിത്തം) ആയി കരുതുന്നു. അതിലും കൂടുതല്‍ മുഖ്യത്വം നല്‍കികൊണ്ടാണ് ഈ നീക്കി വച്ചു നല്കലിന്റെ ഉത്തരവാദിത്തത്തെ കാണേണ്ടത് എന്നത് കൊണ്ടാണ്, നിര്‍ബന്ധിത കപ്പത്തിന്റെ ആശയത്തെ ഓര്‍മിപ്പിക്കുന്ന നികുതി എന്ന പേര് ഒളിമ്പസ് ഈ സംവിധാനത്തിന് സ്വീകരിച്ചത്.
ഒളിമ്പസ്സിനുള്ള സ്വന്തം ധനാഗമന സംവിധാനമായ നിയോ ട്രൈബ് ഐറ്റീ കമ്യൂണ്‍, മാനവ വിഭവശേഷിയുടെ അപര്യാപ്തത കൊണ്ട് കഴിഞ്ഞ കുറച്ചു മാസങ്ങളായി ഏതാണ്ട് നിഷ്ക്രിയമാണ്. ലേഖകന്റെ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍, നിയോ ട്രൈബ് ഐറ്റീ കമ്യൂനിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയാതെ ആക്കുന്നു. നമ്മുടെ ചില ഗ്രൂപ്പ് അംഗങ്ങള്‍ നിയോ ട്രൈബ് ഐറ്റീ കമ്യൂനിന്റെ പ്രവര്‍ത്തന പരമായ കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള തയ്യാറെടുപ്പിലാണെങ്കിലും സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കുവാന്‍ നികുതി, ഒളിമ്പസ്സിനും കൂടിയേ തീരൂ..
ഇനി നിങ്ങള്‍ തീരുമാനിക്കുക, ഒളിമ്പസ് നിങ്ങളുടെ ആവശ്യമാണോ എന്ന്. നികുതി ഒളിമ്പസ്സിനു നല്‍കണം എന്നുള്ളവര്‍ക്കായി നികുതിയുടെ പ്രായോഗിക വശങ്ങള് അടുത്ത പോസ്ടായി ഉണ്ട് (ഒളിമ്പസ്സിനുള്ള നികുതി എങ്ങിനെ നല്‍കാം) അത് കാണുക.
376total visits,1visits today