• കുട്ടികളിൽ IQ & EQ വർദ്ധിപ്പിക്കാനുമുള്ള ചെറിയ വഴിയെന്താണു..?.

  by  • July 19, 2013 • മാനേജുമെന്റ് • 0 Comments

  അങ്ങയുടെ ഈ ചോദ്യം, വളരെ വളരെ പ്രസക്തമാണ്. സാമൂഹ്യ നന്മയെ ലാക്കാക്കിയുള്ള ഒരു പ്രായോഗികതയില്‍, സമൂഹത്തിലെ കുഞ്ഞുങ്ങളില്‍ തന്നെയാണിത് തുടങ്ങി വയ്ക്കേണ്ടത്.

  ഗര്‍ഭസ്ഥ ശിശുക്കളില്‍ മുതല്‍ പരിശീലനം തുടങ്ങേണ്ടതാണ് എങ്കിലും, പലപ്പോഴും നമുക്കതിനു കഴിയാതെ പോകുന്നുണ്ട്. മാതാ പിതാക്കള്‍ ഈ മേഖലയില്‍ പ്രാവീണ്യം നേടേണ്ടതും നമുക്കൊപ്പം അത് വൈകാരികമായി നിരീക്ഷിക്കാന്‍ ഒരു അതിഥി കൂടെ ഉണ്ട് എന്ന ഓര്‍മ്മ പുലര്‍ത്തേണ്ടതുമാണ്. സംഗീത ശ്രവണം, തമാശകള്‍, ഒരുമിച്ചുള്ള നൃത്തം, പരസ്പരം പരിഗണന നല്‍കല്‍, എന്നിവ ഗര്‍ഭസ്ഥ ശിശുവില്‍ വലുതായ വൈകാരിക വികാസം നല്‍കുന്നതാണ്.

  പിറന്നു കഴിഞ്ഞാല്‍ പരിഗണന ലഭിക്കുന്നുവെന്ന് കുഞ്ഞിനു ബോദ്ധ്യമാകുന്നു എന്ന് ഉറപ്പു വരുത്തണം. വിവിധങ്ങളായ കാര്യങ്ങള്‍, കുഞ്ഞിനോട് സംസാരിച്ചു കൊണ്ട്, സാങ്കേതികമായ ലോകത്തെ നമുക്ക് പരിചയപ്പെടുത്തി തുടങ്ങാം. നമ്മുടെ ഇടപെടല്‍, കുഞ്ഞില്‍ ചിരി ഉണര്‍ത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. പതിയെ കളിപ്പാട്ടങ്ങള്‍ കൊടുത്തു തുടങ്ങാം. നിത്യവും സംഗീതവും, നൃത്തവും, വീടിനു വെളിയിലെ ചെറു നടത്തങ്ങളും, വ്യത്യസ്ത വ്യക്തികളോടുള്ള ഇടപെടലും നല്‍കാനാവുന്നത്, കുഞ്ഞിന്റെ ബൌദ്ധിക നിലവാരം മെച്ചപ്പെടുത്തും.

  മാതാ പിതാക്കള്‍ തമ്മിലുള്ള വൈകാരിക സംഘട്ടനങ്ങള്‍ അടുത്ത നാള്‍ തന്നെ കുഞ്ഞിനെ രോഗ ശയ്യയിലേക്ക് തള്ളി വിടും എന്നത് ഓര്‍ക്കേണ്ടതുണ്ട്. (നാം പൊതുവേ ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണിത്. മാതാവിനോ പിതാവിനോ, അല്ലെങ്കില്‍ കുഞ്ഞിനു അടുപ്പമുള്ള അമ്മൂമ്മയെ പോലുള്ള ഒരാള്‍ക്കോ ഉണ്ടാകുന്ന വൈകാരിക പിരിമുറുക്കങ്ങള്‍ കുഞ്ഞുങ്ങളെ ബാധിക്കും. എന്നാല്‍ അതിനു പതിന്മടങ്ങ്‌ പ്രശ്നഫലമാണ്, മാതാപിതാക്കള്‍ക്കിടെയുള്ള വൈകാരിക സംഘട്ടനങ്ങള്‍ സൃഷ്ട്ടിക്കുക.)

  രണ്ടര വയസ്സിനു ശേഷമുള്ള സമയം, കുഞ്ഞിന്റെ വ്യക്തിത്വ വികാസത്തിന്റെ കാര്യത്തില്‍ കൂടുതല്‍ നിര്‍ണായകമാണ്. വൈകാരിക തീക്ഷ്ണതയില്‍ നിന്നും വൈകാരിക പക്വതയിലേക്ക് കുഞ്ഞിനെ നയിക്കേണ്ടുന്ന സമയമാണത്. സ്വന്തം വികാരങ്ങളെ നിരീക്ഷിക്കാന്‍ അവരെ നാം പ്രാപ്തരാക്കണം. ഇതര ജീവികളോടും വസ്തുക്കളോടും ഉള്ള വൈകാരിക പരിഗണന കുഞ്ഞിന്റെ ഒരു മുഖ്യ ശ്രദ്ധാ ഘടകമാക്കേണം. നിത്യവും രാവിലെ നല്‍കുന്ന പോസിറ്റീവ് ആയ അഫര്‍മെഷനുകളും വൈകീട്ട് നല്‍കുന്ന വിലയിരുത്തലും, അവനെ മൂല്യങ്ങളെ കുറിച്ച് ബോധ്യമാകാന്‍ സഹായിക്കും. ഇന്നെത്ര ചിരിച്ചു, ഇന്നെത്ര പേരെ സഹായിച്ചു, ഇന്നാരൊക്കെ സങ്കടപ്പെടുന്നത് കണ്ടു, ഇന്നെന്തൊക്കെ തീരുമാങ്ങള്‍ എടുത്തു, എന്തെല്ലാം നടപ്പിലാക്കി, നമ്മോടു ഇന്ന് പുതിതായി എന്ത് പറയാനുണ്ട് എന്നൊക്കെ ഉള്ള വിലയിരുത്തലുകള്‍, അടുത്ത പകലില്‍, അവര്‍ ചെയ്യുന്ന ഓരോന്നിനെയും വൈകാരികമായും ബൌദ്ധികമായും നിരീക്ഷിക്കാന്‍ അവനെ പ്രേരിപ്പിക്കും.

  സമയം, വലിപ്പം, എണ്ണം, തുടങ്ങിയ അക്ക ബോധങ്ങളും, സൌന്ദര്യം, രുചി, വൃത്തി, ക്രമം, എന്നീ ഗുണ ബോധങ്ങളും കുഞ്ഞിനു പരിചയമാകുന്നത് ബൌദ്ധികതയിലും, വൈകാരികതയിലും കുഞ്ഞില്‍ ഉറപ്പും ആത്മ വിശ്വാസവും നല്‍കും. സ്വയം സ്വന്തം കാര്യങ്ങള്‍ ചെയ്യാനും, തീരുമാനങ്ങള്‍ എടുക്കാനും അവരെ പ്രാപ്തമാക്കുകയാണ് വേണ്ടത്. നാശാത്മകമായ വീഴ്ചകള്‍ക്കും അപകടങ്ങള്‍ക്കും ഉള്ള സാദ്ധ്യതകളോടല്ലാതെ അവരോടു വേണ്ടാ എന്ന് പറയാതിരിക്കാന്‍ ശ്രദ്ധിക്കേണം. ഇന്ന് അവര്‍ വീണോട്ടെ, മുറിവ് പറ്റിക്കോട്ടേ, എങ്കിലും, പിന്നീടു വലിയ വീഴ്ചകളും പരിക്കുകളും ഇല്ലാതെ നാലുകാലില്‍ നില്ക്കാന്‍ അവര്‍ക്കാകും. കളരി, കരാട്ടെ, തായ്ചി, സ്കേറ്റിംഗ്, നൃത്തം, സൈക്ലിംഗ്, നീന്തല്‍ തുടങ്ങിയവ ചെറുപ്പത്തിലെ പഠിപ്പിക്കുന്നത്, അവനിലെ ജീവിതത്തെ അനായാസമാക്കും.

  വ്യത്യസ്ഥ തരം ആശയങ്ങളും, കുസൃതി ചോദ്യങ്ങളും, കുഴക്കുന്ന പ്രശ്നങ്ങളും ഒക്കെ പരിചിതമാകുന്നത് അവനിലെ ബൌദ്ധികതയെ വളര്‍ത്തും. അവ കൈകാര്യം ചെയ്യുമ്പോള്‍ വേണ്ടുന്ന ക്ഷമ തുടങ്ങിയ സമീപനങ്ങള്‍ അവനിലെ വൈകാരിക പക്വതയും വളര്‍ത്തും. ഇന്ന് നാം നല്‍കുന്ന ബൌദ്ധിക വൈകാരിക പക്വ അടിത്തറയാണ്, നാളെ അവനിലെ വൈകാരിക ബുദ്ധിയുടെയും ജീവിത വിജയത്തിന്റെയും അടിസ്ഥാനം.

  https://www.facebook.com/notes/santhosh-olympuss/notes/296222693759011

  Print Friendly

  956total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in