• ത്രിഗുണങ്ങൾ

  by  • February 19, 2014 • ആത്മീയത • 0 Comments

  [ഇന്നലെ , കൈലാസനാഥൻ എന്ന ടെലിസീരിയലിന്റെ ഒരു പ്രത്യേക ഭാഗത്തെ (പരമശിവൻ ഗണപതിയോട് ത്രിഗുണങ്ങളെ പറ്റി പറയുന്ന കഥാ സന്ദർഭത്തെ) സൂചിപ്പിച്ചു കൊണ്ട്,  അല്പം വിശദീകരണം വേണം എന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു..  ഇന്നുവരെ ആ വിഷയത്തിന്മേൽ ഒളിമ്പസ്സിന്റെതായ ഒരു ആഖ്യാനം ഇവിടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാൽ ഇന്ന് അതെഴുതി പോസ്റ്റ് ചെയ്യാം എന്നേറ്റു.]

  ഭാരതീയ  ചിന്താ പദ്ധതികൾ ഒരു വസ്തുവിന്റെ / സത്തയുടെ ഗുണപരമായ സ്വഭാവത്തെ മൂന്നായി കാണുന്നു.  രജോ സത്വ തമോ ഗുണങ്ങൾ. ഇവയെ ഒളിമ്പസ് പരിചയപ്പെടുത്തുന്ന വ്യവസ്ഥാ വീക്ഷണ പാശ്ചാത്തലത്തിൽ ഒന്ന് പരിചയപ്പെടുത്തട്ടെ.

  പ്രപഞ്ചത്തിൽ അസ്ഥിത്വം ഉണ്ടെന്നു കരുതുന്ന സർവ സത്തകളും ഓരോ വ്യവസ്ഥകളാണ്. ഇവിടെ സത്ത എന്നാൽ വസ്തുക്കളും, വസ്തുതകളും, ആശയങ്ങളും, ഒക്കെ ആണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.. ഓരോ (ജീവനുള്ളതോ അല്ലാത്തതോ ആയ എല്ലാ) വ്യവസ്ഥയ്ക്കും അതിന്റേതായ ബീജധാരണഘട്ടവും, ജനനഘട്ടവും, വളർച്ചാഘട്ടവും, നിർധാരണ (ജീവ സന്ധാരണ) ഘട്ടവും, തളർച്ചാഘട്ടവും, ശിഥിലഘട്ടവും ഉണ്ടാകും. ഇതിൽ സ്വതന്ത്ര രൂപത്തിലുള്ള “ജീവിത” കാലമാണ് നമുക്ക് അനുഭവ വേദ്യമായിരിക്കുക. ഉല്പാദന (Generation), നിർധാരണ (Operation), അധ:പതന (Degeneration) സ്വഭാവങ്ങൾ ജീവിതകാലത്ത് ഒരു സത്ത പ്രദർശിപ്പിക്കും.   അതിനാൽ തന്നെ അനുഭവിക്കാൻ കഴിയുന്ന ഘട്ടത്തെയാണ്  ഗുണങ്ങളാൽ മനസിലാക്കപ്പെടുന്നത് ..

  രജോഗുണം 

  ഒരു സത്തയുടെ ജനന കാലം മുതൽ യൗവന കാലം വരെ വളർച്ച അഥവാ വികാസം പ്രാപിക്കുവാനുള്ള പ്രവണത പകടിപ്പിക്കും. ഈ വികാസ പ്രവണതയാണ് രജോ ഗുണം എന്ന് ആഖ്യാനിക്കപ്പെടുന്നത്. സ്വയം നാശോന്മുഖമാകാതെ, ചുറ്റുപാടുകളിൽ നിന്നും വേണ്ടത് സ്വീകരിക്കയും, വേണ്ടുന്ന കാര്യങ്ങളെ നിർവഹിച്ചു മുൻപോട്ടു പോകുകയും ചെയ്യുന്ന സ്വഭാവം ആണിത്. ധനാത്മക (Positive) ചിന്തകളും, ധനാത്മക പ്രവർത്തനങ്ങളും ധനാത്മക ലക്ഷ്യങ്ങളും ചേർന്ന ഒരു വഴിയാകും രജോ ഗുണത്തിന് ഉണ്ടാകുക. പുരോഗമന ചിന്ത, വികാസം, സുസ്ഥിതമായ വേഗം, പ്രൗഢി, നേതൃത്വം, കരുണ, ക്രോധം, ആരാധന തുടങ്ങിയവ രാജസഗുണങ്ങൾ ആണ്.

  സാത്വികഗുണം

  പൂർണ വളർച്ച എത്തിയ ഒരു സത്ത (വസ്തു / വസ്തുത / വ്യവസ്ഥ) അതിന്റെ സ്വയം നിർധാരണ ധർമങ്ങൾ നിർവഹിച്ചു കൊണ്ടേ ഇരിക്കും. അതിനിടെ വളർച്ച പരിധി വിടാതെ സൂക്ഷിക്കുകയും (Size Rightness) സ്വന്തം ശുദ്ധിയിൽ തന്നെ നില കൊള്ളാൻ ശ്രമിക്കയും ചെയ്യും. അങ്ങിനെ ശുദ്ധമായ സ്ഥിതിയിൽ നിന്നും എങ്ങോട്ടേയ്ക്കും ഉള്ള മാറ്റങ്ങളെ, പൂർവസ്ഥിതിയിലേക്ക് തിരിച്ചു കൊണ്ട് വരുവാനുള്ള പുന:സ്ഥിതിക (Exergic) പ്രവണതയാണ്  സാത്വിക ഗുണം. നിഷ്പക്ഷ ചിന്തകളും, സമവാക കർമങ്ങളും ശാന്ത ലക്ഷ്യങ്ങളും ഒക്കെ ചേർന്ന ഒരു വഴിയാകും സാത്വിക ഗുണത്തിന് ഉണ്ടാകുക. വിശ്രാന്തി, നിഷ്പക്ഷത, സാക്ഷ്യം, നിഷ്കാമം, യഥാതഥ്യം, സ്വീകാര്യത,  അംഗീകാരം എന്നിവ സ്വത്വ ഗുണങ്ങളാണ്.

  തമോഗുണം. 

  ഒരു സത്തയുടെ പൂർണ രൂപത്തിൽ നില കൊള്ളാവുന്ന ഒരു പ്രത്യേക കാലം കഴിഞ്ഞാൽ, അതിന്റെ ശിഥില ധർമം നിർവഹിക്കുവാൻ പ്രേരിതമാകും.. അങ്ങിനെ സത്തയുടെ ശിഥില പ്രവണതയാണ് തമോ ഗുണം. ഊനാത്മക (Negative) ചിന്തകളും, നാശാത്മക കർമങ്ങളും, ശിഥിലാത്മക ലക്ഷ്യങ്ങളും തമോ ഗുണത്തിന്റെ പ്രത്യേകതകളാണ്. അസൂയ, മാത്സര്യം, വെറുപ്പ്‌, അസഹിഷ്ണുത എന്നിവയൊക്കെ തമോ ഗുണങ്ങൾ ആണ്.

  ഗുണ പ്രധാനം 

  വ്യവസ്ഥാ വിന്യാസം (Systemic Distribution) അനുസരിച്ച് എല്ലാ വ്യവസ്ഥകളും, കുറെ ഉപ വ്യവസ്ഥകൾ ഒത്തു ചേർന്നവയാണ്‌. അതെ സമയം തന്നെ ആ വ്യവസ്ഥ വലിയ ഒരു വ്യവസ്ഥയുടെ ഒരു ഉപവ്യവസ്ഥ ആയിരിക്കുകയും ചെയ്യും.  ഉദാഹരണത്തിന് നമ്മിലെ ഒരു അവയവത്തെ ഒരു വ്യവസ്ഥ ആയി  എടുത്താൽ അത് കലകൾ എന്ന കുറെയേറെ വ്യവസ്ഥകളുടെ കൂട്ടമായിരിക്കുകയും അതെ സമയം തന്നെ ശരീരം എന്ന ഒരു വലിയ വ്യവസ്ഥയുടെ ഭാഗമായിരിക്കുകയും ചെയ്യുന്നു. ഒരു ജീവി നില നില്ക്കുന്ന / ജീവിക്കുന്ന കാലത്തിനുള്ളിൽ, ഒട്ടേറെ കോശങ്ങൾ സൃഷ്ട്ടിക്കപെടുകയും നിലനിൽക്കുകയും, പിന്നീട് തീർന്നു പോകുകയും ചെയ്യുന്നുണ്ട്.. അതായത്, ജീവിയുടെ ജീവിതത്തിന്റെ കാലിക ഗുണം ഏതു (രജോ / സത്വ / തമോ ഗുണങ്ങളിൽ ഏതും) ആയിരിക്കുമ്പോഴും , അതിനകത്തെ കോശങ്ങൾ ഈ മൂന്നു ഗുണങ്ങളിലൂടെയും കടന്നു പോയി മറയുന്നുണ്ട്‌. അങ്ങിനെ ഒരു സത്തയിൽ എല്ലാ വിധ ഗുണങ്ങളും, ഒരേ സമയം തന്നെ പ്രത്യക്ഷമായിരിക്കും. അങ്ങിനെ ഒരു വ്യവസ്ഥയിൽ ഒരു കാലത്ത് ഏതു ഗുണം അധികമായിരിക്കുമോ, ആ ഗുണമാകും ആ സത്ത അക്കാലത്ത് പ്രദർശിപ്പിക്കുക. അവയെ അതതു ഗുണ പ്രധാനം എന്ന് പറയും….

  കോശമോ, മനുഷ്യനോ, കുടുംബമോ, രാഷ്ട്രമോ ആകട്ടെ, എല്ലാം ഓരോ വ്യവസ്ഥകൾ ആണ്. എല്ലാ വ്യവസ്ഥകളും അതതു സമയത്ത് അതിന്റെ ആധിക്യമുള്ള ഗുണങ്ങൾ പ്രദർശിപ്പിക്കും. മൃത വസ്തുക്കൾ സ്ഥിര കാലവും ജൈവ വസ്തുക്കൾ  താത്കാലികവും ആയി ആണ് ഗുണങ്ങളെ പ്രദർശിപ്പിക്കുക. ഭക്ഷണങ്ങൾക്കും, വസ്തുക്കൾക്കും, സ്ഥലങ്ങൾക്കും വ്യക്തികൾക്കും, വികാരങ്ങൾക്കും വരെ ഗുണങ്ങൾ ഉള്ളതായി കാണാവുന്നതാണ്… നമ്മുടെ പ്രധാന ഗുണം എന്ത് തന്നെ ആണെങ്കിലും നാം നമ്മിലേക്ക്‌ സ്വീകരിക്കുന്ന ഭക്ഷണത്തിന്റെയോ, ബന്ധങ്ങളുടെയോ, സാഹചര്യങ്ങളുടെയോ ഗുണങ്ങൾ പതിയെ നമ്മെ സ്വാധീനിക്കുകയും, അത് നാം തന്നെയായി തീരുകയും ചെയ്യും.  അതിനാൽ എന്ത് ഗുണത്തെ നാം കാക്ഷിക്കുന്നുവോ, അതുള്ള ഇതര സത്തകളോടും  സംവിധാനങ്ങളോടും   പശ്ചാതലങ്ങളോടും ഇട പഴകുന്നത് ലക്ഷ്യ പ്രാപ്തിക്കു കാരണമാകും.

  https://www.facebook.com/notes/614469841934293

  Print Friendly

  1568total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in