• സുസ്ഥിര ജീവനത്തിനു തുടക്കിമിടാന്‍ സമയമായി – 1

  by  • August 31, 2013 • സാമൂഹികം • 0 Comments

  ഇരുപത്തി അഞ്ചോളം വര്‍ഷമായി സുസ്ഥിര സ്വാശ്രയ മാതൃകാ ജീവന ഗ്രാമ പദ്ധതി തലയില്‍ കയറിയിട്ട്. ഇരുപതോളം വര്‍ഷങ്ങളായി സ്വാശ്രയ ജീവന ശൈലിയെപറ്റിയും അതിന്റെ അടിസ്ഥാന പാരിസ്ഥിതിക തത്വങ്ങളെ പറ്റിയും പൊതു വേദിയില്‍ പറയുന്നു. കൂട്ട് ജീവിതവും, പ്രാദേശിക സ്വാശ്രയത്വവും, സുസ്ഥിര ജീവിതവും ഒക്കെ പഠിക്കയും പരിശീലിക്കയും ചെയ്തു പോരുന്നു. ഒറ്റയ്ക്കൊരു രക്ഷ അല്ല വേണ്ടതെന്ന തിരിച്ചറിവില്‍, കൂടെയുണ്ടാകേണ്ടവരെ കണ്ടെത്താനുള്ള യാത്രയിലായിരുന്നു. ഒരു പാട് പേരോട് ഇതൊക്കെ പറഞ്ഞു. പലരും ജീവന ശൈലിയില്‍ മാറ്റം വരുത്തി വരുന്നു.. നന്മ..

  എന്നിട്ടും ഇതൊട്ടും മനസ്സിലാകാത്തത് പ്രബുദ്ധ മലയാളിക്ക് തന്നെ. എന്നാല്‍ ഇന്ന് സുസ്ഥിരതയെ പറ്റി മലയാളി ചിന്തിച്ചു തുടങ്ങുന്നു. മുല്ലപ്പെരിയാര്‍ പ്രശ്നം ഒതുങ്ങിയാല്‍, വീണ്ടും മലയാളിയിത് മറക്കും. വീണ്ടും ഭിക്ഷാ പാത്രവും ഏന്തി തമിഴ് നാട്ടിലേക്ക് കണ്ണും അയച്ചു നില്‍ക്കും..

  ഇന്ന് നമുക്ക് മുകളിലുള്ള ഭീഷണി, നമുക്ക് സ്വയം അറിയാനൊരു വഴിയാണ്. തന്റെ ചുറ്റുമുള്ള ലോകം സുരക്ഷിതമല്ലെന്ന സത്യം തിരിച്ചറിയാനൊരു വഴി. നാം കൈവശം വയ്ക്കുന്ന, വലുതെന്നു തോന്നിക്കുന്ന സങ്കേതങ്ങള്‍, വലിയ അപകടങ്ങള്‍ ആണെന്ന തിരിച്ചറിവിനൊരു വഴി. വലിയ സുരക്ഷയ്ക്ക്, ചെറുതും, പ്രാദേശികവും ആയ ജീവന സങ്കേതങ്ങള്‍ ആണ് ഉപയോഗിക്കേണ്ടതെന്ന തിരിച്ചറിവാണ് ഇന്ന് നമുക്ക് വേണ്ടത്.

  കുത്തിയൊലിച്ചു വരുന്ന വെള്ളപ്പാച്ചിലില്‍, നമ്മുടെതെന്ന് കരുതിയിരുന്ന സര്‍വവും, ചേതനയറ്റ് ചിന്നി ചിതറി പോകുന്ന കാഴ്ച ഇപ്പോള്‍ കുറച്ചു മലയാളികളെങ്കിലും സങ്കല്പിച്ചു നോക്കിക്കാണും. എല്ലാം കഴിഞ്ഞിട്ട് ഒരു പരിഹാരം തേടിയിട്ടു എന്ത് ഫലം? മുന്‍പേ നാം ഒരുങ്ങണം. സുനാമിയായും, ഭൂകംബമായും, കൊടുങ്കാറ്റായും, അഗ്നിമഴയായും, തീപിടുത്തങ്ങളായും, പൊട്ടിത്തെറികളായും, വിദ്യുത് ആഘാതങ്ങളായും, ക്ഷാമമായും, സാമൂഹ്യ കലാപമായും, പകര്‍ച്ച രോഗങ്ങളായും, മാനസ്സിക പ്രക്ഷുബ്ദ്ധതകള്‍ ആയും, കൂട്ട അപകടങ്ങളായും ഒക്കെ വന്നണയാന്‍ പോകുന്ന പ്രകൃതിയുടെ സ്വയം നിര്‍ദ്ധാരണ സംവിധാനം, വഴിതിരിയാന്‍ തയ്യാറല്ലാത്ത മനുഷ്യനുള്ള മറുപടി ആയിരിക്കും.

  പകരം, ലളിത സാധാരണമായ, ഒരു പ്രാദേശിക സുസ്ഥിര ജീവനം, നാം വിഭാവനം ചെയ്തെ പറ്റൂ.. അതിനു ഒളിമ്പസ് പരിസ്ഥിതി തത്വ ശാസ്ത്ര ദര്‍ശനത്തെ ആധാരമാക്കി ഒരു മാതൃകാ സുസ്ഥിര സ്വാശ്രയ ഗ്രാമവും, രാജ്യമെങ്ങുമായി അതിനെ ഉപജീവിക്കുന്ന, സ്വാശ്രയ സുസ്ഥിര ഗ്രാമ കൂട്ടായ്മകളും, വ്യക്തി ജീവിത ശൈലികളും സ്ഥാപിച്ചെടുക്കാന്‍ ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍ ഇന്ത്യ സമഗ്ര പരിസ്ഥിതി ഗവേഷണ കേന്ദ്രം ശ്രമിക്കയാണ്.. ഇതിനൊക്കെ എനിക്കെന്തു ചെയ്യാന്‍ കഴിയും എന്ന് അന്തിച്ചിരിക്കാതെ തുടക്കമിടുക. ചിന്തയില്‍, വ്യക്തി ജീവിതത്തില്‍, കുടുംബത്തില്‍, കൂട്ടായ്മയില്‍, സമൂഹത്തില്‍, രാഷ്ട്രത്തില്‍ ഒക്കെ… അങ്ങിനെ പ്രായോഗിക മാറ്റങ്ങള്‍ക്കു തയ്യാറുള്ളവരെ തേടിയാണീ കുറിപ്പ്.

  ഇതൊന്നും പ്രയോഗികമല്ലെന്നോ, ഇതൊന്നും വേണ്ടതല്ലെന്നോ കരുതുന്നവര്‍ ദയവായി മാറി നില്‍ക്കുക..തയ്യാറുള്ളവര്‍ ദയവായി പ്രതികരിക്കുക..

  https://www.facebook.com/photo.php?fbid=270078043040143

  Print Friendly

  1001total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in