• പ്രളയം കഴിയുമ്പോള്‍ ഇനി നാം ചെയ്യേണ്ടത്.

  by  • August 19, 2019 • അംഗത്വം, ക്രമപ്പെടുത്താത്തവ • 0 Comments

  ഇനി പ്രളയം വന്നാല്‍ മാനേജു ചെയ്യുവാന്‍ വേണ്ടുന്നതൊക്കെ നാം ചെയ്തു വച്ചിട്ടുണ്ട്. കുറവുള്ളത് നാം ചെയ്തു കൊണ്ടിരിക്കുന്നുണ്ട്‌.  ഭരണകൂടവും രാഷ്ട്രീയ സംവിധാനങ്ങളും അവരവരുടെ രീതിയില്‍ ഉള്ള പരിഹാരങ്ങള്‍ ചെയ്യാതിരിക്കില്ല. അതൊക്കെ വഴിയെ നടന്നു വരുവാന്‍ കാലങ്ങള്‍ എടുക്കും. എടുത്തോട്ടെ.. പക്ഷെ..

  പ്രളയവും ദുരിതവും രോഗ ലക്ഷണങ്ങള്‍ മാത്രമാണ്. 

  ജലപ്രളയവും ഉരുള്‍ പൊട്ടലും മാത്രമല്ല, നമ്മെ ജീവിതത്തില്‍ അലട്ടുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ വേറെയും ഉണ്ട്. ചിലത് പൊടുന്നനെ വന്നു ചേര്‍ന്ന് നമ്മെ തളര്‍ത്തുന്നു. ചിലത് നാം പോലും അറിയാതെ നമ്മില്‍ പിടിമുറുക്കുന്നു.   ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, ഗൃഹനിര്‍മാണം, തൊഴില്‍, സമ്പദ് വ്യവസ്ഥ, സാമൂഹ്യസുരക്ഷ, ജീവിതസ്വാന്തന്ത്ര്യം  തുടങ്ങി ജീവിതവുമായി ബന്ധപ്പെടുന്ന ഏറെക്കുറെ എല്ലാ മേഖലകളിലും ഈ രോഗ ലക്ഷണങ്ങള്‍ കാണുവാന്‍ കഴിയും.  ഇവയെല്ലാം നമ്മുടെ സുസ്ഥിരതയെ ബാധിക്കുന്നവയാണ്.

  ഭൌതികമായോ മാനസികമായോ ആത്മീയമായോ സാമൂഹികമായോ സാമ്പത്തികമായോ ജ്ഞാനീയമായോ ഉള്ള ഈ പ്രതിസന്ധികളെയെല്ലാം രോഗ ലക്ഷണങ്ങള്‍ ആയി കണക്കാക്കാം.രോഗം എന്നത് ഇതൊന്നും അല്ലാതെയുള്ള മറ്റു എന്തൊക്കെയോ ആണ്. അതില്‍ പൊതു മാദ്ധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യാവുന്നവയും അല്ലാത്തവയും ആയ കാര്യങ്ങള്‍ ഉണ്ട്. *അവയില്‍ മുഖ്യം ഉപഭോഗ സംസ്കാരം തന്നെ.* അതില്‍ തുടങ്ങി നമ്മുടെ വ്യക്തിപരതയും  കാര്‍ബണ്‍ അധിഷ്ഠിത സമ്പദ് വ്യവസ്ഥതയും കൂട്ടം പിരിഞ്ഞുള്ള സാമൂഹ്യവ്യവസ്ഥയും   യാന്ത്രികമായി മാറിയ ജീവിത വ്യാപാരങ്ങളും  ലാഭത്തില്‍ അധിഷ്ഠിതമായ ജീവിത കാഴ്ചപ്പാടും ഒക്കെ കാരണങ്ങള്‍ ആണ്.

  എന്നാല്‍ രോഗ കാരണങ്ങള്‍ അന്വേഷിക്കുമ്പോള്‍ അത് നമ്മുടെ അറിവിലും വിശ്വാസത്തിലും സംസ്കാരത്തിലും ശീലത്തിലും നിറഞ്ഞു നില്‍ക്കുന്ന ഒരു മായം അഥവാ സ്വാഭാവികതയില്‍ നിന്നുമുള്ള വഴിതിരിവ്  ആണ്. ഇത് ഈ സമൂഹത്തെ രൂപീകരിക്കുന്ന നാം ഓരോ വ്യക്തികളുടെയും അകത്തു നിന്നും പൊളിച്ചെഴുതാതെ ഇതു വിധ സുരക്ഷയും നമുക്ക് സാദ്ധ്യമല്ല.

  നമുക്ക്, വ്യക്തികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും എന്ത് ചെയ്യുവാനാകും എന്ന് നാം പരിശോധിക്കണം. നമ്മുടെ ചുറ്റുമുള്ള പ്രകൃതി മാത്രമല്ല, ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികവും മന:ശാസ്ത്രപരവും  ആത്മീയവും ആയ പരിസ്ഥിതികളെ മുഴുവനും ഒന്നിലധികം മാനങ്ങളില്‍ പരിശോധിക്കുകയും യഥാര്‍ത്ഥ പ്രതിസന്ധികളെയും കാരണങ്ങളെയും  മനസ്സിലാക്കുകയും സമൂലമായ പരിഹാരങ്ങള്‍ കണ്ടെത്തുകയും വേണം.  അത് *വെറുതെ ചര്‍ച്ച ചെയ്‌താല്‍ പോരാ അവ കൂട്ടായി നടപ്പിലാക്കുകയും വേണം.* വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും ഗ്രാമ ജീവിതത്തിലും നഗര ജീവിതത്തിലും വരെ നാം ഒരു സമൂലമായ അഴിച്ചു പണി നടത്തുകയും അതിനു പ്രാദേശികമായ രൂപ ഭാവങ്ങള്‍ നടപ്പില്‍ വരുത്തുകയും വേണം. *എങ്കില്‍  മാത്രമേ ഇനി അതിജീവനം സാദ്ധ്യമാകുകയുള്ളൂ.*

  വരും തലമുറ വളര്‍ന്നു വരുമ്പോള്‍  അവരില്‍ ഓരോരുത്തരും ഒറ്റയ്ക്കൊറ്റയ്ക്കു ആകരുത് എന്ന് നാം തീരുമാനിക്കണം. അതിനായി നമുക്ക് ചുറ്റും സുസ്ഥിര ജീവന സമൂഹങ്ങള്‍ ഉണ്ടാകണം. അതിനു *സാധാരണക്കാര്‍ മുതല്‍ ഭരണാധികാരികളെ വരെ സമഗ്രമായ തികഞ്ഞ ബോദ്ധ്യവും മൂല്യങ്ങളും ഉത്തരവാദിത്തവും ഉള്ളവരാക്കുവാന്‍ പാകത്തിലുള്ള ഒരു പൊതു വിദ്യാഭ്യാസ പരിപാടി ഉണ്ടാകണം.* അതിനു സമഗ്ര – ശാസ്ത്രീയമായും ആത്മീയമായും മന:ശാസ്ത്രപരമായും പ്രായോഗികമായും ഉള്ള  ബോദ്ധ്യം നല്‍കുവാന്‍ കെല്‍പ്പുണ്ടാകണം. ഇവയൊന്നും കൂടാതെ  ജീവിത പരിവര്‍ത്തനം കൊണ്ട് ഇതെല്ലാം സാദ്ധ്യമാണെന്ന് കാണിക്കുവാന്‍ പാകത്തില്‍ ഒരു സമ്പൂര്‍ണ മാതൃകയെങ്കിലും ഉണ്ടാകണം.

   

  ഇതൊക്കെ ഒരു വ്യക്തിക്കോ ചെറിയ ഒരു കൂട്ടത്തിനോ ചെയ്യാവുന്നതല്ല. അതിനാല്‍ ഇതൊക്കെ നടപ്പിലാക്കുവാന്‍ സന്മനസ്സും സന്നദ്ധതയും ഉള്ള സാമൂഹ്യ സംഘടനകളെയും ഞങ്ങള്‍ തേടുകയാണ്. *മാറി തുടങ്ങേണ്ടതും മാറ്റി തുടങ്ങേണ്ടതും മറ്റാരെയുമല്ല നമ്മെ തന്നെയാണ്‌* എന്ന് ബോദ്ധ്യമുള്ള, മുന്‍വിധിയില്ലാതെ കാര്യങ്ങളെ സമീപിക്കാന്‍ തയ്യാറുള്ള വ്യക്തികളെയും കുടുംബങ്ങളെയും സംഘടനകളെയും ആണ് നമുക്ക് വേണ്ടത്. സമ്പദ്നിലയും മതപരതയും രാഷ്ട്രീയപരതയും വര്‍ഗപരതയും സ്റ്റാറ്റസ്സും തടസ്സമാകുന്നവരല്ല, പകരം തുറന്ന സമീപനമുള്ളവരെയാണ് നമുക്ക് വേണ്ടത്.

   

  ഈ പഠനങ്ങള്‍ക്കും ആസൂത്രണങ്ങള്‍ക്കും നിര്‍വഹണങ്ങള്‍ക്കും ആയി *അധികം വൈകാതെ നമ്മള്‍ ഒന്ന് ഒത്തു കൂടുവാന്‍ ശ്രമിക്കുകയാണ്.* താങ്കളോ കുടുംബമോ സംഘടനയോ സ്ഥാപനമോ അയല്‍ക്കൂട്ടമോ  കൈകൊര്‍ക്കുവാന്‍ തയ്യാറുണ്ടെങ്കില്‍ ആദ്യം വിളിക്കുക, പിന്നീട് നേരില്‍ വരിക. ഒത്തു പോകുവാനുള്ള സാദ്ധ്യതകള്‍ കണ്ടെത്തി കൈ കോര്‍ത്തു നമുക്ക് മുന്‍പോട്ടു പോകാം.. വിളിക്കുമല്ലോ?

   

  സ്നേഹത്തോടെ

  *സന്തോഷ്‌ ഒളിമ്പസ്*

  *ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജ്,*
  പാടൂര്‍, പാലക്കാട്,

   

  വിളിക്കാവുന്ന നമ്പരുകള്‍ :

   

  *വാല്‍ക്കഷണം.*

  പരിചയപ്പെടാനായി‍…

  • *ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍ സെന്റര്‍ ഫോര്‍ ഡീപ് ഇക്കോളജി* എന്ന അനൌപചാരിക ഗവേഷണ പ്രചാരണ സ്ഥാപനത്തിന്‍റെ സ്ഥാപക ഡയറക്റ്റര്‍ ആണ് ലേഖകന്‍.
  • ഈ ലേഖകന്‍ പ്രതിനിധീകരിക്കുന്ന *നവഗോത്ര സുസ്ഥിര ജീവന സമൂഹം* എന്ന ഏഷ്യയിലെ ആദ്യത്തെ *ഡീപ് ഇക്കോളജിക്കല്‍ മൂവ്മെന്റ്* ഇപ്പറഞ്ഞ മിനിമം പരിപാടിക്കായുള്ള ഒരുക്കങ്ങള്‍ നടത്തി വരികയാണ്.
  • *ഡീപ് ഇക്കോളജിക്കല്‍ ഫെലോഷിപ്പ്* എന്നത് പരിശീലകരെ പരിശീലിപ്പിക്കുവാനായുള്ള പദ്ധതിയാണ്.  ഇതിനായി കേരളത്തിലെ എല്ലാ ജില്ലകളിലും ഓരോ തവണ ഇക്കോ സ്പിരിച്വല്‍ സഹവാസങ്ങള്‍ നാം നടത്തിക്കഴിഞ്ഞു.
  • കഴിഞ്ഞ മൂന്നു ദശകങ്ങള്‍ ആയി വിദ്യാര്‍ത്ഥികള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും വേണ്ടി നടത്തി വന്നിരുന്ന *ഡീപ് ഇക്കോളജിക്കല്‍ ലിറ്ററസി (Eco Literacy)* എന്ന സാമൂഹ്യ പ്രബോധന വിദ്യാഭ്യാസ പദ്ധതി, ഇനി സമസ്ത മേഖലകളിലേയും ആളുകളെ ലക്ഷ്യമിടേണ്ടതുണ്ട് എന്ന് നാം ആശിക്കുന്നു.
  • ഇത് വഴി പഠിച്ചും പരിശീലിച്ചും വരുന്ന വ്യക്തികളെയും കുടുംബങ്ങളെയും നിരന്തരമായി ഏകോപിപ്പിക്കാനായി *ജില്ലാ തല പ്രതിമാസ സത്സംഗ പരിപാടി* കളും നാം സംഘടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.
  • ഇതിലൂടെയെല്ലാം മനസ്സിലാക്കുന്ന സുസ്ഥിരമായ ജീവനം ഒരു സമ്പൂര്‍ണ സ്വാശ്രയ വ്യവസ്ഥയായി നടപ്പിലാക്കുവാന്‍ സാധിക്കും എന്ന് പൊതു ലോകത്തിനു കാണിച്ചു കൊടുക്കുവാന്‍ പാലക്കാട് പാടൂര്‍ പുഴയോരത്ത് കേരളത്തിലെ ആദ്യ മാതൃകാ ഇക്കോ വില്ലേജും ഗ്രാമീണ സര്‍വകലാശാലയും കന്യാ വനവും ജന്തു വനവും സുസ്ഥിര കൃഷി വനവും ചേര്‍ന്നുള്ള *ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജ്* സ്ഥാപിക്കുവാന്‍ ഒരുങ്ങുകയാണ് നാം. കേരളത്തിലെ വ്യക്തി കുടുംബ സന്നദ്ധ പ്രവര്‍ത്ത‍കര്‍ക്കുള്ള ഒരു റിസോഴ്സ് സെന്റര്‍ ആയിട്ടാണ് നാം ഈ ഗ്രാമത്തെ തുടക്കത്ത്തില്‍ വിഭാവനം ചെയ്യുന്നത്.
  • ഇതൊക്കെ നടപ്പിലാക്കുവാനുള്ള ആള്‍ബലവും വിഭവബലവും കുറവായതിനാല്‍ അവ കണ്ടെത്തുവാനായി പ്രകൃതി നിയമങ്ങള്‍ ഉപയോഗിച്ച് ജീവിത ഔന്നത്യം എങ്ങനെ നേടാം എന്ന് പരിശീലിപ്പിക്കുന്ന ക്യൂലൈഫ് പ്രാക്സസ് എന്ന മാനെജ്മെന്റ് പരിശീലന പരിപാടികളും ഇടയ്ക്കിടെ നാം ജില്ലകള്‍ തോറും നടത്തി വരുന്നു.
  • ഈ വിഷയങ്ങള്‍ കേട്ടറിഞ്ഞു വരുന്നവര്‍ക്കു ഈ മുന്നേറ്റത്തിലേക്ക് കടന്നു വരുവാനായി എല്ലാ മാസവും ഇക്കോ വില്ലേജിനായി കണ്ടെത്തിയ സ്ഥലത്ത് വച്ച് ഒരു  പ്രതിമാസ ഏകദിന പരസ്പരാനന്ദ സത്സംഗം നടത്തി വരുന്നുണ്ട്. അടുത്ത പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് നിങ്ങള്‍ക്കും ഞങ്ങളില്‍ ഒരാള്‍ ആകാം.

  ഇത് കാലത്തിന്റെ ആവശ്യമെന്ന് തോന്നുന്നുവെങ്കില്‍ *ദയവായി പരമാവധി വ്യക്തികള്‍ക്കും ഗ്രൂപുകള്‍ക്കും ഷെയര്‍ ചെയ്യുക.*

  Print Friendly

  1306total visits,7visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in