ആയുധങ്ങളെ പരസ്യപ്പെടുത്തുമ്പോള്‍
by Santhosh Olympuss • May 29, 2019 • പൊതുവായത് • 0 Comments
നല്ലൊരു നാടന്‍ അമ്പെയ്ത്തുകാരനാണ് ഈയുള്ളവന്. ചെറുപ്പത്തില്‍ അച്ഛനാണ് അമ്പെയ്ത്തും നീന്തലും ഒക്കെ പഠിപ്പിച്ചത്. പിന്നീട് നാടകത്തിലും കളികളിലും ഒക്കെയായി അതങ്ങ് ശീലിച്ചു ശീലിച്ചു ഒരു വിധം നന്നായി അമ്പെയ്യാന്‍ തുടങ്ങി. സ്വയം മുളയും കമുകും ഉപയോഗിച്ച് അമ്പും വില്ലുമൊക്കെ ഉണ്ടാക്കിയപ്പോള്‍ അടുത്ത പ്രശനം എങ്ങോട്ട് എയ്യും എന്നതായി.. ചുറ്റും ചെടികളാണ്. ആരെയും നോവിക്കാന്‍ വയ്യാ.. നന്നായി വഴങ്ങിയ ഒരു കല ആണെങ്കിലും അറിയാതെ പോലും ഒരു ഇലയോ എറുമ്പോ കേടുവരരുത് എന്നത് കൊണ്ട് ആ ഒരു കലയെ ഓര്‍മയില്‍ മാത്രമാക്കി.
അടുത്തകാലത്ത് അമ്പെയ്ത്തില്‍ പാലക്കാട് വിക്റ്റോറിയയില്‍ പരിശീലനം നടക്കുന്നു എന്ന് കേട്ടപ്പോള്‍ മക്കളെ വിട്ടു. അവിടെ ഞങ്ങള്‍ പണ്ട് മുളയും കമുകും ഒക്കെ വളച്ചുണ്ടാക്കിയതു പോലെയുള്ള പഴഞ്ചന്‍ സംവിധാനമല്ല, വില്ലും അമ്പും പരിശീലനവും ഒക്കെ ഏഷ്യാഡ് മോഡല്‍… അപ്പോള്‍ തന്നെ തീരുമാനിച്ചു പഠനം കഴിയുമ്പോഴേക്കും അവര്‍ക്ക് ഓരോ സെറ്റ് വില്ലും അമ്പും ആമസോണില്‍ ഓര്‍ഡര്‍ ചെയ്യണം എന്ന്. വീണ്ടും പഴയ ചിന്ത തന്നെ തല പൊക്കി. ആര്‍ക്കും കൊള്ളരുത്. ഇക്കോവില്ലേജിന്റെ സ്ഥലത്ത് അമ്പെയ്താല്‍ മനുഷ്യ അപായം ഉണ്ടാകില്ല. എന്നാല്‍ ജീവികളെയും സസ്യങ്ങളെയും ബാധിക്കും. അങ്ങനെ അമ്പും വില്ലും ഓര്‍ഡര്‍ ചെയ്യുവാനുള്ള ആ ചിന്ത വീണ്ടും ഉപേക്ഷിച്ചു.
ആരെയും ദ്രോഹിക്കരുത് എന്ന് കരുതിയാണ് അമ്പെയ്തിനു അവസരം ഉണ്ടാക്കാത്തത്. അമ്പെയ്ത്ത് അത്ര ജനകീയ സംഭവമല്ല എന്നത് കൊണ്ട് പ്ലാസ്റ്റിക് അമ്പും വില്ലും മക്കള്‍ ആവശ്യപ്പെടുമ്പോള്‍ വലുതായി നിഷേധിക്കാറില്ല. ഒരു ആയുധമായി അവര്‍ അതിനെ കണ്ടിരുന്നില്ല. ബാഹുബലി വന്നപ്പോഴാണ് അതും ആയുധമാണെന്ന് അവര്‍ മനസ്സിലാക്കിയത്. എന്തായാലും അവര്‍ പഠിച്ച ഒരു കല എന്ന രീതിയില്‍ അത് മനസ്സില്‍ നില്‍ക്കുമായിരിക്കും.
അത് പോലെ തന്നെ യാതൊരു വിധ കളിത്തോക്കുകളും അവര്‍ക്ക് വാങ്ങി കൊടുക്കാറില്ല. (നാമറിയാതെ അവര്‍ രണ്ടു മൂന്നു തവണ കളിത്തോക്കുകള്‍ സമ്മാനമായി നേടിയിട്ടുണ്ടെങ്കിലും.) ആരെയും ദ്രോഹിക്കുന്ന ചിന്ത ഭാവനയില്‍ പോലും അവര്‍ക്കുള്ളില്‍ ഉണ്ടാകരുത് എന്ന് നിര്‍ബന്ധമുണ്ട്. നാമെത്ര ശ്രദ്ധിച്ചാലും സിനിമകളും സോഷ്യല്‍ മീഡിയയും വഴി എല്ലാ കാലികമായ കലിചിന്തകളും നാമറിയാതെ അവരില്‍ കയറുന്നുമുണ്ട്. എന്തായാലും രക്ഷിതാക്കള്‍ക്കുള്ള ക്ലാസ്സുകളിലും മറ്റുമൊക്കെ ഈ വിഷയം സാരമായി പറയാറുമുണ്ട്.
വിഷയം അതല്ല.
ഇന്ന് ഒരു വീഡിയോ കണ്ടു. അത് ഒരു എയര്‍ ഗണ്ണിനെ കേന്ദ്രമാക്കിയ ഒരു ഷോര്‍ട്ട് ഫിലിമായിരുന്നു. ഒരു പെണ്‍കുട്ടി കയ്യിലുള്ള ഗണ്ണുമായിപല പ്രതിസന്ധികള്‍ കടന്നു വീട്ടിലെത്തുന്ന തീമാണ് പ്രതിപാദ്യം. തുച്ഛമായ വിലയെ ഉള്ളൂ എന്ന് പല തവണ ഹ്രസ്വചിത്രത്തില്‍ സൂചിപ്പിക്കയും ചെയ്യുന്നുണ്ടത്രേ. അവസാനം അതൊരു പരസ്യം തന്നെയായി മാറുന്നുമുണ്ട്. നിയമപരമായി ഒരു പക്ഷെ എയര്‍ഗണ്‍ അനുവദനീയമായിരിക്കാം. പക്ഷെ ഒരു പരസ്യമായി അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് അപകടമാണ്. പക്വതയില്ലാത്ത ഒരുപാട് പേരെ ഈ ആയുധം ആകര്‍ഷിക്കും. പല യോഗ്യമല്ലാത്ത കൈകളിലേക്കും അതെത്തിപറ്റും.
ആയുധം വാങ്ങി സൂക്ഷിക്കാനുള്ള മാനസികാവസ്ഥ ഉണ്ടാകുന്നത് സാമൂഹിക അരക്ഷിതാവസ്ഥയെ കുറിച്ചുള്ള ഭാവനയില്‍ നിന്നുമാണ്. ആ ഭാവന കൊണ്ട് നടക്കുന്നവര്‍ക്ക് മുന്നില്‍ അത് ഒരു യാഥാര്‍ത്ഥ്യമായി പീലി വിടര്‍ത്തി ആടുകയാണ് ഉണ്ടാകുക.. ഇത്തരം ചിത്രങ്ങള്‍ അത്തരമൊരു സാഹചര്യം ഒരുക്കുകയാണ് ചെയ്യുന്നത്. മെയിന്‍ സ്ട്രീം മീഡിയയില്‍ ഇത്തരം പ്രതിപാദനങ്ങള്‍ വരുന്നത് അത്തരം ഉല്പന്നങ്ങളുടെ ഉല്പാദകരാല് തന്നെയാണ് എന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍ ഇത്തരം ഷോര്‍ട്ട് ഫിലീമുകള്‍ സൃഷ്ടിക്കുന്ന സര്‍ഗധനരായ ചെറുപ്പക്കാര്‍ക്ക് അതറിയില്ല എന്നാണ് മനസ്സിലാകുന്നത്.. അവര്‍ അതിന്റെ ത്രെഡ്ഡിന്റെ ഒരു മാര്‍ക്കറ്റിംഗ് സാധ്യത മാത്രമേ കാണുന്നുണ്ടാകുകയുള്ളൂ.. അത് കൊണ്ട് നമുക്ക് ഇത് സൃഷിച്ച കലാകാരന്മാരിലെ സര്‍ഗശേഷിയെ അംഗീകരിക്കുകയും അബദ്ധംകാണുവാനുള്ള പക്വതയില്ലായ്മയെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യാം.
ഇനി ഞാന്‍ ഈ പറഞ്ഞതിന്റെ നിചസ്ഥിതി അന്വേഷിക്കാന്‍ ആ വീഡിയോ തപ്പിപ്പോകരുത്. അത് കാണാന്‍ നില്‍ക്കെണ്ടാ.. അഥവാ ആരെങ്കിലും അയച്ചു തന്നു കണ്ടാല്‍ അപ്പോള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തു ഡിലീട്ടു ചെയ്യുക. സൂചനയ്ക്കായി പോലും ആര്‍ക്കും അയച്ചു കൊടുക്കാതിരിക്കുക.
ഗുണപാഠം ഇതാണ്. പ്രതിസന്ധികള്‍ക്ക് പരിഹാരം തോക്കല്ല, ആന്തരികവും ബാഹികവുമായി ശാന്തമായ പരിസ്ഥിതിയാണ്. അത് മാത്രമാണ്.
നമുക്ക് ചെയ്യാനുന്നത് മക്കള്‍ക്ക് ആയുധം വാങ്ങി നല്കലല്ല, മക്കളെ ലോകം ബന്ധുക്കളുടെതാണ് എന്ന് പഠിപ്പിക്കലാണ്, ലോകം നന്മയുടെയും സ്നേഹത്തിന്റെയും ആണെന്ന് പഠിപ്പിക്കലാണ്; അല്പം കഠിന സാഹചര്യങ്ങള്‍ മുന്നില്‍ വന്നാല്‍ അവിടെ നിന്നും നയതന്ത്ര പരമായി ധൈര്യപൂര്‍വം പുറത്തു കടക്കാന്‍ പഠിപ്പിക്കലാണ്; ആരെയും മിത്രമാക്കുവാന്‍ പരിശീലിപ്പിക്കലാണ്.
ആ അറിവും അനുഭവവും മൂല്യവും ആണ് അവര്‍ക്ക് കൂട്ട് ആകേണ്ടത്. അതുണ്ടാകുവാന്‍ നിലകൊള്ളുക. അനുചിതമായത് സമൂഹത്തിന്റെ മനോചിത്രമാക്കാതിരിക്കുക.
1290total visits,1visits today