• ഒളിമ്പസ്സിനെ അറിയുന്നത് എന്തിനു വേണ്ടി ആണ്?

  by  • June 18, 2016 • ക്രമപ്പെടുത്താത്തവ • 0 Comments

  ഒരു സഹൃദയ എന്നോട് ചോദിച്ചു, ഒളിമ്പസ്സിനെ അറിയുന്നത് എന്തിനു വേണ്ടിയാണ്, സാധാരണ മനുഷ്യ ജീവിതത്തില്‍ ഒളിമ്പസ്സ് കൊണ്ട് പ്രയോജനം എന്താണ് എന്നൊക്കെ. പ്രസക്തമായ ഒരു ചോദ്യം ആയതു കൊണ്ട് ഉത്തരം പൊതുവായി പറയാം എന്ന് കരുതുന്നു.

  പ്രയോജനങ്ങള്‍ തേടുന്നത് മനുഷ്യ പ്രകൃതിയാണ്. എന്നാല്‍ പ്രയോജനം എന്ന ഒരര്‍ത്ഥത്തില്‍ ഒന്നിനെ കാണുന്നതിനു പകരം നാം അതിലേക്ക് ആവര്‍ത്തിച്ചു എത്തിപ്പെടുന്നുണ്ടെങ്കില്‍ അതിനു നമ്മോടു എന്തോ പറയാനുണ്ടെന്ന് അറിയുകയാണ് ഉത്തമം. ഒളിമ്പസ് എന്നത് കാലത്തിന്റെ ആവശ്യമാണെന്ന് ഞങ്ങള്‍ കരുതുന്നു. ഈ (ഒളിമ്പസ് എന്ന) പേരില്‍ ഈ സങ്കേതങ്ങള്‍ (ഒളിമ്പസ്സിന്റെ പാഠങ്ങള്‍) ഉണ്ടായാലും ഇല്ലെങ്കിലും പ്രകൃതി വിന്യാസം എന്തെന്നും എങ്ങിനെയെന്നും ബോദ്ധ്യപ്പെടുത്തുവാനുള്ള ഇത്തരം ജീവിത ജ്ഞാന സങ്കേതങ്ങള്‍ കാലികമായി ലോകത്ത് ഉണ്ടായിക്കോണ്ടേ ഇരിക്കും. അത്തരം ബോദ്ധ്യത്തിലെത്തി ലോക ജീവിതത്തിനു അടിക്കല്ലുകള്‍ ആകാനുള്ളവര്‍ ആ വഴികളിലേക്ക് ആകര്‍ഷിക്കപ്പെട്ടുകൊണ്ടേ ഇരിക്കും. നിങ്ങള്‍ക്ക് മുന്നില്‍ ഒളിമ്പസ്സോ തതുല്യമായതോ വന്നു ചെരുന്നുണ്ടെങ്കില്‍, അത്തരം ഒരു നിയോഗം (ഒളിമ്പസ്സോ അത് പോലോന്നോ അറിയാനും പ്രയോഗിക്കാനും അതാകാനും ഉള്ള നിയോഗിക്കല്‍) നമ്മെ വിലയം ചെയ്യുന്നു എന്നാണ് അര്‍ഥം.

  ഒളിമ്പസ് എന്നത് ഒരു പ്രകൃതി തത്വ ദര്‍ശനം ആണ്. പ്രകൃതിയുടെ വിന്യാസത്തെയും അതില്‍ നമ്മുടെ സ്ഥാനത്തെയും വേഷത്തെയും ധര്‍മത്തേയും ഒളിമ്പസ് ബോദ്ധ്യപ്പെടുത്തുന്നു. അതിനാല്‍ തന്നെ ഒളിമ്പസ് എന്നത് “പ്രാകൃതീയമായ ഞാന്‍” എന്ത് എന്ന ബോദ്ധ്യപ്പെടലാണ്, അതിലേക്കുള്ള വഴിയാണ്, പ്രതി സങ്കേതമാണ്, വ്യാഖ്യാനമാണ്.

  ബോധത്തിന്റെ അനസ്യൂത പരിണാമം ആണ് പ്രപഞ്ചം എന്ന് ഒളിമ്പസ് നിരീക്ഷിക്കുന്നു. ബോധത്തിന്റെ കാലിക സ്ഥിതിയില്‍ തത്തുല്യമായ ഇച്ചയും അതില്‍ നിന്നും പ്രാപഞ്ചികമായ പ്രജ്ഞയും അതില്‍ നിന്നും പ്രാണനും പ്രാണനില്‍ നിന്നും ധര്‍മവും ധര്‍മത്തില്‍ നിന്നും കര്‍മവും കര്‍മത്തില്‍ നിന്നും പ്രതികര്‍മവും ഉണ്ടാകുന്നു എന്നും ഒളിമ്പസ് നിരീക്ഷിക്കുന്നു. അതിനാല്‍ തന്നെ പ്രാപഞ്ചികമായ ഒരു സ്ഥിതികത്വത്തില്‍ ഞാന്‍ അഥവാ അഹം എന്നതിന്റെ കേവല സ്ഥാനം മുതല്‍ അതിന്റെ വലിപ്പവും വേഷവും ധര്‍മവും ബോദ്ധ്യപ്പെടുവാന്‍ ആണ് ആദ്യമായി ഒളിമ്പസ് പ്രയോജനപ്പെടുന്നത്.

  പ്രകൃതിയിലെ എല്ലാം ബോധമെന്നിരിക്കെ, അതിലെ ഘടനകളും (ദ്രവ്യവും) പ്രതിഭാസങ്ങളും ധര്‍മവും ജ്ഞാനവും ബലങ്ങളും സ്ഥലങ്ങളും കാലവും രൂപവും ഭാവവും സംഭവങ്ങളും ബോധം തന്നെ. ഗുരു പ്രകൃതിയാണ് പ്രപഞ്ചം എങ്കില്‍ ലഘു പ്രകൃതിയാണ് ഞാന്‍ എന്നത്. ഗുരു പ്രകൃതിയുടെ തഥാംശം (Fractal) അഥവാ മുറിപ്പതിപ്പാണ് ലഘു പ്രകൃതിയായ ഞാന്‍. എന്നിലെ സൂക്ഷ്മ പ്രക്രിയകളെ നിരീക്ഷിച്ചാല്‍ പ്രപഞ്ച ധര്‍മങ്ങളെ തന്നെ കാണുവാന്‍ ആകും.

  മാനുഷികമായ തലത്തില്‍ നിന്നും നിരീക്ഷിച്ചാല്‍, നമ്മുടെ ജിവിതത്തില്‍ ഉള്ള സര്‍വവും പ്രകൃതി തന്നെ. എല്ലാം പ്രകൃതി നിയമങ്ങളെ ആധാരമാക്കി സ്ഥിതി ചെയ്യുന്നു, സംഭവിക്കുന്നു. പ്രകൃതിയുടെ ധര്‍മ ധാരയില്‍ അഥവാ പ്രവര്‍ത്തന പരമ്പരയില്‍ എല്ലാത്തിനും ഒരു ക്രമം ഉണ്ട്. ഈ ക്രമ രേഖയുമായി ചേര്‍ന്ന് പോകുന്നവയെല്ലാം സുഗമമായി അതിന്റെ ജീവിത ധര്‍മം നിര്‍വഹിക്കുകയും അല്ലാത്തവയെല്ലാം പ്രക്ഷുബ്ധമായ ജീവന പാതയിലൂടെ കടന്നു പോകുകയും ചെയ്യും. ഈ ക്രമത്തെ പറ്റിയുള്ള ഒരു സത്തയുടെ അഥവാ ജീവിയുടെ ബോദ്ധ്യമാണ് അതിന്റെ ആത്മ ബോധം എന്നത്. ഈ ക്രമവുമായി എത്ര കണ്ടു യോഗത്തിലകുന്നുവോ അത്ര കണ്ടു ആ സത്തയുടെ സുസ്ഥിതിയും ജീവനവും സുഗമാമായിരിക്കും. അങ്ങിനെ സത്തയും ബോദ്ധ്യവും ലോകവും ഒരേ ക്രമത്തില്‍ വരുന്ന ഒരു സംസ്ഥിതിയെ ഒളിമ്പ അഥവാ നന്മ എന്ന് ഒളിമ്പസ് വിളിക്കുന്നു. ജീവിതത്തിലെ നന്മയില്‍ എത്തുക എന്നതാണ് ഒളിമ്പസ്സിനെ അറിയുക എന്നത് കൊണ്ടുള്ള ലക്ഷ്യവും പ്രയോജനവും.

  കുറച്ചു കൂടി ലളിതമായി വ്യാഖ്യാനിച്ചാല്‍, ജീവിയുടെ ശരീരവും ആരോഗ്യവും മനസ്സും സംഭവങ്ങളും സഹ ജീവികളും പരിസ്ഥിതിയും ഉപകരണങ്ങളും സമൂഹവും രാഷ്ട്രവും എല്ലാം ഒരു ഏകാതാളത്തില്‍ ലയിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ ശാന്തിയും സുസ്ഥിതിയും ഉണ്ടാകും. അതിനായി നാം പ്രാപഞ്ചികമായ താളവുമായി മനോ വാച കര്‍മങ്ങളാല്‍ ഐക്യപ്പെടണം. അതിനായി നമുക്ക് പ്രകൃതി നല്‍കിയിട്ടുള്ള സംവിധാനങ്ങളെ വിദ്യയും സംസ്കാരവും യുക്തിയും കൊണ്ട് നഷ്ടപ്പെടുത്തിയിട്ടുണ്ടെങ്കില്‍, അതിന്റെ മറ നീക്കി ജ്ഞാന ശീല ബോദ്ധ്യങ്ങളിലേക്ക് എത്തിപറ്റണം. അങ്ങിനെ ജീവിതത്തെ ശാന്തവും സ്വച്ഛവും സുസ്ഥിതവും ആനന്ദകരവും ആക്കി തിരികെ നേടുവാനുള്ള വഴിയാണ് ഒളിമ്പസ്സും, അത് പോലെ ലോകത്തെങ്ങും ഉള്ള ഇതര തത്തുല്യ സംവിധാനങ്ങളും. കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ചകളിലൂടെ ഉരുത്തിരിയുമായിരിക്കും .. വായനക്കാരായ സന്മനസ്സുകള്‍ തുടരുക.

  സ്നേഹ പൂര്‍വ്വം

  സന്തോഷ്‌ ഒളിമ്പസ്
  9497628007

  Posted by Santhosh Olympuss on Saturday, June 27, 2015

  Print Friendly

  348total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in