• ജ്ഞാനം, വിജ്ഞാനം, അജ്ഞാനം, പരിജ്ഞാനം

  by  • July 19, 2013 • തത്വചിന്ത • 0 Comments

  പ്രപഞ്ചം വ്യത്യസ്തവും വിരുദ്ധങ്ങളും ആയ സത്യങ്ങളുടെ എകായ്മയാണ്.

  വ്യത്യസ്ത മാനത്തില്‍, ഓരോന്നിനും ഓരോ രൂപമോ ഭാവമോ ധര്‍മമോ ബലമോ ആണ്

  ഉള്ളത്.. ജ്ഞാനവും അങ്ങിനെ തന്നെ. അതുകൊണ്ട് തന്നെ ഓരോരുത്തരും

  ഇവയോരോന്നിനേയും നിര്‍വചിക്കുന്നതും വ്യത്യസ്ത രൂപത്തിലായിരിക്കും.

   

  മനോ തലങ്ങളുടെ വിനിമയത്തിന് രണ്ടു ദിശകള്‍ ഉണ്ട്. അകത്തു നിന്ന്

  പുറത്തേക്കും, പുറത്ത് നിന്ന് അകത്തേക്കും. സഹജാവബോധത്തില്‍ നിന്നും

  അനുഭവ – ധാരണാ – സങ്കല്പ – പ്രേരണാ രൂപങ്ങളിലൂടെ വെളിപ്പെടുന്നതാണ്

  ജ്ഞാനമെങ്കില്‍, വെളിയില്‍ നിന്നും അകത്തേക്ക് ഒഴുകുന്ന വിനിമയ

  പ്രക്രിയയില്‍ ആണ് വിജ്ഞാനം ഉണ്ടാകുന്നത്. ജ്ഞാനവും വിജ്ഞാനവും

  എല്ലാര്‍ക്കും ഉണ്ട് തന്നെ. എന്നാല്‍, ഒരു വ്യക്തിയുടെ

  വിനിമയേന്ദ്രിയങ്ങളുടെ വിനിമയശേഷിക്ക് അനുശ്രുതം ആയിരിക്കും ജ്ഞാന

  വിജ്ഞാനങ്ങളുടെ ഒഴുക്കിന്റെ പൂര്‍ണത. സഹജാവബോധം പ്രപഞ്ചാവബോധവുമായി

  വിനിമയം സുസാധ്യമാക്കുകയും, അതിനെ പരിഭാഷപ്പെടുത്തുകയും ചെയ്യുമ്പോള്‍,

  അതിനൊരു രൂപവും ഭാഷ്യവും ഉണ്ടാകും. പരിഭാഷകര്‍ വ്യത്യസ്തരാകുമ്പോള്‍

  സങ്കേതങ്ങളും വ്യത്യാസപ്പെടും. എന്നാല്‍ പ്രപഞ്ചാവബോധവും സഹജാവബോധവും

  തമ്മില്‍ ഉള്ള വിനിമയ പൂര്‍ണത ഉള്ള രണ്ടു പേരുടെ പരിഭാഷണത്തില്‍ സത്ത

  ഒന്ന് തന്നെ ആയിരിക്കും. അതല്ലാതെ വേറിട്ട്‌ നില്‍ക്കുന്നവയിലാകട്ടെ

  പരിഭാഷണം ചെയ്തതില്‍ എന്തോ അപൂര്‍ണതയുണ്ടെന്നും ദര്‍ശിക്കാനാകും. ഇത്

  അപൂര്‍ണ ജ്ഞാനം ആണ് .അര്‍ദ്ധ വേദങ്ങളെയും അര്‍ദ്ധ ഗുരുക്കന്മാരേയും

  സൃഷ്ടിക്കുന്ന ഒന്ന്.

  അജ്ഞത എന്നാല്‍ ജ്ഞാനമില്ലാത്ത അവസ്ഥയാണ് . നവജാത ശിശു അജ്ഞന്‍ ആണ് .

  നാം ആ അവസ്ഥയെ നിര്‍മലത എന്നും വിളിക്കും. അറിയില്ല എന്നുപോലും

  അറിയില്ലാത്തത് കൊണ്ടാണത്. അറിയില്ല എന്നവന്‍ അറിഞ്ഞു തുടങ്ങുമ്പോള്‍

  ജ്ഞാന ആരംഭം കുറിക്കുന്നു. അറിഞ്ഞു തുടങ്ങി കഴിഞ്ഞ്, അറിഞ്ഞു എന്ന്

  അറിയാതിരിക്കുമ്പോള്‍ ദൃഷ്ടാന്തങ്ങളിലൂടെ അയാള്‍ ജ്ഞാന അന്വേഷി ആകുന്നു.

  ഒടുവില്‍ അറിഞ്ഞു എന്ന് അറിഞ്ഞു കഴിയുമ്പോള്‍ അയാള്‍ ജ്ഞാനിയാകുന്നു.

  അതില്‍, ഇനിയും അറിയാനുണ്ട് എന്നതറിയാതെ അറിഞ്ഞു എന്ന് അറിഞ്ഞതായി

  ധരിക്കുമ്പോള്‍ അത് അപ ജ്ഞാനം ആകുന്നു. പൊതു സമൂഹം അതിനെയും അജ്ഞത എന്ന്

  തന്നെയാണ് വിളിക്കുക.

   

  പരിശീലനത്താല്‍ ഒരു പ്രത്യേക വിജ്ഞാനീയത നേടുന്നതിനെ ആണ് പരിജ്ഞാനം എന്ന്

  വിളിക്കുക. അത് ആപേക്ഷികമാണ്.

   

  https://www.facebook.com/notes/santhosh-olympuss/notes/247137632000851

  Print Friendly

  1368total visits,4visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in