• വ്യക്തികളിലെ ബോധ വികാസത്തിന്‍റെ വിന്യാസം

  by  • October 20, 2013 • ക്രമപ്പെടുത്താത്തവ • 0 Comments


  വ്യവസ്ഥകളുടെ വികാസ സങ്കോച പരിണാമങ്ങള്‍ അക്കക്രമത്തിലല്ല. അത് ഒന്നിലധികം മാനങ്ങള്‍ ഉള്ള രേഖീയതയിലാണ്. സത്തകളുടെ ഘടനാ വിന്യാസം യഥാക്രമം ഖര ദ്രാവക വാതക പ്ലാസ്മിക് കണ്ടന്‍സേറ്റ് എന്നീ സൂചകക്രമത്തിലാണെങ്കില്‍ അവയുടെ സംഘാടന സ്വഭാവ പരിണാമമാകട്ടെ സ്ഥിതം ചലസ്ഥിതം ചലം ജൈവം അതിജൈവം എന്നീ ക്രമത്തിലായിരിക്കും.

  മനുഷ്യ വ്യവസ്ഥയെ എടുത്താലും ഈ പരിണാമ വിതരണം കാണുവാന്‍ കഴിയും. ധൈഷണികമായി വികസിക്കുന്ന മനുഷ്യനും ഈ ഘട്ടങ്ങളിലൂടെയാണ് വിതരണം ചെയ്യപ്പെട്ടിട്ടുള്ളത്. സ്ഥിത സ്വഭാവം കൈവശമുള്ള മനുഷ്യര്‍ യാഥാസ്ഥിതികമായി ജീവിതത്തെ നയിക്കുന്നവരും ചലസ്ഥിത സ്വഭാവികള്‍ നിലവിലെ ചുറ്റുപാടുമായി അനുകൂലനം ചെയ്തു ജീവിതത്തെ നയിക്കുന്നവരും ചല സ്വഭാവികള്‍ കര്‍മം കൊണ്ട് ജീവിതത്തെ നയിക്കുന്നവരും ജൈവ സ്വഭാവികള്‍ പ്രകൃതിയുടെ സ്വാഭാവിക വ്യവസ്ഥാ വിന്യാസങ്ങളിലൂടെ ജീവിതത്തെ നയിക്കുന്നവരും അതിജൈവ സ്വഭാവികള്‍ പ്രകൃതിയുടെ നിയമങ്ങളെ ഉപയോഗിച്ച് ചുറ്റുപാടിനെ സ്വാധീനിക്കുകയും മാറ്റം വരുത്തുകയും ചെയ്യുന്നവര്‍ ആയിരിക്കും.

  ഈ സ്വഭാവങ്ങള്‍ ഓരോ വ്യക്തിയിലും അയാള്‍ക്ക്‌ പ്രകൃതി നിശ്ചയിക്കുന്ന അളവ് വരെ വളരുകയും സ്വന്തം ധര്‍മ സ്വഭാവം ആയിക്കഴിഞ്ഞാല്‍ അത് സ്വന്തം തട്ടകമായി സ്വീകരിച്ചു അവിടെ തന്നെ മരണം വരെ നില നിന്ന് പോരുകയും ചെയ്യുന്നു. ഈ വളര്‍ച്ചയില്‍ ചില ഘട്ടങ്ങള്‍ വേഗമേറിയതും ചില ഘട്ടങ്ങള്‍ വേഗം കുറഞ്ഞവയും ആയിരിക്കും. വേഗം കുറഞ്ഞ അവസ്ഥയില്‍ അയാള്‍ കൂടുതല്‍ കാലം ഒരു സ്വഭാവത്തെ പ്രദര്‍ശിപ്പിച്ചു കൊണ്ട് സമൂഹത്തില്‍ ജീവിക്കുന്നത് കൊണ്ട് അത്തരം വ്യക്തിത്വത്തിനു ഉടമയായി ആണ് സമൂഹ മദ്ധ്യേ ചിരകാലം അറിയപ്പെടുക.

  പരിണാമത്തിലെ വിവിധ ഘട്ടങ്ങളിലെ ജൈവ വ്യവസ്ഥകളുടെ പരമ്പരകള്‍ ഒരേ സമയം നില നിര്‍ത്തുവാനുള്ള പ്രകൃതിയുടെ സ്വഭാവം മൂലം, മേല്‍പ്പറഞ്ഞ വിവിധങ്ങളായ പരിണാമ ഘട്ടങ്ങള്‍ എല്ലാം ഒരേ സമയം ഒരു പ്രദേശത്ത് വൈവിദ്ധ്യമായി കാണുവാനാകും. പ്രകൃതിയുടെ സംവിധാനത്തിന് മുന്നില്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് മികച്ചതോ മോശമോ ആകുന്നില്ല. ഓരോന്നിനും ഓരോരോ ധര്‍മങ്ങള്‍ നിര്‍വഹിക്കുവാന്‍ ഉണ്ടാകും.

  ഓരോ വ്യക്തി വ്യവസ്ഥകളും ഓരോ തരം ജീവിതത്തിലും ചുറ്റുപാടുമായുള്ള ഇടപെടലിലും ഓരോ തരം സമീപനങ്ങള്‍ കൈകൊള്ളുന്നത്‌ അവരവരുടെ വികാസ ഘട്ടത്തിന് അനുസരിച്ചാണ്. അതിനനുസരിച്ചേ ഓരോരുത്തരും അറിയുകയും കൈകാര്യം ചെയ്യുകയും പെരുമാറുകയും ഉള്ളൂ.

  Print Friendly

  484total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in