സത്യസന്ധത (Honesty)
by Varghese Mathew • December 30, 2020 • ആത്മീയത, തത്വചിന്ത, നിഘണ്ടു, സുഭാഷിതം • 0 Comments
സത്യസന്ധത (Honesty)
ഉള്ളിൽ ബോദ്ധ്യമായ ധാരണയിൽ നീതി പുലർത്തികൊണ്ടു പെരുമാറുന്ന അവസ്ഥ. യാഥാർഥ്യം അവനവന്റെ ബോദ്ധ്യം മാത്രമാണെന്നുള്ളതുകൊണ്ട് അത് ശരിക്കുള്ള സത്യമായി വിവക്ഷിക്കാൻ പറ്റില്ല. മിക്കപ്പോഴും നാം നമ്മുടെ പെരുമാറ്റത്തെ ഒന്ന് പരിഷ്കരിച്ചാണ് പ്രകടിപ്പിക്കുന്നത്. കാരണം നമ്മുടെ പെരുമാറ്റത്തെ മറ്റുള്ളവർ എങ്ങനെ വിലയിരുത്തും എന്ന ഭീതി. അങ്ങനെ പെരുമാറുന്നത് ഒരു സംസ്ക്കാരമായി നാം പഠിച്ചിരിക്കുന്നു. പാശ്ചാത്യ സംസ്കാരത്തിൽ പെരുമാറ്റ മര്യാദകൾ (ettiquettes) എന്ന വളരെ വിപുലമായി എഴുതപ്പെട്ടു, നമ്മുടെ സംസ്കാരത്തിലും വേരൂന്നികൊണ്ടിരിക്കുന്ന രീതികൾ. പക്ഷെ അവിടെ അത് ഒരു മുഖംമൂടി കൂടിയായി വർത്തിക്കുന്നു. അതിന്റെ പരിണാമമായിട്ടാണ് “നിങ്ങള്ക്ക് വേണ്ടത് നേടുന്നതുവരെ കാപട്യം ആകാം” (fake it until you make it) എന്ന ചൊല്ല് വാണിജ്യ മേഖലകളിൽ പ്രചാരമായത്. മനുഷ്യന്റെ അനോന്യതയിലുള്ള സുതാര്യത ഇല്ലാതാക്കിയ സംസ്കാരം. പക്ഷെ ചിലപ്പോൾ ഒരു അളവ് വരെ അത് ഉപകരിക്കയും ചെയ്യും. ഗോത്ര രീതികളിൽ നിന്നും മാറി നാമിപ്പോൾ ഇടപെടുന്നതു വ്യത്യസ്ഥ സംസ്കാരങ്ങളിൽ കൂടെ വന്നവരുമായിട്ടാണ്. അവിടെ അപരന്റെ ശിക്ഷിതാവബോധത്തെ വേദനിപ്പിക്കുന്നതോ,അസ്വീകാര്യത ഉളവാക്കുന്നതോ ആയ കാര്യങ്ങൾ ഒഴിവാക്കുന്നത് ഔചിത്യമായി തന്നെ എടുക്കാം. ഇതിനും അനൗചിത്യമായ മുഖം മൂടിക്കും ഇടയിൽ ഒരു രേഖ നമ്മുടെ ചിന്താഗതിയിൽ ഉണ്ട്. സമഗ്രത (integrity), ഇതും സത്യസന്ധതയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ശരീരത്തിന്റെ എല്ലാ തലങ്ങളിലും നമ്മുടെ മനസ്സ് വ്യാപിച്ചു കിടക്കുന്നു. നമ്മുടെ പ്രവൃത്തികളും രീതികളും എല്ലാ തലങ്ങളിലും വിലയിരുത്തപ്പെടും. കാപട്യം (deceit) എന്നത് നമ്മുടെ മറ്റു മനോതലങ്ങളിൽ (കോശ, കല മുതലായ) ആശയ കുഴപ്പം ഉണ്ടാക്കി ശരീര പ്രവർത്തനങ്ങളുടെ സമഗ്രതയെ ബാധിക്കാം. എന്നാൽ അത്യസന്ധത എന്നതിൽ ശുഭകരമായ ഒരു കലർപ്പു ചേർക്കുന്നത് അംഗീകരിക്കാം (ഉദ്ദേശ ശുദ്ധി കൊണ്ട്). അപ്പോൾ ബോദ്ധ്യമായ കാര്യങ്ങളെ ഔചിത്യത്തിന്റെ ഒരു അരിപ്പയിലൂടെ കടത്തി പ്രകടിപ്പിക്കുന്നത് സത്യസന്ധത തന്നെ. അവിടെ വിവേചനം വേണ്ടത് ആ പ്രകടനം അപരന് ഹാനികരമാകുമോ എന്നാണ്. അതായതു ചിന്തയും, ഭാവങ്ങളും, ചേഷ്ടകളും,പെരുമാറ്റവും, പ്രവർത്തിയും അഹിംസാപരമായി സത്യസന്ധമായി സമഗ്രമായി തന്നെ പ്രകടിപ്പിക്കണം.
1035total visits,1visits today