• സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് പോസ്റ്റ് / ഷെയര്‍ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്.

  by  • March 13, 2018 • ക്രമപ്പെടുത്താത്തവ • 0 Comments

  അല്പം നീളമുണ്ട് എങ്കിലും സമയം എടുത്തു വായിക്കുകയും കാര്യങ്ങള്‍ ബോദ്ധ്യം ആകുന്നതു വരെ വായന ആവര്‍ത്തിക്കുകയും കണ്ടതെല്ലാം എല്ലായിടത്തും ഷെയര്‍ ചെയ്യുന്നതിന് പകരമായി ഇത് ഷെയര്‍ ചെയ്തു ഷെയറിംഗ് അവസാനിപ്പിക്കുകയും ചെയ്യണം എന്നാ അഭ്യര്‍ത്ഥനയോടെ തുടങ്ങട്ടെ.  പറയുവാന്‍ പോകുന്നത് നാം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നതിനെ പറ്റിയാണ്. എന്നാല്‍ അതിനു മുമ്പ് ചില കാര്യങ്ങള്‍ പറഞ്ഞോട്ടെ?

  *ഗുരുത്വാകര്‍ഷണം* എന്നത് ഒരു പ്രകൃതി പ്രതിഭാസം ആണ്. ഐസക് ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീഴുന്നതിനു മുമ്പും അതിവിടെ ഉണ്ടായിരുന്നു. അദ്ദേഹം ഗുരുത്വത്തെ ഒരു പ്രത്യേക രീതിയില്‍ വിശദീകരിക്കുകയും പാഠപുസ്തകം വഴി എല്ലാരും അത് പഠിക്കുകയും ചെയ്തപ്പോള്‍ ഒരു പേരിലൂടെ ആശയ വിനിമയം ചെയ്യാന്‍ നമുക്ക് കഴിയുന്നു എന്ന് മാത്രം. പ്രകൃതിയിലെ പ്രതിഭാസങ്ങള്‍ എന്നും ഇവിടെ ഉള്ളവയാണ്, നാം അറിഞ്ഞാലും ഇല്ലെങ്കിലും.

  വിരലില്‍ ഒരു മുള്ള് കൊണ്ടാല്‍ നമ്മുടെ ശിരസ്സ്‌ ഞെട്ടുന്നത് എങ്ങനെയാണ്? കയ്യും ശിരസ്സും ഒരു ശരീരത്തിന്റെ ഭാഗമാണ് എന്നതും അവ അഭേദ്യമായ രീതിയില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നത് കൊണ്ടാണ് അത്. അതിനു കാരണമാകുന്ന നാഡീജാല ബന്ധത്തെ ഒക്കെ വിശദീകരിച്ചു അതിന്റെ ശാസ്ത്രീയ അടിത്തറകള്‍ ബോദ്ധ്യമായില്ല എങ്കിലും കയ്യില്‍ മുള്ള് കൊള്ളുമ്പോള്‍ ശരീരം എമ്പാടും ഞെട്ടുക തന്നെ ചെയ്യും. കാരണം അതൊരു *നെറ്റ്വര്‍ക്ക് പാറ്റേണ്‍ എഫക്റ്റ്*  എന്ന പ്രകൃതി പ്രതിഭാസം ആണ്.

  കൊച്ചിയിലെ ഒരു  ചിത്രശലഭം ചിറകിട്ടടിക്കുമ്പോള്‍ കാനഡയില്‍ കൊടുങ്കാട്ടുണ്ടാകാന്‍ കാരണമാകും എന്ന *ബട്ടര്‍ഫ്ലൈ എഫക്റ്റ്‌* മനസ്സിലാകുവാന്‍ ആധുനിക ശാസ്ത്രത്തിന്റെ ആഴത്തിലുള്ള പഠനം തന്നെ വേണ്ടി വരും. അതുമല്ലെങ്കില്‍ ദശാവതാരം എന്ന കമലാഹാസന്‍ ചലച്ചിത്രം കണ്ടും ബോദ്ധ്യമാകാം.

  ദൂരത്ത്‌ കഴിയുന്ന മക്കള്‍ക്ക്‌ മനസ്സിനോ ശരീരത്തിനോ ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ അമ്മയുടെ ഫോണ്‍വിളി വരുന്നതും ഇത്പോലെ തന്നെ *സൈക്കോ എന്‍റ്റാംഗിള്മെന്‍റ്* എന്ന പ്രതിഭാസം കൊണ്ടാണ്. ഒരാളെ വിളിക്കുവാന്‍ നാം ഫോണ്‍ എടുക്കുമ്പോള്‍ അയാളുടെ വിളി ഇങ്ങോട്ട് വരുന്നതും അങ്ങനെ തന്നെ. ‍

  വിദൂരതയിലുള്ള രണ്ടു വസ്തുക്കള്‍ തമ്മില്‍ എങ്ങനെയാണ് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്? മുള്ള് കൊള്ളുന്ന വിരലും ഞെട്ടുന്ന ശിരസ്സും ഒരു ശരീരത്തിന്റെ തന്നെ ഭാഗം ആയിരുന്നു എന്നത് പോലെ ഭൌമ ശരീരത്തിന്റെ ജൈവ മണ്ഡലത്തിന്റെ ഭാഗമാണ് അമ്മയും മകനും എന്നോ, അതിനും അപ്പുറം ഒരു വ്യവസ്ഥയുടെ ഭാഗമായിരിക്കുന്ന രണ്ടു ഘടകങ്ങള്‍  ഭൌതികമായി അകറ്റപ്പെട്ടിരിക്കുമ്പോഴും അതിന്റെ ക്വാണ്ടം അവസ്ഥയില്‍ ബന്ധപ്പെട്ടിരിക്കുന്ന  *ക്വാണ്ടം എന്‍റ്റാംഗിള്മെന്‍റ്*  എന്നോ ഒക്കെ മനസ്സിലാക്കുവാനുള്ള വലിയ ഒരു ഫ്രെയിമില്‍ കാര്യങ്ങള്‍ കണ്ടു തുടങ്ങേണ്ടി വരും.

  ഒരു അപകടം ഉണ്ടായ ഒരിടത്ത് വീണ്ടും വീണ്ടും സമാനമായ അപകടങ്ങള്‍ ഉണ്ടാകുന്നതിനും ഇത് പോലെ *മോര്‍ഫിക് റെസണന്‍സ്* എന്ന മറ്റൊരു അദൃശ്യ പ്രതിഭാസം കാരണമാകുന്നുണ്ട്. പ്രകൃതിയില്‍ ഉണ്ടായ ഒരു സംഭവത്തിന്റെ പാറ്റേണ്‍ ആവര്‍ത്തിക്കുവാനുള്ള പ്രവണത ആണ് അത്. ഈ ഒരു സംഭവം വീണ്ടും വീണ്ടും ആവര്‍ത്തിക്കുവാന്‍ കാരണം ആകുവാന്‍ പാകത്തില്‍ ഒരിക്കല്‍ നടന്നതിന്റെ  ഓര്‍മ പരിസരം കരുതി വയ്ക്കുന്നുണ്ട്‌.

  ഓര്‍മിക്കുവാനുള്ള പ്രത്യേക സംവിധാനങ്ങള്‍ ഒന്നും ഒരുക്കിയിട്ടില്ലാത്ത പ്രകൃതിയുടെ പരിസരത്ത് ഓര്‍മ്മകള്‍ സൂക്ഷിക്കപ്പെടുന്നുണ്ട് എങ്കില്‍ അതിനായി സംവിധാനം ചെയ്യപ്പെട്ടിട്ടുള്ള മനുഷ്യ മനസ്സ് ഓര്‍മ്മകള്‍ സൂക്ഷിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ടാ. ഓരോ ഓര്‍മയും സ്ഥലത്തെയും സമയത്തെയും മറ്റു ഓര്‍മകളെയും വ്യക്തികളെയും പരസ്പരം ബന്ധിപ്പിച്ചു  സംഭവങ്ങളെ ആവര്‍ത്തിപ്പിക്കും. നമ്മുടെ വികാരങ്ങളെ ഇളക്കി മറിക്കുന്ന ഓര്‍മ്മകള്‍ ആകട്ടെ ഉറപ്പായും ആവര്‍ത്തിക്കപ്പെടും.

  ഓര്‍മ്മകള്‍ ചിത്ര രൂപത്തില്‍ ആണ് സംഭരിക്കപ്പെടുന്നതെങ്കില്‍ അതിന്റെ ആവര്‍ത്തന സാദ്ധ്യത കൂടും. മനുഷ്യരില്‍ ചിത്രരൂപത്തില്‍ ഒരു ഓര്‍മ നിലനില്‍ക്കുവാന്‍ അത് പേറുന്ന ഒരാള്‍ക്ക്‌ സ്വന്തം അനുഭവം തന്നെ വേണം എന്നില്ല. ഒരു കേട്ടുകേള്‍വിയോ ചലചിത്രമോ വഴിയോരത്തെ ഹോര്‍ഡിംഗോ സോഷ്യല്‍മീഡിയാ പോസ്റ്റോ ഒക്കെ തന്നെ മതിയാകും.

  ഒരു അപകടമോ ദുരന്തമോ ഉണ്ടാകുമ്പോള്‍ അത് ചിത്രവും വാര്‍ത്തയും ആക്കി സോഷ്യല്‍ മീഡിയയിലും ചുമരിലും പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍ അറിയാതെ പോകുന്നത് മേല്‍പ്പറഞ്ഞ ഓര്‍മയുടെയും അതുണ്ടാക്കുന്ന ആവര്‍ത്തന സാദ്ധ്യതയേയും അത് വഴി ഉണ്ടാക്കുന്ന ദുരന്തങ്ങളെയും  ഒപ്പം അത് പ്രചരിപ്പിക്കുവാന്‍ പാകത്തില്‍ ഉള്ളില്‍ ഉണ്ടാകുന്ന വികാരത്തള്ളിച്ച സംഭവം ആവര്‍ത്തിക്കുന്നതിന്റെ പ്രഹരശേഷി വര്‍ദ്ധിപ്പിക്കും എന്നതിനെയും ആണ്..

  കഴിഞ്ഞകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞു വരുന്ന പീഡനങ്ങളും തെരുവുപട്ടിക്കടിയും വാഹനാപകടങ്ങളും കൊലപാതകങ്ങളും തട്ടിക്കൊണ്ടു പോക്കും വര്‍ദ്ധിച്ചു വരുന്നത് നമ്മുടെ നിരുത്തരവാദപരമായ ഇടപെടല്‍ കൊണ്ട് കൂടിയാണ് എന്ന് നാം ബോദ്ധ്യപ്പെട്ടെ മതിയാകൂ.

  *നമ്മുടെ സാമൂഹ്യബോധവും ഉത്തരവാദിത്തവും കൊണ്ടാണ് ഒരു കാര്യത്തോട് പ്രതികരിക്കുന്നതെങ്കില്‍ നാം ചെയ്യേണ്ടത് അതിനെ നിയമപരമായോ നേരിട്ടോ നേരിടുകയും അതിനു പ്രാദേശികമായി പരിഹാരം കണ്ടെത്തുകയും ആണ്*. അതല്ലാതെ ഉത്തരവാദിത്തത്തിന്‍റെ പേരില്‍ ഒരു മഞ്ഞപത്രത്തെ പോലെ വാര്‍ത്ത നാട്ടില്‍ പാട്ടാക്കുവാന്‍ ഉള്ള ശ്രമം ആണ് നടത്തുന്നതെങ്കില്‍ അറിയുക, അതു പോലെ ഉള്ള അടുത്ത ഒരു സംഭവത്തിനു നിങ്ങളും ഉത്തരവാദി ആയി തീരുന്നു എന്ന്.

  നന്മകള്‍ മാത്രം ഷെയര്‍ ചെയ്യുക, തിന്മകള്‍ അതതു ഇടങ്ങളില്‍ നേരിട്ട് കൈകാര്യം ചെയ്യുക. അതിനും കഴിയില്ലെങ്കില്‍ വേണ്ടപ്പെട്ട അധികാരികള്‍ക്ക് ഒരു പരാതി നല്‍കി  മിണ്ടാതെ ഇരിക്കുക.

  തുടര്‍ച്ചയായ നെഗറ്റീവ് പോസ്റ്റുകള്‍ കണ്ടു പറഞ്ഞു മടുത്തിട്ടാണ് ഈ പോസ്റ്റ് തയ്യാറാക്കുവാന്‍ തോന്നിയത്.

   

  സാമൂഹ്യ ക്ഷേമാര്‍ത്ഥം പ്രസിദ്ധീകരിക്കുന്നത്.

  സന്തോഷ്‌ ഒളിമ്പസ്

  9497628007

  ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍ സെന്റര്‍ ഫോര്‍ ഡീപ് ഇക്കോളജി

  പാലക്കാട്

  www.olympuss.in

   

  Print Friendly

  1064total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in