• എന്താണ്, എന്തല്ല സുസ്ഥിര ജീവന ഗ്രാമപദ്ധതി.

  by  • May 30, 2018 • അംഗത്വം, കൂട്ട് ജീവിതം, പദ്ധതികള്‍, പരിസ്ഥിതി • 1 Comment

  നിങ്ങളുടെ ജീവിതം അതീവ സുരക്ഷിതവും സന്തോഷകരവും ആണ് എന്ന് തോന്നുന്നുണ്ടോ? അല്ല എന്നുണ്ടെങ്കില്‍ ഈ കുറിപ്പ് താങ്കള്‍ക്കുള്ളതാണ്.

  സുരക്ഷയും സന്തോഷവും ഉള്ള ഒരു ജീവിത സംസ്കാരം ഉണ്ടാക്കുവാന്‍ നാം ഒരു ഇക്കോ വില്ലേജു ആരംഭിക്കുന്നു. ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജ് എന്നത് ഒരു സമ്പൂര്‍ണ സ്വാശ്രയ ജീവന മാതൃക ആണ്.അതില്‍ താങ്കള്‍ക്കു എന്തെങ്കിലും റോള്‍ ഉണ്ടോ എന്ന് ഈ കുറിപ്പ് വായച്ചതിനു ശേഷം ഒന്ന് പരിശോധിക്കുക.

   

  എന്തിനു വേണ്ടി.

  [ആദ്യമേ തന്നെ ചില നെഗറ്റീവ് ആയ ജീവിത യാഥാര്‍ത്ഥ്യങ്ങളെ  പറ്റി പറഞ്ഞു കൊള്ളട്ടെ. പൊതു ശ്രദ്ധയാകര്‍ഷിക്കുവാന്‍ വേണ്ടി  ആണ് ഇവ പറയേണ്ടി വരുന്നത്. ക്ഷമിക്കുക]

  • നമുക്ക് ചുറ്റും കലുഷിതമായ ഒരു സാമൂഹ്യ സാഹചര്യം നിലവില്‍ ഉള്ളത് അറിയുമായിരിക്കുമല്ലോ? താഴെ പറയുന്ന എല്ലാ മേഖലകളിലും നാം പ്രതിസന്ധികളെ നേരിടുന്നു.
  • സാമൂഹ്യ സുരക്ഷ, ആരോഗ്യം, ഭക്ഷണം, വിദ്യാഭ്യാസം, തൊഴില്‍, പരിസ്ഥിതി, ജലം, ഊഷ്മാവ്, മഴ, സമ്പത്ത്, നീതി, സമാധാനം, അറിവ്, ഐക്യം, കരുതല്‍, കരുണ, സ്നേഹം, വിശാസം, സാങ്കേതികത, ശാസ്ത്രം, ആത്മീയത, മനശ്ശാസ്ത്രം, പൊതുബോധം, സംസ്കാരം, രാഷ്ട്രീയം  എന്ന് തുടങ്ങി ജീവിതത്തിലെ എല്ലാ മേഖലകളും പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്.
  • ചില അതിസമ്പന്നരുടെ കയ്യിലാണ് ലോകം. ധാര്‍മികത അവര്‍ക്ക് പ്രസക്തമല്ല. നമ്മുടെ ജീവിതത്തെയും സംസ്കാരത്തെയും സമ്പത്തിനെയും   എന്ന് തുടങ്ങി കാലാവസ്ഥയെയും സാമൂഹ്യവ്യവസ്ഥയേയും  വായുവിനെയും ഭക്ഷണത്തെയും ചിന്തയെയും സ്വാതന്ത്ര്യത്തേയും വരെ അവര്‍ നിയന്ത്രിക്കുന്നു.
  • അതിനാല്‍ ഉള്ള  പ്രതിസന്ധികള്‍ നാള്‍ക്കു നാള്‍ വര്‍ദ്ധിക്കുന്നതല്ലാതെ കുറയുന്ന ലക്ഷണം ഇല്ല.
  • മേല്‍ പറഞ്ഞ എല്ലാ മേഖലകളും മറ്റു ഒന്നിലധികം മേഖലകളുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ ഏതെങ്കിലും ഒരു മേഖലയില്‍ ഉള്ള പ്രശ്ന പരിഹാരം കൊണ്ട് ജീവിതത്തില്‍ സാരമായ മാറ്റത്തിനുള്ള പ്രത്യാശയ്ക്കു വകയില്ല. . 

  പരിഹാരം

  • നമുക്ക് ചുറ്റും നിലവിലുള്ള ഈ കലുഷിതമായ ഒരു സാമൂഹ്യ സാഹചര്യത്തെ മറികടക്കുവാന്‍ ഒരു നവീന സുസ്ഥിര ജീവന സംസ്കാരം ഉണ്ടായേ മതിയാകൂ.
  • അങ്ങനെ ലോകമെമ്പാടും സ്വീകരിക്കപ്പെട്ടിട്ടുള്ള മാതൃകയാണ് ഇക്കോ വില്ലേജ് എന്ന സുസ്ഥിര ജീവന സമൂഹങ്ങള്‍.
  • ലോകത്ത് ആകമാനം 2500 ല്‍ അധികം ഇക്കോ വില്ലേജുകള്‍ ഉണ്ട്. അതില്‍ ഏറ്റവും വലിയ സെറ്റില്‍മെന്റ് ഭാരതത്തില്‍ പോണ്ടിച്ചേരിയില്‍ ഉള്ള ഓറോവില്‍ ആണ്. 35 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന ഈ സംവിധാനത്തില്‍ 650 ഭാരതീയരടക്കം 140 രാജ്യങ്ങളില്‍ നിന്നുമായി 3500 സ്ഥിരാംഗങ്ങളും പതിനായിരത്തോളം താല്‍കാലിക അംഗങ്ങളും ആണ് ഉള്ളത്. ഏതാണ്ട് പൂര്‍ണമായും യൂറോപ്യന്‍ രീതിയില്‍ നടന്നു വരുന്ന ഈ ഗ്രാമ പദ്ധതി ലോക മാതൃക ആണ്. എങ്കിലും നമുക്ക് ഭാരതീയര്‍ക്കു പ്രാപ്തമായ ഒന്നല്ല. ഓറോവില്‍ ഫൌണ്ടേഷനും ഭാരത സര്‍ക്കാരും സംയുക്തമായി നടത്തി വരുന്ന ഈ പദ്ധതി നമുക്ക് ഒരു ഭാഗിക മാതൃകയാക്കാം എന്നതാണ് ഓറോവില്ലിനെ പറ്റി ഇവിടെ വിവരിച്ചതിന്‍റെ ഉദ്ദേശ്യം.
  • കേരളത്തില്‍ സുസ്ഥിര ജീവനം ലക്ഷ്യമാക്കി ഇത്തരം ഒരു ഗ്രാമം ഉണ്ടാക്കുവാന്‍ ഒരു ശ്രമം നടന്നു വരുന്നു.  ഗ്രീന്‍ക്രോസ് ഇക്കോവില്ലേജ്. നവഗോത്ര സമൂഹം എന്ന കേരളത്തിലെ ആദ്യ ഇക്കോ കമ്യൂണിറ്റി ആണ് ഈ സംരഭത്തിന്റെ പിന്നില്‍.

  എന്താണ് ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജ്.

  • പ്രകൃതിയുടെ നിയമങ്ങളെ മനസ്സിലാക്കി അതിനനുസരിച്ച് തനിക്കും സമൂഹത്തിനും പരിസരത്തിനും ദോഷമില്ലാതെ ജീവിക്കുന്ന ഒരുകൂട്ടം കുടുംബങ്ങളുടെയും കൂട്ടായ്മകളുടെയും മാതൃകാ ഗ്രാമം ആണ് ഇക്കോ വില്ലേജ്‍.
  • എല്ലാ ജീവ ജാലങ്ങള്‍ക്കും ജീവാവകാശം ഉള്ള പ്രകൃതി കേന്ദ്രിത വീക്ഷണമാണ് ഗ്രാമത്തിനു അടിത്തറ.
  • ഭൌതികം, ആത്മീയം, മാനസം, ബോധകം, ചൈതന്യം എന്നീ അഞ്ചു മാനങ്ങളെയും ചേര്‍ത്ത് വായിച്ചു കൊണ്ടുള്ള ലോക-ജീവ-സത്താ വീക്ഷണമാണ് ഗ്രാമത്തിനു ഉണ്ടാകുക.   
  • സമൃദ്ധി, ജ്ഞാനം, സാക്ഷാത്കാരം എന്നിവയായിരിക്കും ഗ്രാമത്തിന്റെ ലക്‌ഷ്യം.
  • സ്നേഹം, കരുണ, സ്വീകാര്യത, പരിഗണന, ക്രമം, സൌന്ദര്യം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങളില്‍ ഊന്നിയാണ് ഗ്രാമത്തിന്‍റെ പ്രവര്‍ത്തന മാര്‍ഗങ്ങള്‍.

  എങ്ങനെയാണ് ഗ്രാമ നിര്‍വഹണം. 

  • കുടുംബങ്ങള്‍ ആയിരിക്കും ഇക്കോ വില്ലേജിന്റെ അടിസ്ഥാന ഘടകം.
  • താമസിക്കുവാനും സ്വകാര്യ ആവശ്യങ്ങള്‍ക്കും ഉള്ള ലളിതമായ വീടുകള്‍ ഒഴികെ മറ്റെല്ലാം പൊതുവായിരിക്കും. കൃഷിയിടം, അടുക്കള, പഠനമുറികള്‍, ധ്യാനമുറികള്‍, അതിഥിമന്ദിരങ്ങള്‍,  സ്കൂളുകള്‍, ഓഫീസ്,   ജന്തുഭവനങ്ങള്‍, വനം തുടങ്ങിയവ പൊതുവായിരിക്കും.
  • പൂര്‍ണമായും പ്രകൃതിയുടെ ആത്മീയതയേയും മൂല്യങ്ങളെയും ആധാരമാക്കിയുള്ള ജീവിത സംസ്കാരമായിരിക്കും ഗ്രാമത്തില്‍ ഉണ്ടാകുക.
  • ഭൂമിയും കെട്ടിടങ്ങളും പൊതു ഉടമസ്ഥതയില്‍ ആയിരിക്കും. 
  • താല്‍കാലികമായി ആരെങ്കിലും നിക്ഷേപിക്കുന്നവര്‍ക്ക് പിന്നീട് ഫൌണ്ടേഷന്‍ തുക തിരികെ നല്‍കുന്നതാണ്.

  എന്തല്ല ഈ പദ്ധതി.

  • ഇത് ഒരു റിയല്‍ എസ്റ്റേറ്റ് പരിപാടിയോ വാണിജ്യ സംരംഭമോ അല്ല.

  • ഇത് ഒരു റിസോര്‍ ട്ടോ, അവധിക്കാല വസതിയോ അല്ല.

  • ഇത് ഒരു ഇക്കോ ട്യൂറിസം പരിപാടി അല്ല.

  • ഇത് ഒരു ഇക്കോ ഫ്രണ്ട് ലി പദ്ധതി അല്ല. (ഇക്കോ തന്നെയാണ്)

  • ഇത് സ്വകാര്യ നിക്ഷേപത്തിനുള്ള ഒരു പദ്ധതി അല്ല. 

  • ഈ പദ്ധതിയില്‍ ആരെങ്കിലും പണം നിക്ഷേപിക്കുന്നുണ്ടെങ്കില്‍ അത് ഭാവി തലമുറകള്‍ക്ക് വേണ്ടിയുള്ള നിക്ഷേപമായിരിക്കും എന്നതിനാല്‍  നിക്ഷേപങ്ങള്‍ക്ക് ലാഭം പ്രതീക്ഷിക്കേണ്ടതില്ല.

  • ഗ്രാമത്തില്‍ ഉള്ള ഒരു സസ്യ ജന്തു മനുഷ്യ ജാലങ്ങളും വില്പനച്ചരക്കായിരിക്കില്ല. അതിനാല്‍ തന്നെ ഇവിടെ കൃഷി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ തികച്ചും ഗ്രാമവാസികളുടെ നിലനില്പിന്നു വേണ്ടി മാത്രമായിരിക്കും. കൃഷിയില്‍ നിന്നും ലാഭം ലക്ഷ്യമാക്കുന്നവര്‍ കൈ കൊര്‍ക്കെണ്ടതില്ല.

  • ഈ ഗ്രാമം പ്രകൃതി കേന്ദ്രിതമായ വീക്ഷണത്തോടെ എല്ലാ ജീവ ജാലങ്ങള്‍ക്കും വേണ്ടി ഉള്ളതായിരിക്കും. മനുഷ്യന് മാത്രം നേട്ടമോ മെച്ചമോ ഉണ്ടാകുന്ന ഒരു പദ്ധതിയും ഇവിടെ നടപ്പിലാക്കില്ല.

  • പൊതുവായ മതം, കക്ഷിരാഷ്ട്രീയം, ഭാഷാ / ലിംഗ / വര്‍ണ / സാമ്പത്തിക വേര്‍തിരിവുകള്‍ എന്നിവ ഗ്രാമത്തിനകത്ത് അനുവദനീയമായിരിക്കില്ല.

  നിങ്ങള്‍ക്ക് എങ്ങനെ ഈ പദ്ധതിയുടെ ഭാഗമാകാം.

  • ഇക്കോ സ്പിരിച്ച്വാലിറ്റിയിലും നവഗോത്ര സംസ്കാരത്തിലും നിനക്ക് ഞാനുണ്ട് എന്ന അടിസ്ഥാന മൂല്യത്തിലും ചേര്‍ന്ന് നില്‍ക്കാവുന്ന ആര്‍ക്കും പഠനങ്ങള്‍ക്കും പരിശീലനത്തിനും ശേഷം ഗ്രാമപദ്ധതിയില്‍ അംഗമാകാം.

  • മേല്‍വിഷയങ്ങളോടുള്ള താല്‍പര്യവും അറിവും അര്‍പ്പണതയും ആണ് നിക്ഷേപമായി വേണ്ടത്. അല്ലാതെ സമ്പത്തല്ല.
  • ഗ്രാമത്തില്‍ സ്ഥിരതാമസം നടത്തുവാന്‍ കഴിയുന്നവര്‍ക്ക് അങ്ങനെ ചെയ്യാം.
  • ഗ്രാമത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പുറത്ത് നിന്നും സഹകരിക്കാവുന്നവര്‍ക്ക് അങ്ങനെ ചെയ്യാം.
  • ഗ്രാമമാതൃകയെ പഠിച്ചു സ്വന്തം വീട്ടിലോ ഗ്രാമത്തിലോ സ്ഥാപനത്തിലോ പകര്‍ത്തേണ്ടവര്‍ക്ക് അങ്ങനെ ചെയ്യാം. 
  • പുറത്ത് നിന്നും സാമ്പത്തികമായോ, ആശയപരമായോ സാങ്കേതികമായോ പിന്താങ്ങുന്നവര്‍ക്ക് അങ്ങനെ ചെയ്യാം.
  • ഇടയ്ക്കിടെ ഗ്രാമത്തില്‍ വന്നു നിന്ന് കൊണ്ട് ഗ്രാമത്തിലെ ജോലികളില്‍ ഏര്‍പ്പെട്ടു കൊണ്ട് വോളന്റീര്‍ ചെയ്യാം.
  • ഗ്രാമത്തിന്‍റെ പുറം വൃത്തത്തില്‍ തുടങ്ങാനിരിക്കുന്ന തൊഴില്‍ ഗ്രാമത്തില്‍ ഹരിതവ്യവസായ സംരംഭങ്ങള്‍ തുടങ്ങാം, അവയില്‍ ജോലി ചെയ്യാം.
  • ഗ്രാമത്തിനു അകത്തും പുറത്തും നടപ്പിലാക്കുന്ന സ്വകാര്യ വനത്തിനു വേണ്ടി സ്ഥലം വാങ്ങുന്നതിനായി സാമ്പത്തികമായി നിക്ഷേപിക്കാം.
  • സുസ്ഥിരജീവനം, സുസ്ഥിരകൃഷി, പ്രകൃത്യാത്മീയത തുടങ്ങിയ വിഷയങ്ങളെ പറ്റി പഠിക്കാനും പരിശീലിക്കുവാനും താല്പര്യം ഉള്ളവര്‍ക്ക്  അതാതിനായുള്ള പരിപാടികളില്‍ മാത്രമായും പങ്കെടുക്കാം.
  • അവരവര്‍ നില്‍ക്കുന്ന പ്രദേശങ്ങളില്‍ ഒളിമ്പസ്സിന്‍റെ വിഷയങ്ങളെ ആധാരമാക്കി പ്രാദേശിക സത്സംഗങ്ങളോ കൂട്ടായ്മകളോ സംഘടിപ്പിക്കാം.

  ചരിത്രം.

  • 1981ല്‍ ആരംഭിച്ച പ്റ്റാലബ് എന്ന കുട്ടികളുടെ ശാസ്ത്ര സാംസ്കാരിക കേന്ദ്രമാണ് ഈ പദ്ധതിയുടെ ആദ്യകാല പണിപ്പുര‌.

  • പിന്നീടു അത് ഒരു ശാസ്ത്ര പരിസ്ഥിതി സംഘടനയായി മാറി.

  • സാമ്പത്തിക കാരണങ്ങളാല്‍ തൊഴിലിനും പഠനത്തിനും ആയി വേര്‍ പിരിയേണ്ടി വന്ന സംഘാംഗങ്ങള്‍ക്കിടയിലെ സാമ്പത്തിക അസമത്വത്തെ പരിഹരിക്കുവാനുള്ള സമഗ്രമായ മാര്‍ഗം ആയി  1986 ല്‍ ആണ് ഒരു സ്വാശ്രയ ഗ്രാമ പദ്ധതി എന്ന ആശയം ഉണ്ടാകുന്നത്.

  • തത്വശാസ്ത്രവും സിദ്ധസാധനകളും പഠനങ്ങളില്‍ ഉള്‍പ്പെടുത്തി 1990 ല്‍ ഒളിമ്പസ് എന്ന ആശ്രമം സ്ഥാപിച്ചു.

  • സംഗീതം നാടകം, ശാസ്ത്ര പരീക്ഷണങ്ങള്‍, കയ്യെഴുത്ത് പുസ്തകങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍,  യോഗ, നാച്വറല്‍ ഹൈജീന്‍  തുടങ്ങി ഒട്ടേറെ സമഗ്ര മേഖലകളില്‍ സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു.

  • അവിടെ വച്ച് ഒളിമ്പസ് എന്ന ഇക്കോസഫിക്കല്‍ ദര്‍ശനം ആവിര്‍ഭവിക്കുന്നു. 

  • 1994 ല്‍ ചെന്നൈയില്‍ ഒളിമ്പസ് ഒരു ഇക്കോ കമ്യൂണ്‍ (കൂട്ട് ജീവിത കേന്ദ്രം) ആരംഭിച്ചു.

  • 1996 നു ശേഷം 2002 വരെ കേരളത്തില്‍ പാലക്കാട് തത്തമംഗലത്ത് കമ്യൂണ്‍ അതിന്‍റെ ഗ്രാമക്കൂട്ടങ്ങളുമൊക്കെയായി പരിസ്ഥിതി ഗവേഷണ കേന്ദ്രമായി പ്രവര്‍ത്തനം തുടര്‍ന്നു.

  • ചില പരിതസ്ഥിതികളാല്‍ കമ്യൂണ്‍ ഏറെക്കുറെ നിശ്ചലമായി. മുഖ്യ പ്രവര്‍ത്തകര്‍ മാത്രം പഠനങ്ങളിലും യാത്രകളിലും പ്രാരംഭകാല സോഷ്യല്‍ മീഡിയ വഴിയുള്ള ആശയ പ്രചാരണങ്ങളിലും മുഴുകി.

  • 2006 ല്‍ നവഗോത്ര ഇക്കോസഫിക്കല്‍ ഗുരുകുലം ആയി ഒളിമ്പസ് പ്രവര്‍ത്തനം പുനരാരംഭിക്കുന്നു.

  • ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍ സെന്റര്‍ ഫോര്‍ ഡീപ് ഇക്കോളജി എന്ന ഗവേഷണ സ്ഥാപനം ആയി ഭാരത സര്‍ക്കാരിന്‍റെ നിയമങ്ങള്‍ക്ക് അനുസരിച്ച്  പ്രവര്‍ത്തിച്ചു വരുന്നു.

  • 2014  മുതല്‍ ഭാരതത്തിലെ ആദ്യ ഡീപ് ഇക്കോളജിക്കള്‍ ഫെലോഷിപ്പ് ആയി നവഗോത്ര സമൂഹം ഒട്ടേറെ പേര്‍ക്ക് സുസ്ഥിര ജീവന പഠനത്തിനുള്ള അവസരം നല്‍കി വരുന്നു.

   നിലവില്‍

  • പ്രവര്‍ത്തനങ്ങള്‍ പാലക്കാട് ത്തമംഗലത്തുള്ള നവഗോത്ര ഗുരുകുലം കേന്ദ്രീകരിച്ചു നടന്നു വരുന്നു.

  • ചില ജില്ലകളില്‍ നവഗോത്ര സംത്സംഗങ്ങള്‍ പ്രാദേശിക പ്രവര്‍ത്തകര്‍ വഴി നടന്നു വരുന്നു.

  • ഡീപ് ഇക്കോളജിക്കല്‍ ഫെലോഷിപ്പ് ഗുരുകുല വിദ്യാഭ്യാസ രീതിയില്‍ നടന്നു വരുന്നു..

  • ധന ശേഖരണാര്‍ത്ഥം ചയോഗ സാധനയുടെ (Qlife Praxes)  പരിശീലന പരിപാടി സംസ്ഥാന വ്യാപകമായി നടത്തി വരുന്നു. 

  •  പാലക്കാട് പാടൂര്‍ പുഴയോരത്ത് രണ്ടേക്കര്‍ സ്ഥലം ഗ്രാമ പദ്ധതിയുടെ ആദ്യ ഘട്ടമായി വാങ്ങിയിട്ടുണ്ട്.

  • തുടര്‍ന്നുള്ള രണ്ടേക്കറിനു നിക്ഷേപകരെ തേടുന്നുണ്ട്. താല്പര്യം ഉള്ളവര്‍ ഉടനെ ബന്ധപ്പെടുക.

  • കൂടുതല്‍ സ്ഥലവും ധനവും അംഗങ്ങളും വിഷയ പരിചയമുള്ളവരും വോളന്റീര്‍മാരും ഉടന്‍ ഉണ്ടാകേണ്ടതുണ്ട്.

  പ്രസക്തി.

  ചുറ്റും ഒന്ന് നോക്കുക, എത്ര വേഗത്തില്‍ ഈ പദ്ധതി നടപ്പിലകുന്നുവോ അത്രയും നല്ലത്. ശുദ്ധഭൂമിയും ശുദ്ധവായുവും ശുദ്ധജലവും ശുദ്ധഭക്ഷണവും, ശുദ്ധമാനസവും ശുദ്ധസംസ്കാരവും ശുദ്ധസമൂഹവും ഉണ്ടാകുവാന്‍ ഇതല്ലാതെ മറ്റൊരു വഴിയില്ല.

  എന്നാല്‍ ഇതൊക്കെ അനാവശ്യം എന്ന് കരുതുന്നവര്‍ ഉണ്ടെങ്കില്‍ ദയവായി ഈ കുറിപ്പിനെ നിരാകരിക്കുക.

  അതല്ല, സഹകരിക്കാം എന്നുള്ളവര്‍
  അല്പ സമയം പോലും കളയാതെ ഇന്ന് തന്നെ വിളിക്കുക,
  ഫോണ്‍ :
  9497628007, 9497628006 
  സമാന ചിന്തയുള്ളവര്‍ക്കായി കഴിയാവുന്നത്ര ഷെയര്‍ ചെയ്യുക.

  കാത്തിരിക്കുന്നു നിങ്ങള്‍ക്കായി..

  സ്നേഹത്തോടെ,

  നവഗോത്ര സമൂഹം പ്രവര്‍ത്തകര്‍.

  Print Friendly

  2502total visits,3visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in