• യോഗവും യോഗയും രണ്ടാണ്.

  by  • June 22, 2017 • ആത്മീയത, കൂട്ട് ജീവിതം, ക്രമപ്പെടുത്താത്തവ, ജീവിത വിജയം, തത്വചിന്ത, ശാസ്ത്രം, സാമൂഹികം • 0 Comments

   ഹഠയോഗികള്‍ കഠിന തപങ്ങള്‍ക്ക് ഉപയോഗിച്ച ആസനമുറകള്‍ അല്ല ഇന്നത്തെ യോഗ. മൈസൂര്‍ രാജകുടുംബത്തിലെ രാജകുമാരന്മാരുടെയും ബ്രിട്ടീഷ്പട്ടാളത്തിന്‍റെയും ശാരീരികവികാസത്തിന് വേണ്ടി കൃഷ്ണമാചാര്യ എന്ന പണ്ഡിതന്‍, പ്രാകൃത ജിംനാസ്റ്റിക്സ് എന്ന പേരില്‍  ഭാരതീയ മല്ലയുദ്ധത്തെയും തട്ടുകളി (ജിംനാസ്റ്റിക്ക്സ്) യേയും ബ്രിട്ടീഷ് കാലിസ്തെനിക്സുമായി ചേര്‍ത്ത്  വികസിപ്പിച്ചെടുത്ത കഠിനമായ സൈനിക വ്യായാമ മുറയാണ് ഇന്നത്തെ യോഗയുടെ പ്രാകൃത രൂപം. അത് മൈസൂര്‍ പാലസില്‍ നടന്ന വൈ എം സീ ഏ സമ്മേളനത്തില്‍ വേദിയില്‍ പ്രദര്‍ശിപ്പിക്കേണ്ടി വന്നത് കൃഷ്ണമാചാര്യയുടെ ഭാര്യാ സഹോദരന്‍ സുന്ദര രാജ അയ്യങ്കാറിനായിരുന്നു. കഠിനമായ ഈ വ്യായാമ പ്രകടനത്തെ വേഗം കുറഞ്ഞ ലളിതമുറയിലേക്ക് മാറ്റി കോളേജുകളില്‍ അയ്യങ്കാര്‍ പഠിപ്പിച്ച തട്ടുകളിവ്യായാമമാണ് പിന്നീട് ഇന്നത്തെ യോഗയായി പരിണമിച്ചത്‌. (പിന്നീട് ആരൊക്കെയോ അത് ഭാരതീയം എന്ന പേരില്‍ ഏറ്റെടുക്കുകയായിരുന്നു; ബ്രിട്ടീഷ് പട്ടാളത്തിന്‍റെ വെട്ടിയ മുടിയും മുട്ടോളമുള്ള കാക്കി ട്രൌസേഴ്സും ബ്രിട്ടീഷ് ഓഫീസര്‍മാരെ പോലെ കോളറുള്ള വെള്ള കുപ്പായവും ഒക്കെ ഏറ്റെടുത്ത പോലെ). യോഗത്തെ അറിയാന് അഗസ്ത്യനെയും തിരുമൂലരെയും വേണമെങ്കില്‍ അല്പം പതഞ്ജലിയേയും പഠിക്കുകയാണ് ഉത്തമം. അത് ഇന്നത്തെ യോഗ കേന്ദ്രങ്ങളില്‍ പൊതുവെ ലഭ്യമല്ല.

  ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വന്നപ്പോള്‍ ആവശ്യത്തിനു വിവാദങ്ങള്‍ ക്ഷണിച്ചിരുന്നു. അത് കൊണ്ട് ഒരു വിശദീകരണക്കുറിപ്പ് എഴുതി. അത് ചുവടെ ചേര്‍ക്കുന്നു. 

  യോഗത്തെ പറ്റി പറഞ്ഞതിന്‍റെ പൂര്‍ണ ചിത്രം
  .
  യോഗയെ പറ്റിയുള്ള ഈയുള്ളവന്‍റെ കഴിഞ്ഞ പോസ്റ്റ് അത്യാവശ്യം തിരയിളക്കം ഉണ്ടാക്കിയെന്നു തോന്നുന്നു. വ്യക്തതയ്ക്കായി ഒരുപാട് ഫോണ്‍വിളികള്‍ വന്നു. പ്രതികൂലിച്ചും അനുകൂലിച്ചും സംശയം പറഞ്ഞും ഉപദേശിച്ചും തികച്ചും തെറ്റിദ്ധരിച്ചു കൊണ്ടും ഒട്ടേറെ കമന്‍റുകള്‍ വന്നു. പോസ്റ്റിലെ ആക്ഷേപഹാസ്യവും ഈയുള്ളവന്‍റെ നിലപാടും പോസ്റ്റില്‍ നിന്നും വ്യക്തമായില്ല എന്ന് ബോദ്ധ്യമായി. വിമര്‍ശനങ്ങളില്‍ സന്തോഷമേയുള്ളൂ. എന്നാല്‍ അനുകൂലിച്ചു വന്ന കമന്‍റുകളില്‍ പലതും യോഗം ഒരു ശരിയല്ലാത്ത സംസ്കാരമാണെന്ന് ഈയുള്ളവന്‍ പറയുന്നതായി തെറ്റായി വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തതാണ് ഏറ്റവും ഖേദകരം. അതിനാല്‍ ഒരു വിശദീകരണം നല്‍കാം എന്ന് കരുതുന്നു. ഓരോരുത്തരുടെയും അന്വേഷണത്തിനും അനുഭവത്തിനും നിയോഗത്തിനും അനുസരിച്ച് പൊതുവായ ഒന്നിനെ ഓരോന്നായി ആണ് മനസ്സിലാക്കുക. അത്തരത്തില്‍ ഈയുള്ളവന്‍റെ ബോദ്ധ്യമാണ് ഇവിടെ എഴുതുന്നത്‌. അത് ആത്യന്തികശരി ആണെന്ന വാദവും ഇല്ല.
  .
  പോസ്റ്റിനുണ്ടായ സാഹചര്യം.
  .
  അന്താരാഷ്ട്ര യോഗദിനത്തില്‍ കണ്ട “യോഗാ” പോസ്റ്റുകള്‍ ആണ് ആദ്യ പ്രചോദനം. രണ്ടാമത്, സ്ഥിരമായി ചുറ്റുപാടും കണ്ടു വരുന്ന യോഗമത്സര പരിപാടികള്‍. പിന്നെ യോഗകേന്ദ്രങ്ങള്‍ നടത്തുന്നവര്‍ ക്ലാസ്സുകള്‍ എടുക്കുവാനായി വിളിച്ചിട്ട്‌ ചെല്ലുമ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ . ഒടുവില്‍, സഹയാത്രികരായ സാധകര്‍ യോഗത്തെ മനസ്സിലാക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന വിധം.
  .
  പോസ്റ്റിന്‍റെ ലക്ഷ്യം.
  .
  ഫാഷനായും മത്സരമായും സ്പോര്‍ട്ട് ആയും കായികചലനമായും മനസ്സിലാക്കി, പരിസ്ഥിതിദിനം പോലെ ആഘോഷിക്കുവാന്‍ ഒരു ദിനവും ഉണ്ടാക്കി ജീവിതത്തില്‍ നിന്നും വേറിട്ട്‌ നിര്‍ത്തുന്ന നിലംതൊടാപച്ചയായ യോഗയെന്ന ചടങ്ങിന്‍റെ നിരര്‍ത്ഥകതയെ ചൂണ്ടിക്കാണിക്കുക. ശുദ്ധമായ യോഗം എന്നത് ഇതല്ല എന്ന് വിളിച്ചു പറയുക. യോഗയെന്ന പേരില്‍ പറന്നു നടക്കുന്ന പലരെയും യോഗമെന്ന മഹാസാഗരത്തിലേക്ക് ക്ഷണിക്കുക. ഒപ്പം യോഗത്തിന്‍റെ വേര് ആര്യാവൃത്തത്തിലല്ല, ദ്രാവിഡത്തിലും തമിഴിലും ആണെന്ന് ഉറക്കെ പറയുക.
  .
  ഈ വിശദീകരണക്കുറിപ്പ്‌ കൊണ്ട് ലക്ഷ്യമാക്കുന്നത്.
  .
  ഈയുള്ളവന്‍ യോഗയ്ക്ക് എതിരല്ല എന്ന് മാത്രമല്ല പൂര്‍ണമായ യോഗാവസ്ഥയെ പ്രാപിക്കുവാനായി ജീവിതം സമര്‍പ്പിച്ച ആളുമാണ്. കൂടാതെ ശരിയായ യോഗത്തെ പഠിതാക്കള്‍ അറിയണം എന്ന് ശക്തമായി ആഗ്രഹിക്കുന്നുമുണ്ട്. യോഗത്തെ തെറ്റായി വ്യാഖ്യാനിക്കുന്ന പ്രചാരണങ്ങളും മത്സരങ്ങളും പഠിപ്പിക്കലും അല്ല വേണ്ടത് എന്ന ശക്തമായ അഭിപ്രായം ഉണ്ട്. പഠിതാക്കള്‍ യോഗയുടെ പൂര്‍ണ രൂപത്തെ അറിയണം എന്നു ആഹ്വാനം ചെയ്യുന്നു. ഒപ്പം സമഗ്രമായി യോഗത്തെ അറിയുവാനും അതായി മാറുവാനും ആ വഴിയില്‍ തന്നെ ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്കായി ഒരു കൂട്ട് ജീവിത ഗ്രാമം ഉണ്ടാക്കി കൊണ്ടിരിക്കുന്ന ആളുമാണ്. ഈയുള്ളവനെ സംബന്ധിച്ചിടത്തോളം സുസ്ഥിരജീവനവും ജ്ഞാനവും ശാന്തിയും ആരോഗ്യവും സന്നദ്ധപ്രവര്‍ത്തനവും യോഗവും എല്ലാം വെവ്വേറെയല്ല. മുന്‍ പോസ്റ്റ് കണ്ടു തെറ്റിദ്ധരിച്ച ആളുകളെ ഇക്കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തുക എന്നതാണ് ഈ കുറിപ്പ് കൊണ്ട് ലക്ഷ്യമാക്കുന്നത്.
  .
  പ്രാഥമിക വീക്ഷണം.
  .
  യോഗയുടെ പ്രചാരകരില്‍ ബഹു ഭൂരിപക്ഷവും ഇത് മതപൈതൃകത്തെ കൂട്ട്പിടിക്കുകയും പുതിയൊരു സംസ്കാരമായി ആവിഷ്കരിക്കുകയും ചെയ്യുന്നു. ആരോഗ്യസംരക്ഷണത്തിനോ സൌന്ദര്യത്തിനോ ജീവിത മാനേജുമെന്‍റിനോ വേണ്ടിയുള്ള വ്യായാമങ്ങളും ധ്യാനവും ശ്വസന ക്രിയകളും ചില മുദ്രകളും ആണ് യോഗ എന്ന ധാരണ സമൂഹത്തില്‍ രൂഢമൂലം ആയിരിക്കുന്നു. വേരുകള്‍ അറ്റ് മറ്റൊന്നായിമാറുന്ന യോഗം, അതിന്‍റെ ഉറവിടം ദ്രാവിഡമാണെന്ന്. അറിയാതെ പോകുന്നു. ഹഠയോഗ പ്രദീപികയ്ക്കും യോഗസൂത്രത്തിനും അപ്പുറത്ത് വിപുലമായ തിരുമന്തിരം എന്ന ആധാര പ്രമാണം യോഗത്തിനുണ്ട്. അവയ്ക്ക് ആധാരം എഴുതപ്പെടാത്ത ശൈവ ആഗമങ്ങള്‍ ആണ്. (ശിവന്‍ എന്നത് ഭാരതത്തില്‍ ഉണ്ടായ ചിന്താധാരകളുടെയെല്ലാം ആദി ഗുരുവാണ്. അദ്ദേഹത്തെ ദൈവമായി ചിത്രീകരിച്ചു ചുമരില്‍ തൂക്കിയത്‌ മതമാണ്‌.)
  .
  യോഗമെന്നത് മനുഷ്യ ജീവിതത്തിന്‍റെ സുസ്ഥിരതയ്ക്ക് വേണ്ടിയുള്ള നമ്മുടെ പൈതൃക വഴിയാണ്. ഭൌതികതയും ആത്മീയതയും ജ്ഞാനീയതയും മനഃശാസ്ത്രവും ചൈതന്യവിനിമയവും സമന്വയിപ്പിച്ച് സമഗ്രമായി മുന്നോട്ടു കൊണ്ട് പോകുവാനുള്ള പ്രായോഗിക സാധനാ ക്രമം ആണ് യോഗസാധന. അത് ചികിത്സയ്ക്കോ വില്പനയ്ക്കോ മതസ്ഥാപനത്തിനോ വേണ്ടി ഉപയോഗിച്ച് കൂടാ. മറ്റു ജീവജാലങ്ങള്‍, ബോധപൂര്‍വം അല്ലാതെ തന്നെ, പ്രകൃതിയുടെ നിയമങ്ങളെ അനുസരിച്ചാണ് ജീവിക്കുന്നതു. ഭാവനാശേഷിയും യുക്തിശേഷിയും മൂലം മനുഷ്യന്‍ പ്രകൃതിയുടെ നിയമങ്ങള്‍ തെറ്റിക്കുന്ന സംസ്കാരത്തിലേക്ക് വീണു പോയിരിക്കുന്നു. അത് അവനടക്കമുള്ള സര്‍വ ജീവരാശികളുടെയും നാശത്തിലേക്ക് വഴി തിരിച്ചേക്കാം. അത്തരമൊരു പൂര്‍ണ വീഴ്ച സംഭവിക്കാതെ ഇരിക്കണമെങ്കില്‍ മനുഷ്യ കുലത്തിലെ കുറച്ചു പേരെങ്കിലും തങ്ങള്‍ക്കു ലഭ്യമായ ശേഷിയിലൂടെ പ്രകൃതിയുമായുള്ള സുതാര്യതയും ഏകതാനതയും തിരികെ നേടിയേ മതിയാകൂ. അതിനുള്ള ഇന്ന് ലഭ്യമായ ഏറ്റവും സമഗ്രമായ വഴിയാണ് യോഗം. അത് ഒരിക്കലും രോഗചികിത്സയ്ക്കും മത്സരത്തിനും ഉപയോഗിക്കുവാനുള്ള ആസനപ്രദര്‍ശനം കൊണ്ട് നേടുവാന്‍ കഴിയില്ല. മനുഷ്യകുലത്തിന്‍റെ ആദിഗുരുക്കന്മാര്‍ ചിട്ടപ്പെടുത്തിയ ലക്ഷ്യത്തിലും മാര്‍ഗത്തിലും നിന്ന് യോഗം വ്യതിചലിക്കാതിരിക്കുവാന്‍ ഓരോ സാധകനും ശ്രദ്ധിക്കേണ്ടതുണ്ട്.
  .
  അറിയാവുന്ന ചരിത്രം
  .
  ആദിഗുരുവായ ശിവ ഗുരുവിന്‍റെ ദൂതനോ അവതാരമോ ഗുരു തന്നെയോ കൈലാസവാസിയോ ആണെന്ന് കരുതപ്പെടുന്ന ശ്രീകണ്ഠരുദ്രരുടെ (നന്ദിയുടെ) ശിഷ്യന്‍ ആയ സുന്ദരയോഗി, തിരുമൂലന്‍ ആയി ദേഹം മാറി ഉണ്ടായ തിരുമൂലനായനാര്‍ ചിട്ടപ്പെടുത്തിയ ജീവിത പദ്ധതിയും സാധനയും മോക്ഷ മാര്‍ഗവും ആണ് യോഗം എന്നാണു വിശ്വാസം. മൂവായിരത്തോളം വര്‍ഷങ്ങള്‍ കൊണ്ട് രചിക്കപ്പെട്ടതാണ് തിരുമന്തിരം എന്ന യോഗശാസ്ത്രത്തിന്‍റെ ആധികാരിക ഗ്രന്ഥം എന്നും വിശ്വസിക്കപ്പെടുന്നു. രചനയുടെ സ്വഭാവം വച്ച് വിവിധ കാലഘട്ടങ്ങളിലെ സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്നുണ്ടെന്നു തമിഴ് ഗവേഷകര്‍ പറയുന്നു. തിരുമൂലരുടെ ജീവിത കാലത്തെ പറ്റിയോ ആയുസ്സിനെ കുറിച്ചോ കൃത്യമായ അറിവുകള്‍ നമുക്ക് ലഭ്യമല്ല. എങ്കിലും ശ്രീകണ്ഠരുദ്രരുടെ തന്നെ ശിഷ്യനായ പതഞ്‌ജലി, തിരുമന്തിരത്തിന്‍റെ യോഗമെന്ന ഭാഗത്തെ പുനരാവിഷ്കരിക്കുകയോ സമാന്തരമായി സൃഷ്ട്ടിക്കുകയോ ചെയ്തുണ്ടായതാണ് യോഗസൂത്രം (ആധുനിക യോഗശാസ്ത്രം) എന്നു വിശ്വസിക്കപ്പെടുന്നു. ശ്രീകണ്ഠരുദ്രരുടെ ശിഷ്യനായ പതഞ്‌ജലിയാണോ യോഗസൂത്രം എഴുതിയതെന്ന തര്‍ക്കവും നിലവിലുണ്ട്. എങ്കിലും ആര്യ ഭാഷയില്‍ യോഗസൂത്രവും ദ്രാവിഡ ഭാഷയില്‍ തിരുമന്തിരവും ലോകത്തിനു വെളിപ്പെട്ടു എന്ന് ബോദ്ധ്യമാക്കാം.
  .
  മനസ്സിന്‍റെയും ശരീരത്തിന്‍റെയും സമമായ ചേര്‍ച്ചയാണ് യോഗമെന്നു കരുതപ്പെടുന്നു. അതിനു വിഘാതമാകുന്നത് ചിത്തവൃത്തിയാണെന്നും അത് നിരോധിച്ചാല്‍ യോഗമുണ്ടാകുമെന്നും ആധുനിക യോഗശാസ്ത്രത്തിന്‍റെ പിതാവെന്നു വിളിക്കപ്പെടുന്ന പതഞ്ജലി അഭിപ്രായപ്പെടുന്നു. വൈയക്തിക ജീവമുക്തി ലക്ഷ്യമാക്കുന്ന ആധുനിക(പാതജ്ഞല)യോഗവും സാമൂഹിക മാനങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്ന തിരുമന്തിരവും തമ്മില്‍ ഒരുപാട് ദൂരമുണ്ട്. ശൈവ ആഗമങ്ങളില്‍ മുഖ്യമായ ഒന്‍പതു എണ്ണത്തെയാണ്‌ തിരുമന്തിരത്തില്‍ പ്രതിപാദിക്കുന്നത്. അവയില്‍ മൂന്നാമത്തെതായ വീര ആഗമമാണ് യോഗം എന്ന സാധനാത്മക ജീവിതത്തെ പ്രതിപാദിക്കുന്നത്. മുന്നിലും തുടര്‍ന്നുമുള്ള ആഗമങ്ങള്‍ യോഗത്തിന്‍റെ അഷ്ടാംഗങ്ങള്‍ക്കും ഉള്ള വിപുലമായ മുറകളെയും സാദ്ധ്യതകളെയും ധര്‍മങ്ങളെയും കൃത്യതയോടെ പ്രതിപാദിക്കുന്നുണ്ട്.
  .
  ഒരു സത്തയുടെ സ്വത്വം എന്നത് അതിന്‍റെ ഘടനയും (ശരീരവും) സംഘാടന സംവിധാനവും (ആത്മവും) ധര്‍മ സംവിധാനവും (മനസ്സും) പൊരുത്തപ്പെടുവാനുള്ള സംവിധാനവും (ജ്ഞാനവും) ഊര്‍ജ സംവിധാനവും (ചൈതന്യവും) ചേര്‍ന്നതാണ്. ഒരു ജീവിയുടെ / മനുഷ്യന്‍റെ ഈ പഞ്ച മാനങ്ങള്‍ അത് നില നില്‍ക്കുന്ന പശ്ചാത്തലത്തിന്‍റെ (പരിസ്ഥിതി / പ്രകൃതിയുടെ) പഞ്ചമാനങ്ങളുമായി ഏകതാനതയില്‍ ആകുമ്പോള്‍ യോഗം ആയി എന്ന് പറയാം. ജീവന്‍ എന്ന സ്വയം നിയന്ത്രണ സംവിധാനം പ്രകൃതിയുടെ സചേതനത്വവുമായി ഇവ്വിധം ഏകീ ഭാവത്തില്‍ ആകുന്നതിനെയാണ് യോഗശാസ്ത്രങ്ങള്‍ ജീവന്‍മുക്തി എന്ന് വിവക്ഷിക്കുന്നത്.
  .
  മൂല്യശുദ്ധി, ആചരണശുദ്ധി, കായശുദ്ധി, ചിത്തശുദ്ധി, കര്‍മശുദ്ധി, ലക്ഷ്യശുദ്ധി, ലയശുദ്ധി, ലയം എന്നീ ക്രമത്തില്‍ ആണ് ജീവമുക്തി അഥവാ യോഗം സാദ്ധ്യമാകുക. അവയില്‍ മൂന്നാം ഘട്ടമാണ് കായശുദ്ധി. അതിന്‍റെ ലക്ഷണമാണ് സ്വസ്ഥമായി ആസനസ്ഥനാകുവാനുള്ള ശേഷി. അതിലേക്കുള്ള വഴിയാണ് ആസന പരിശീലന മുറകള്‍. യോഗ ഗ്രന്ഥങ്ങളുടെ ആവിര്‍ഭാവത്തിനു മുമ്പായി തന്നെ സാംസ്കാരികമായി വികസിച്ചു വന്ന ശരീരവ്യായാമങ്ങളും മറ്റുമാണ് ആസനസ്ഥനാകുവാനായി ഉപയോഗിച്ച് വന്നിരുന്നത്. പതിനഞ്ചാം നൂറ്റാണ്ടില്‍ ഉണ്ടായ ഹഠയോഗ പ്രദീപിക (സ്വത്മരാമയോഗി), പതിനേഴാം നൂറ്റാണ്ടില്‍ ഉണ്ടായ ഘെരണ്ട സംഹിത (ഘെരണ്ടയോഗി), പതിനേഴാം നൂറ്റാണ്ടില്‍ ഉണ്ടായ ശിവസംഹിത (രചിയിതാവിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല) തുടങ്ങിയവയാണ് ആസനങ്ങളെ കുറിച്ച് പറയുന്ന പ്രാമാണിക ഗ്രന്ഥങ്ങള്‍ ‍.
  .
  സാധാരണ ജീവിത വ്യാപാരങ്ങളില്‍ (അജ്ഞതയാകുന്ന ഇരുട്ടില്‍) നിന്നും ജനം യോഗാദ്ധ്യയനത്തിനു വന്നു ചേരുമ്പോള്‍ ചഞ്ചലതയില്ലാതെ ആസനസ്ഥനാകുവാനായാണ് ആദ്യം കായവ്യായാമ പരിശീലനത്തിനായി സ്വത്മരാമയോഗി ആസന മുറകള്‍ ആവിഷ്കരിച്ചു ചിത്രീകരിച്ചത്. ശിവഗുരു ഏതാണ്ട് എണ്‍പത്തി നാല് ആസനങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നും അവയില്‍ സ്വസ്ഥികാസനം, ഗോമുഖാസനം, വീരാസനം, കൂര്‍മാസനം, പത്മാസനം, കുക്കുടാസനം, ഉത്താനകൂര്‍മാസനം, ധനുരാസനം, മത്സ്യേന്ദ്രാസനം, പശ്ചിമോത്താനാസനം, മയൂരാസനം, ശവാസനം. എന്നിവയെ വിശദീകരിച്ചു കൊണ്ട് ഏറ്റവും മികച്ചത് സിദ്ധാസനം (വജ്രാസനം), പത്മാസനം, സിംഹാസനം, ഭദ്രാസനം എന്നിവയാണെന്നും സൂചിപ്പിക്കുന്നു. ആരോഗ്യ സംരക്ഷണത്തിനും ചില രോഗ വിമുക്തികള്‍ക്കും ഇവ ഉപകരിക്കുമെന്നും ഒപ്പം പറയുന്നുണ്ട്. എന്നാല്‍ തിരുമന്ത്രമോ യോഗസൂത്രമോ അങ്ങിനെ എവിടെയും സൂചിപ്പിച്ചിട്ടില്ല. പത്തിനഞ്ചു നൂറ്റാണ്ടുകള്‍ക്കു ശേഷം ഒരു ഗ്രന്ഥം ആസനങ്ങളെ കുറിച്ച് രചിക്കപ്പെടുന്നുവെങ്കില്‍ യഥാര്‍ത്ഥ യോഗം ആസനങ്ങള്‍ക്കു നല്‍കിയിരുന്ന സ്ഥാനവും രൂപവും പ്രമാദത്വവും അല്ല ഇന്ന് യോഗത്തിനു പര്‍വതീകരിച്ച് നല്‍കപ്പെടുന്ന പ്രാധാന്യം എന്ന് വേണം മനസ്സിലാക്കാന്‍. എങ്കിലും അരോഗിതമായ കായം മൂലമേ സാക്ഷാത്കാരം സാദ്ധ്യമാകുകയുള്ളൂ എന്നതിനാല്‍ ആസനസ്ഥനാകുന്നതിനു മുന്‍പുള്ള വ്യായാമ ശൌച്യം എന്ന രീതിയില്‍ നവമുറകളെ സ്വീകരിക്കാവുന്നതാണ്.
  .
  എന്നാല്‍ ഇവയൊക്കെ ജനം തമസ്കരിച്ചു പോയപ്പോള്‍ ആണ് കൃഷ്ണമാചാര്യ എന്ന പണ്ഡിതന്‍, പ്രാകൃത ജിംനാസ്റ്റിക്സ് എന്ന പേരില്‍ ഭാരതീയ മല്ലയുദ്ധത്തെയും തട്ടുകളി (ജിംനാസ്റ്റിക്ക്സ്) യേയും ബ്രിട്ടീഷ് കാലിസ്തെനിക്സുമായി ചേര്‍ത്ത് ഇന്നത്തെ യോഗയുടെ പ്രാകൃത രൂപത്തെ വികസിപ്പിച്ചെടുത്തത്. വിന്യാസ യോഗയായ സൂര്യ നമസ്കാരം തുടങ്ങിയ വ്യായാമങ്ങള്‍ അദ്ദേഹത്തിന്‍റെ സംഭാവനയാണ്. കൃഷ്ണമാചാര്യയുടെ ഭാര്യാ സഹോദരന്‍ സുന്ദരരാജഅയ്യങ്കാര്‍ കഠിനമായ ഈ വ്യായാമ പ്രകടനത്തെ വേഗം കുറഞ്ഞ ലളിതമുറയിലേക്ക് മാറ്റി കോളേജുകളില്‍ പഠിപ്പിച്ച തട്ടുകളിവ്യായാമമാണ് പിന്നീട് ഇന്നത്തെ യോഗയായി പരിണമിച്ചത്‌. ഇതിനു മുമ്പ് തന്നെ 1918-ല്‍ മുംബൈ സാന്താക്രൂസില്‍ പരംഹംസ മാധവദാസയോഗിയുടെ ശിഷ്യന്‍ യോഗേന്ദ്രജി ആരംഭിച്ച ദി യോഗാ ഇന്‍സ്റ്റിട്ട്യൂട്ട് ആണ് ലോകത്തിലെ ആദ്യ ഔദ്യോഗിക യോഗ പരിശീലന സ്ഥാപനം. യോഗയെ രോഗചികിത്സയ്ക്ക് വേണ്ടിയും ശാന്തി നിറഞ്ഞ ജീവിത മാനേജ്മെന്‍റിന് വേണ്ടിയും ഉപയോഗിച്ച് തുടങ്ങിയത് യോഗാ ഇന്‍സ്റ്റിട്ട്യൂട്ട് ആയിരുന്നു. ഈ രണ്ടു ധാരകളുടെയും സമന്വയമാണ് നമുക്ക് സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമാകുന്ന യോഗ. ഗുരുപരമ്പരയില്‍ നിന്നോ ആശ്രമങ്ങളില്‍ നിന്നോ അദ്ധ്യയനം ചെയ്യാവുന്നത് യോഗയല്ല, യോഗമാണെന്ന് വേര്‍തിരിച്ചു പറയേണ്ടി വരുന്നു.
  .
  അനുമാനം
  .
  ഇത്രയും കൊണ്ട് തന്നെ യോഗം അതിന്‍റെ ശുദ്ധമായ രൂപത്തില്‍ നിന്നും ലക്ഷ്യത്തില്‍ നിന്നും വ്യതി ചലിച്ച്, രോഗ ചികിത്സയ്ക്കും മാനേജ്ന്‍റിനും അത് വഴി മത്സരത്തിനും ഉള്ള ഒരു സങ്കേതമായി മാറി. കഴിഞ്ഞ അര നൂറ്റാണ്ടു കൊണ്ട് യോഗ എന്നതു അത്യനന്ത സാദ്ധ്യതയുള്ള ഒരു ബിസിനസ് സങ്കേതവും ഫാഷനും ആയി. ശുദ്ധമായ യോഗം അദ്ധ്യയനം ചെയ്തു പരിശീലിക്കുവാനുള്ള ഇടങ്ങളോ ഉറവിടങ്ങളോ ഇല്ലാതെ അതിന്‍റെ പരമ്പരകളില്‍ നിന്നും വേരറ്റു പോയ്ക്കൊണ്ടാണ് ഇത്തരം ഒരു വിശ്വോത്തര വികാസത്തിലേക്ക് പറന്നുയരുന്നതെന്ന് മിക്കവരും മനസ്സിലാക്കുന്നില്ല എന്നതാണ് ഖേദകരം.
  .
  ഈയുള്ളവന്‍റെ നിലപാട്
  .
  ● ഒരിക്കല്‍ കൂടി പറയട്ടെ, ഇത് ഈയുള്ളവന്‍റെ അനുഭവവും ബോദ്ധ്യവും ആണ്.
  .
  ● ഇന്ന് യോഗ പഠന കേന്ദ്രങ്ങളില്‍ കൂടി പരിശീലിപ്പിക്കുന്ന പലതും യോഗം എന്ന സാധനാ സമ്പ്രദായത്തിന്‍റെ കറപ്റ്റഡ് ആയ മുറകള്‍ ആണ്. അവയില്‍ പലതും നഗരവല്കരണത്തിന്‍റെയും കൊളോണിയലിസത്തിന്‍റെയും ചുവടു പറ്റി കഴിഞ്ഞ കുറച്ചു കാലം കൊണ്ട് ഉണ്ടായവയാണ്. ശരിയായ യോഗവും സാധനയും ലക്ഷ്യവും മറ്റൊന്നാണ്.
  .
  ● യോഗം ഒരു മതപര സങ്കേതം അല്ല. അത് ജീവ പദ്ധതിയാണ്. പ്രാപഞ്ചികതയിലേക്കുള്ള ഏകതാന മാര്‍ഗമാണ് യോഗം. അതിനെ അല്‍പ വീക്ഷണം കൊണ്ട് മറ്റൊന്നായി ചിത്രീകരിക്കുന്നത് അബദ്ധമാണ്.
  .
  ● രാവിലെയും വൈകീട്ടും ഓരോന്നു വീതം ഒരാഴ്ച സ്വീകരിച്ചു രോഗം മാറ്റുന്ന ഉപഭോഗരീതി നാഗരികതയുടേതാണ്. ആവിധം സമീപിക്കേണ്ടുന്ന താല്‍കാലിക ആരോഗ്യ പ്രതിവിധിയോ സൌഖ്യപ്രാപ്തിയോ അല്ല യോഗം. അതൊരു ബോദ്ധ്യവും അര്‍പ്പണവുമാണ്.
  .
  ● യോഗം വില്‍ക്കുവാന്‍ കഴിയുന്നതോ മുഴുവന്‍ പേരെയും സമീകരിക്കുവാന്‍ കഴിയുന്നതോ അല്ല.
  .
  ● സാധന ചെയ്യുന്നവര്‍ക്കെല്ലാം കൈവല്യ (ആത്മ സാക്ഷാത്കാര) പ്രാപ്തി സിദ്ധിക്കുവാന്‍ ആകില്ല എന്നത് മിക്കവര്‍ക്കും ബോദ്ധ്യമല്ല. എത്ര കഠിന സാധകരായാലും ചില ഘടകങ്ങളുടെ അനുകൂല പശ്ചാതലം ഉണ്ടെങ്കിലേ ഏതെങ്കിലും ഫലം ഉണ്ടാകുകയുള്ളൂ. (എന്നാല്‍ ഈ ഫല പ്രാപ്തിയല്ല യോഗലക്ഷ്യം)
  .
  ● പരിണാമപരമായ ആനുകൂല്യം ഓരോ സത്തയ്ക്കും ഉണ്ടാകും. ഒരേ സമയം പരിണാമ ഘട്ടത്തിലെ വിവിധ ഇടങ്ങളിലെ സത്താ രൂപങ്ങള്‍ ഒരേ സമയത്ത് ഒരു സമൂഹമായി സഹവര്‍ത്തിക്കും എന്നതാണ് ഒരു വിശേഷം. ഈ പരിണാമ വൈവിദ്ധ്യം ഓരോ ജീവിവര്‍ഗത്തിലും കാണാം. മനുഷ്യരിലും അതുണ്ട്. അങ്ങിനെ ഉത്തമീകരിക്കപ്പെട്ട പരിണാമ നിലയുള്ളവര്‍ക്കു മാത്രമേ കൈവല്യ പ്രാപ്തി ഉണ്ടാകൂ എന്നതാണ് ഈയുള്ളവന്‍റെ കഴിഞ്ഞ കാല്‍ നൂറ്റാണ്ടു നീണ്ട പഠനത്തില്‍ നിന്നുമുണ്ടായ ബോദ്ധ്യം.
  .
  ● രോഗ ചികിത്സയ്ക്ക് യോഗത്തെ ഉപയോഗിക്കുന്നതിന്‍റെ പരിമിതി കൂടി പറയേണ്ടതുണ്ടെന്നു തോന്നുന്നു. ജീവജം, കുലജം, സഹജം, വ്യക്തിജം, സമാജം വിശ്വജം എന്നിങ്ങനെയാണ് ജീവസത്തകളുടെ അടിസ്ഥാന സ്വഭാവങ്ങള്‍. സഹജമോ വ്യക്തിജമോ ആയ അസ്വാഭാവികതകള്‍ക്ക് യോഗം ഒരു പരിഹാരമായേക്കാം. എന്നാല്‍ മറ്റു ഘട്ടങ്ങളുടെ അസ്വാഭാവികതയും അതിന്‍റെ നിയന്ത്രണവും നമ്മുടെ കയ്യിലല്ല. അതിനാല്‍ തന്നെ യോഗയെ ഒരു രോഗ നിയന്ത്രണ / ആരോഗ്യ സംരക്ഷണ ഉപാധിയായി കണക്കാക്കേണ്ടതില്ല. അത് ജീവസത്തയുടെ ധര്‍മ പദ്ധതിയെ അതിന്‍റെ പൂര്‍ണതയില്‍ എത്തിക്കുവാനുള്ള വഴിയാണ്.
  .
  ഇതൊക്കെ പറയാന്‍ ഈയുള്ളവന്‍റെ യോഗ പശ്ചാത്തലം.
  .
  പതിനാറാം വയസ്സില്‍ പാരമ്പര്യ സിദ്ധഗുരു മണിയേട്ടനില്‍ നിന്നും ഉപദേശം സിദ്ധിച്ചു. മുപ്പതു വര്‍ഷമായി പലവിധ പരിശീലനങ്ങളിലും അനുഭവങ്ങളിലും കൂടി സമാന്തരമായും സമമായും യാത്ര ചെയ്തു ഉത്തമീകരിക്കുവാന്‍ ശ്രദ്ധിക്കുന്നു. വിരലില്‍ എണ്ണാവുന്നവരെങ്കിലും കുറച്ചു പേര്‍ യോഗത്തെ ഈയുള്ളവനിലൂടെ പരിചയപ്പെട്ടു പരിശീലിക്കുന്നു. യോഗമാണ് ജീവിതം എന്ന് കരുതുന്നു. അത്തരമൊരു യോഗിത സംസ്കാരത്തിനുള്ള പശ്ചാത്തലം സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നു.
  .
  തെറ്റിദ്ധരിക്കപ്പെട്ട ഒരു പോസ്റ്റിനുള്ള വിശദീകരണക്കുറിപ്പ് ആയതിനാല്‍ പണ്ട് വായിച്ചും കേട്ടും അറിഞ്ഞ പലതിന്‍റെയും നിചാവസ്ഥ കൃത്യതയോടെ പറയുവാനായി, കാല്‍ നൂറ്റാണ്ടിനു ശേഷം, ചില റഫറന്‍സുകളിലൂടെ യാത്ര ചെയ്യുവാന്‍ ഈ ഉദ്യമം കാരണമായി. ദക്ഷിണേന്ത്യയില്‍ നിലവിലുള്ള ഏറ്റവും പ്രധാനപ്പെട്ട സിദ്ധഗവേഷകരേയും യോഗികളെയും ബന്ധപ്പെട്ടു. മിക്കവര്‍ക്കും എകാഭിപ്രായമാണ് ഉള്ളതെന്ന് അറിഞ്ഞപ്പോള്‍ കുറച്ചു കൂടി സന്തോഷമായി. ഇത് ഏവര്‍ക്കും ഗുണകരമായി ഭവിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
  .
  ആത്മ നമസ്കാരം.
  .
  സന്തോഷ്‌ ഒളിമ്പസ്
  നവഗോത്ര ഗുരുകുലം,
  തത്തമംഗലം, പാലക്കാട്.
  9497628007

  Print Friendly

  1918total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in