പുത്തൻ ഇടതുപക്ഷമെന്ന നിലയിൽ ഗ്രീൻ പാർട്ടികൾ യൂറോപ്പിൽ വരുംകാലങ്ങളിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം; അതാകട്ടെ, ലോകവ്യാപകമായി വലിയ സ്വാധീനമാവുകയും ചെയ്യും.

കെ. ബാലകൃഷ്ണൻ

യൂറോപ്പിൽ ഗ്രീൻപാർട്ടി അടുത്തകാലത്തായി പ്രവർത്തനനിരതവും വലിയ സ്വാധീനശക്തിയുമാണ്. പ്രത്യയശാസ്ത്രപരമായി തീവ്ര ഇടതുപക്ഷവും മധ്യ ഇടതുപക്ഷവും അതിൽ ഉൾച്ചേർന്നിരിക്കുന്നു. ഗ്രീൻപാർട്ടി അതിവേഗം വളർന്നുവരികയാണ് ബ്രിട്ടനിൽ. ഇംഗ്ലണ്ടിലെ മൂന്ന് ജില്ലാ കൗൺസിലുകളുടെ ഭരണനേതൃത്വം ഗ്രീൻപാർട്ടിയാണ് കയ്യാളുന്നത്. രാജ്യത്തിന്റെ മധ്യഭാഗത്തുള്ള വാർവിക് ജില്ലയുടെ ഭരണകൗൺസിലിന്റെ ലീഡർ ഗ്രീൻപാർട്ടി നേതാവായ ഇയാൻ ഡേവിസൺ ആണ്. തനിച്ച് ഭൂരിപക്ഷമില്ലാത്തതിനാൽ ബ്രിട്ടനിലെ ഇപ്പോഴത്തെ ഭരണകക്ഷിയായ ലേബർ പാർട്ടിയുമായി സഖ്യമുണ്ടാക്കിയാണ് വാർവിക് ജില്ലാ കൗൺസിലിന്റെ ഭരണനേതൃത്വം ഗ്രീൻപാർട്ടി കരസ്ഥമാക്കിയത്. 44 അംഗ കൗൺസിലിൽ 16 അംഗങ്ങൾ മാത്രമേ പച്ചപ്പാർട്ടിക്ക് ഉള്ളൂവെങ്കിലും ലേബറിന്റെ ഏഴംഗങ്ങൾ കൂടി ചേർന്നപ്പോൾ ഭൂരിപക്ഷമായി. 1974-ൽ ജില്ലാ കൗൺസിൽ രൂപവൽക്കരിച്ചതിനുശേഷം കൺസർവേറ്റീവുകൾ രണ്ടുതവണ സ്വന്തം നിലയിൽ അധികാരം കയ്യാളിയ വാർവിക് ജില്ലാ കൗൺസിലിൽ അവരുടെ സ്വാധീനമിടിഞ്ഞത് ഗ്രീൻപാർട്ടിയുടെ രംഗപ്രവേശത്തോടെയാണ്. അതേസമയം, 2023 മുതൽ കിഴക്കൻ ഇംഗ്ലണ്ടിലെ മിഡിൽ സഫോൾക്ക് ജില്ലാ കൗൺസിലിൽ പച്ചപ്പാർട്ടിക്ക് സ്വന്തമായി ഭൂരിപക്ഷമുണ്ട്. 34-ൽ 23 സീറ്റ്. തുടർച്ചയായി കൺസർവേറ്റീവ് കക്ഷി ഭരിച്ചുവന്ന സഫോൾക്കിൽ മൂന്നുവർഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ കേവലം മൂന്ന് സീറ്റാണ് അവർക്ക് ലഭിച്ചത്. ലെവസ് ജില്ലാ കൗൺസിലിന്റെ ലീഡറും ഗ്രീൻപാർട്ടിക്കാരനാണ്. 41 അംഗ കൗൺസിലിൽ 16 അംഗങ്ങളുള്ള ഗ്രീൻപാർട്ടി ലേബറിന്റെ എട്ടംഗങ്ങളുമായി ചേർന്നാണ് ഭരണം നടത്തുന്നത്.

ഷേക്സ്പിയറുടെ ജന്മനാടുൾപ്പെടുന്ന സ്ട്രാറ്റ്ഫോർഡ്-അപ്പോൺ-ഏവൺകൂടി ഉൾപ്പെടുന്ന വാർവിക് കൗണ്ടിയുടെ ഭാഗമായ വാർവിക് ജില്ലയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രകൃതിയോട് കൂറുള്ള, ഉത്തരവാദിത്വബോധമുള്ള ഏകപാർട്ടിയാണ് ഗ്രീൻ എന്ന് അവകാശപ്പെടുന്ന പച്ചപ്പാർട്ടിയുടെ വാർവിക്കിലെ പ്രഖ്യാപിത ലക്ഷ്യം 2030-ൽ വാർവിക് ജില്ലയെ സമ്പൂർണ കാർബൺ ന്യൂട്രൽ ജില്ലയാക്കുകയെന്നതാണ്. വാർവിക് ജില്ലാ കൗൺസിലിന്റെ കീഴിലുള്ള ജനനരജിസ്ട്രേഷൻ ഓഫീസിൽ പോയപ്പോൾ അവിടുത്തെ ഭരണത്തെപ്പറ്റിയും ഗ്രീൻപാർട്ടിയെക്കുറിച്ചും സാമാന്യമായി മനസ്സിലാക്കാൻ സാധിച്ചു. രജിസ്ട്രേഷനായി ഓൺലൈനിൽ അപേക്ഷിച്ചപ്പോൾ അനുവദിച്ച സമയത്തിനും ഒരുമണിക്കൂറോളം മുമ്പ് അവിടെയെത്തിയപ്പോഴാണ് മനസ്സിലായത്: 11 മണിയെന്നാൽ 11 മണിയാണ്. അതിനുമുമ്പ് രജിസ്ട്രേഷൻ സ്ഥലത്തേക്ക് പ്രവേശനമില്ല! ഫ്രണ്ട് ഓഫീസിനോടുചേർന്ന് വിപുലമായ ലൈബ്രറി ഹാളാണ് നമ്മെ സ്വാഗതം ചെയ്യുക. അലമാരയിൽനിന്ന് ഏതു പുസ്തകവുമെടുത്ത് പരിശോധിച്ച് അവിടെത്തന്നെ വെക്കാം. അത് നോക്കാനും നിയന്ത്രിക്കാനുമൊന്നും ആരുമില്ല.

നിശ്ചിതസമയമായപ്പോൾ ഒരുദ്യോഗസ്ഥ വന്ന് സ്വാഗതം ചെയ്യുന്നു. അവരെ പിന്തുടർന്ന് മുകളിലത്തെ നിലയിലേക്ക് ലിഫ്റ്റിൽ. ആ ഉദ്യോഗസ്ഥ മാത്രം ഇരിക്കുന്ന കൊച്ചുമുറി. മകളുടെ കുഞ്ഞിന്റെ രജിസ്ട്രേഷനുവേണ്ടി പോയതാണ് മരുമകനും ഞാനും. അഭിമുഖമെല്ലാം കഴിഞ്ഞ് രജിസ്ട്രേഷൻ നടപടി പൂർത്തിയായപ്പോൾ അവർ പറഞ്ഞു: ഞാൻ നിങ്ങളുടെ നാട്ടിന് വളരെ അടുത്ത് വന്നിട്ടുണ്ട്; ഒന്നല്ല, രണ്ടുപ്രാവശ്യം. അമ്പരപ്പോടെ അതെവിടെയെന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു, കൊളംബോവിൽ. ശ്രീലങ്കയിൽ കുറേദിവസം യാത്രചെയ്തിട്ടുണ്ട്. ഇന്ത്യയിൽ വരാനായിട്ടില്ല. ശ്രീലങ്കയിലാകുമ്പോൾ ചെലവ് കുറവാണ്; ഇന്ത്യയിൽ വരാനുള്ള ചെലവ് താങ്ങാനാവില്ല.

സൗഹൃദസംഭാഷണം

പിന്നീട് ജനനരജിസ്ട്രേഷനുമായി ബന്ധപ്പെട്ട ചട്ടങ്ങളിലേക്കായി. നമ്മുടെ നാട്ടിലേതുപോലെത്തന്നെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. ജനിച്ച് 42 ദിവസത്തിനകം വേണം അത്. ഓൺലൈനായി അപേക്ഷിച്ച് സമയം നിശ്ചയിച്ചശേഷം നേരിട്ടുപോയി രജിസ്ട്രേഷൻ. രജിസ്ട്രേഷന് ഫീസില്ല. സർട്ടിഫിക്കറ്റിന്റെ കോപ്പി വേണമെങ്കിൽ പന്ത്രണ്ടര പൗണ്ട് നൽകണം. ഇന്ത്യയിലെ അധികാരവികേന്ദ്രീകരണത്തേയും കേരളത്തിലെ ജനകീയാസൂത്രണത്തേയും കുറിച്ച് വായിച്ചിട്ടുണ്ടെന്നു പറഞ്ഞ അവരോട് യു.കെ.യിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെക്കുറിച്ച് ചോദിച്ചു. ഏറെക്കുറെ ഇന്ത്യയിലെ ത്രിതല പഞ്ചായത്ത്-നഗരസഭാ സംവിധാനമുപോലെ വ്യത്യസ്ത തട്ടുകളായാണ് ബ്രിട്ടനിലെ തദ്ദേശാധികാരം. ജില്ലാ കൗൺസിലുണ്ട്. ഒരു ജില്ലയോ ഒന്നിലേറെ ജില്ലകളും നഗരങ്ങളും ഉൾപ്പെട്ട കൗണ്ടി കൗൺസിലുണ്ട്. വൻനഗരങ്ങൾക്കായി കോർപ്പറേഷനുകൾപോലെ ബറോ കൗൺസിലുണ്ട്. സാധാരണ നഗരങ്ങൾക്കായി ടൗൺ കൗൺസിലുണ്ട്. ഏറ്റവും താഴെ സിവിൽ പാരിഷുകൾ അഥവാ സിവിൽ ഇടവകകൾ—ചെറിയ ഗ്രാമപഞ്ചായത്തുകൾ. വാർവിക്കിൽ ജില്ലാ കൗൺസിലുമുണ്ട്, കൗണ്ടി കൗൺസിലുമുണ്ട്. താഴെത്തട്ടിൽ നഗരകൗൺസിലുകളും സിവിൽ പാരിഷുകളും. ഇവിടെ വാർവിക് കൗണ്ടിയിൽ ഭരണം റിഫോം യു.കെ. എന്ന പുതിയ കക്ഷിയുടെ കയ്യിലാണ്. ജില്ലാ കൗൺസിലാകട്ടെ, ഗ്രീൻ പാർട്ടിയും ലേബറും ലിബറൽ ഡമോക്രാറ്റ്സും ചേർന്ന കൂട്ടുകക്ഷി ഭരണത്തിലാണ്—ഉദ്യോഗസ്ഥ പറഞ്ഞുനിർത്തി.

ബ്രിട്ടനിലെ അധികാരവികേന്ദ്രീകരണം

യു.കെ.യിലെ പ്രധാന ഇടതുപക്ഷ ശക്തികളിലൊന്നായി പച്ചപ്പാർട്ടി ഉയർന്നുകഴിഞ്ഞിട്ടുണ്ട്. 1990-ൽ സ്ഥാപിച്ച പാർട്ടി യൂറോപ്യൻ ഗ്രീൻ പ്രസ്ഥാനത്തിന്റെയും ഗ്ലോബൽ ഗ്രീനിന്റെയും ഭാഗമാണ്. യു.കെ.യിലും വെയിൽസിലും തിരഞ്ഞെടുപ്പുകളിലും നല്ല സ്വാധീനം ചെലുത്താൻ ഗ്രീനിനു സാധിക്കുന്നുണ്ട്. ബ്രിട്ടീഷ് പാർലമെന്റിന്റെ പൊതുസഭയിൽ 575-ൽ അഞ്ചും പ്രഭുസഭയിൽ 771-ൽ രണ്ടും ഉള്ളതിനുപുറമെ, തലസ്ഥാനനഗരിയുടെ ഭരണസമിതിയായ ലണ്ടൻ അസംബ്ലിയുടെ 25 അംഗങ്ങളിൽ മൂന്നുപേരും പച്ചയാണ്. വാർവിക്, മിഡിൽ സഫോൾക്ക്, ലെവസ് ജില്ലാ കൗൺസിലുകളുടെ നേതൃത്വത്തിനുപുറമെ രണ്ട് മേയർമാരും ഗ്രീൻപാർട്ടിയുടേതായുണ്ട്. പ്രാദേശിക സർക്കാരിന്റെ ഭാഗമായ തദ്ദേശഭരണസമിതികളിൽ 1379 അംഗങ്ങൾ ഗ്രീനിന്റേതായുണ്ട്. 17403 അംഗങ്ങളാണ് ആകെയുള്ളത്.

അധികാരവികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കിയ രാഷ്ട്രങ്ങളിലൊന്നാണ് ബ്രിട്ടൻ. കൗണ്ടി കൗൺസിലുകൾക്കാണ് വലിയ റോഡുകളുടെ നിർമാണം, സംരക്ഷണം, വിദ്യാഭ്യാസം, ആരോഗ്യസംവിധാനം, ട്രാൻസ്പോർട്ട്, ഫയർ ആൻഡ് റെസ്ക്യൂ, ലൈബ്രറികൾ എന്നിവയുടെ ചുമതല. ജില്ലാ കൗൺസിലുകൾക്കാണ് മാലിന്യശേഖരണത്തിന്റെയും സംസ്കരണത്തിന്റെയും ഉത്തരവാദിത്വം. പാർക്കുകൾ, കളിസ്ഥലങ്ങൾ എന്നിവയുടെ നടത്തിപ്പ്, കെട്ടിടനിർമാണ അനുമതി നൽകൽ തുടങ്ങിയ ചുമതലകളും. ഏറ്റവും കീഴിലുള്ള ടൗൺ കൗൺസിൽ അഥവാ പാരിഷ് കൗൺസിലുകൾക്കു കീഴിൽ പ്രാദേശിക പാർക്കുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവ. നൈബർഹുഡ് കൗൺസിൽ അഥവാ അയൽക്കൂട്ടങ്ങളും പാരിഷ്-ടൗൺ കൗൺസിലുകൾക്കു കീഴിൽത്തന്നെ. ബസ് ഷെൽട്ടറുകൾ തുടങ്ങിയ സംവിധാനങ്ങളും അവരുടെ ചുമതല. ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും മനസ്സിലാക്കി സർക്കാരിനെ അറിയിക്കലും അവരുടെ ചുമതലതന്നെ.

യു.കെ.യിൽ—അതായത് ഇംഗ്ലണ്ട്, സ്കോട്ട്ലണ്ട്, വെയിൽസ്, വടക്കൻ അയർലണ്ട് എന്നിവ ഉൾപ്പെട്ട യുണൈറ്റഡ് കിംഗ്ഡത്തിൽ—ആകെ പതിനായിരത്തി 475 സിവിൽ പാരിഷുകളുണ്ട്. സർക്കാർ ഗ്രാന്റ്, വ്യാപാരനികുതി, സ്ഥലവാടക തുടങ്ങിയവയാണ് തദ്ദേശസ്ഥാപനങ്ങളുടെ പ്രധാന വരുമാനമാർഗങ്ങൾ.

വാർവിക് ജില്ലയുടെ തലസ്ഥാനമായി പരിഗണിക്കപ്പെടുന്നത് ലെമിങ്ടൺ സ്പാ ആണ്. റോയൽ ലെമിങ്ടൺ സ്പാ. അവിടെ കേന്ദ്രസ്ഥാനത്തുതന്നെ വിശാലമായ റോഡുകൾക്കിടയിലായി ഹോളിവാക് എന്ന പൊതുനടത്തസ്ഥലം. അവിടെ നമ്മുടെ നാട്ടിലെ തെയ്യസ്ഥലത്തും ഉത്സവസ്ഥലത്തും കാണുന്നതുപോലെ ചന്ത കണ്ട് അമ്പരന്നു. ജില്ലാ കൗൺസിൽവക വെള്ളിയാഴ്ചച്ചന്തയാണതെന്ന് മനസ്സിലായി. എല്ലാ വെള്ളിയാഴ്ചയും പകൽസമയത്ത് നടക്കുന്ന ചന്ത. താൽക്കാലികമായി കെട്ടിയുണ്ടാക്കുന്ന കച്ചവടകേന്ദ്രം. ജില്ലാ കൗൺസിലിന്റെ പദ്ധതികളിലൊന്നാണിത്. ലെമിങ്ടണിൽ മാത്രമല്ല, വാർവിക്, കെനിൽവർത്ത് തുടങ്ങിയ സ്ഥലങ്ങളിലും വെള്ളിയാഴ്ചച്ചന്തകളുണ്ട്. സ്വകാര്യ ഏജൻസിയുമായി ചേർന്ന് നടത്തുന്ന ഈ ചന്തകളിൽ പ്രാദേശിക ഉൽപ്പന്നങ്ങൾക്കാണ് മുൻഗണന. തദ്ദേശീയ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള നമ്മുടെ നാട്ടിലെ കുടുംബശ്രീ നേതൃത്വത്തിലുള്ള ചന്തകളുടെ മറ്റൊരു രൂപം. ജില്ലാ കൗൺസിലിന്റെ വരുമാനമാർഗങ്ങളിലൊന്നുമാണത്. രണ്ടുദിവസം കഴിഞ്ഞ്, അതായത് ഞായറാഴ്ചയാണ് ചന്തകളുടെ വിസ്മയം കണ്ടത്. സെപ്റ്റംബർ മാസത്തെ അവസാനത്തെ ഞായറാഴ്ചയായിരുന്നു അത്. ലെമിങ്ടണിൽ ജില്ലാ കൗൺസിൽ സമ്മേളനസ്ഥലമായ ടൗൺഹാൾ നിൽക്കുന്ന പരേഡ് റോഡിൽ വാഹനഗതാഗതം തടസ്സപ്പെടുത്തി ഡസൻകണക്കിന് സ്റ്റാളുകൾ.

ഞായറാഴ്ചച്ചന്ത. അതും ജില്ലാ കൗൺസിൽ സ്വകാര്യ സംരംഭകനുമായി ചേർന്ന് സംഘടിപ്പിക്കുന്നത്. ഗതാഗതം പൂർണമായി തടഞ്ഞുകൊണ്ടാണ് എൺപതോളം സ്റ്റാളുകൾ. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലേയും തനതുഭക്ഷണമാണ് തത്സമയം പാകംചെയ്ത് സ്റ്റാളുകളിൽനിന്ന് വിൽക്കുന്നത്. മറ്റു ഉൽപ്പന്നങ്ങളുടെ സ്റ്റാളുകളുമുണ്ട്. ഭക്ഷണവൈവിധ്യത്തിനുതന്നെയാണ് പ്രാധാന്യം. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ചകളിലാണ് പരേഡ് സ്ട്രീറ്റ് ചന്തകൾ; ജില്ലയിലെ മറ്റ് പ്രധാന കേന്ദ്രങ്ങളിലും ഞായറാഴ്ചച്ചന്തകളുണ്ട്. ക്രിസ്മസ് പോലുള്ള വിശേഷദിവസങ്ങളിലും റോഡിൽത്തന്നെ ചന്തകളുണ്ടാവാറുണ്ട്. ജില്ലാ കൗൺസിലിന്റെ വരുമാനസ്രോതസ്സുകളിലൊന്ന്.

ഗ്രീൻപാർട്ടിക്ക് ഭരണത്തിൽ നിർണായക സ്വാധീനമുള്ള പ്രാദേശിക ഭരണകൂടങ്ങൾ പരിസ്ഥിതി സംരക്ഷണത്തിനാണ് പരമപ്രാധാന്യം നൽകുന്നത്. നാട്ടിലെ പച്ചപ്പുകൾ സംരക്ഷിക്കുക, പുതിയ പച്ചപ്പുകളുണ്ടാക്കുക, മൈതാനങ്ങളും പാർക്കുകളും ഒരു പോറൽപോലുമേൽക്കാതെ സംരക്ഷിക്കുകയും പൊതുജനങ്ങൾക്കായി സൗജന്യമായി ഉപയോഗിക്കാൻ സൗകര്യമൊരുക്കുകയും ചെയ്യുക എന്നീ കാര്യങ്ങൾ. വാർവിക് ജില്ലാ കൗൺസിലിനു കീഴിൽ ലെമിങ്ടൺ സ്പാ, കെനിൽവർത്ത്, വാർവിക് സിറ്റി, വാർവിക് റൂറൽ എന്നീ പ്രദേശങ്ങളാണുള്ളത്. ജില്ലാ കൗൺസിൽ ഈ വർഷത്തെ ബജറ്റിൽ കൂടുതൽ തുകയും വകയിരുത്തിയത് മൈതാനങ്ങൾക്കും പാർക്കുകൾക്കും ജലാശയങ്ങൾക്കും പിന്നെ മാലിന്യശേഖരണത്തിനും സംസ്കരണത്തിനും കൂടിയാണ്.

ഗ്രീൻപാർട്ടി ശക്തിയാർജിക്കുകയും പരിസ്ഥിതികാവബോധം ദൃഢമൂലമാവുകയും ചെയ്തിട്ടുണ്ടെങ്കിലും പ്ലാസ്റ്റിക് ഉപയോഗം അതിരൂക്ഷമായ പ്രശ്നമാവുകയാണ്. ആമസോൺ പോലുള്ള റീട്ടെയിൽ ഭീമന്മാരുടെ പിടിയിലാണ് ഉപഭോക്തൃമേഖലയെന്നതിനാൽ പ്ലാസ്റ്റിക് നിയന്ത്രണം അസാധ്യമാവുകയാണ്. വാർവിക് ജില്ലാഭരണം കയ്യാളുന്ന പച്ചപ്പാർട്ടിയും ഇക്കാര്യം കുറ്റബോധത്തോടെ സമ്മതിക്കുന്നു. എല്ലാവരും വൻകിട ഓൺലൈൻ വിൽപ്പനക്കാരെയാണ് ആശ്രയിക്കുന്നത്. ചെറിയ സാധനംപോലും വളരെ ഭീമമായ പ്ലാസ്റ്റിക്-ഹാർഡ് ബോർഡ് പെട്ടിയിലാണ് എത്തുന്നത്. പ്ലാസ്റ്റിക് നിയന്ത്രിക്കാൻ പ്രചാരണം നടത്തുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. മാലിന്യസംസ്കരണത്തിന് വികേന്ദ്രീകൃതമായ സംവിധാനം വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനാലാണ് മാലിന്യപ്രശ്നം രൂക്ഷമാകാത്തത്. ജൈവമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും വെവ്വേറെയാക്കിയും അല്ലാതെയും ജില്ലാ കൗൺസിലിന്റെ റീസൈക്ലിങ് സെന്ററിലെ ജീവനക്കാർ സംസ്കരണകേന്ദ്രത്തിലെത്തിക്കുന്നു. എന്നാൽ, ഇലക്ട്രോണിക് സാധനങ്ങളും മറ്റു ആക്രിസാധനങ്ങളും അപകടകരമായ സാധനങ്ങളും മാലിന്യസംസ്കരണകേന്ദ്രത്തിൽ നേരിട്ട് എത്തിക്കണം. അതല്ലെങ്കിൽ പ്രത്യേകം ബുക്ക് ചെയ്ത് ഫീസ് നൽകിയാൽ റീസൈക്ലിങ് ജീവനക്കാർ എടുത്തുകൊണ്ടുപോകും. മാലിന്യശേഖരണത്തിന് നമ്മുടെ നാട്ടിൽ ഹരിതകർമസേന കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും മാലിന്യസംസ്കരണം യഥാസമയം വേണ്ടവിധം നടക്കുന്നില്ല. മാലിന്യക്കൂമ്പാരങ്ങൾ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. എന്നാൽ, അത്തരം പ്രശ്നങ്ങൾ തീരെയില്ലെന്നതാണ് സവിശേഷത. തീരെ ഇല്ലെന്നതിന് ഒരു തിരുത്തായി പറയാവുന്ന സ്ഥിതി വാർവിക്കിന്റെ അയൽപ്രദേശമായ കോവൻട്രിയിലെ സ്ഥിതിയാണ്. മലയാളികളടക്കം ഇന്ത്യക്കാരും മറ്റു രാജ്യക്കാരും കൂടുതലായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന കോവൻട്രി മേഖലയിൽ റോഡരികിൽ സിഗരറ്റ് കുറ്റികളും സിഗരറ്റ് കൂടുകളും അലക്ഷ്യമായി വലിച്ചെറിഞ്ഞതു കാണാം; അതുപോലെ മുറുക്കിത്തുപ്പും. പൊതുസ്ഥലത്ത് മുറുക്കിത്തുപ്പുന്നതിനെതിരെ പൊലീസ് കർശന നടപടിയാണ് സ്വീകരിക്കുന്നത്.

പ്രധാനമായും കുറ്റക്കാർ ഇന്ത്യക്കാർ! അതുപോലെ ഗണേശോത്സവത്തിന്റെ ഭാഗമായി ജലാശയങ്ങളിൽ വിഗ്രഹം ഒഴുക്കി വൃത്തികേടാക്കുന്നതിനെയും ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്. ഗാർഹിക മാലിന്യശേഖരണത്തിൽ കേരളവും ഇപ്പോൾ മുന്നേറിയിട്ടുണ്ട്—ഹരിതകർമസേനയുടെ പ്രവർത്തനം മാത്രമല്ല, ആക്രി ശേഖരിക്കുന്നതിന് മത്സരാടിസ്ഥാനത്തിൽത്തന്നെ സംരംഭകർ രംഗത്തുവന്നതുമാണ് കാരണം. എന്നാൽ, മാലിന്യസംസ്കരണവും റീസൈക്ലിങ്ങും എത്ര കാര്യക്ഷമമായി നടത്താമെന്ന് മനസ്സിലാക്കണമെങ്കിൽ വാർവിക്കിലേയും മറ്റും റീസൈക്ലിങ് ഫാക്ടറികൾ കാണണം.

കൊച്ചുനദിയായ ലീമിന്റെ കരയിൽ ലെമിങ്ടണിൽ ന്യൂ ബോൾഡ് കോമണിനു ചുറ്റും ജനവാസം കുറവാണ്. നഗരത്തിൽനിന്ന് കാൽമണിക്കൂർ നടന്നാൽ എത്താവുന്ന അവിടെ നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന പച്ചച്ച മൈതാനം. മുതിർന്നവർക്കുള്ള ഏഴ് ഫുട്ബോൾ മൈതാനങ്ങൾ ഒരുമിച്ചുള്ള കേന്ദ്രം. അതിനോട് ചേർന്നുതന്നെ കുട്ടികൾക്കായുള്ള മിനി ഫുട്ബോൾ ഗ്രൗണ്ടുകൾ. ഫുട്ബോളിനു മാത്രമായി ഒരു ചെറുനഗരത്തിൽ മുന്നൂറേക്കർ സ്ഥലം. ലെമിങ്ടൺ നഗരഹൃദയത്തിൽ ലെമിങ്ടൺ സ്പായുടെ ഭാഗമായ പമ്പ്ഹൗസ് 212 വർഷം മുമ്പാരംഭിച്ചതാണ്. റോയൽ പമ്പ്ഹൗസ്. രാജകീയ പ്രൗഢിയുള്ള സ്പാനുഭവവും നീന്തൽ കേന്ദ്രവും. രാജകുടുംബക്കാർക്കും പ്രഭുക്കന്മാരുടെ കുടുംബക്കാർക്കും വേണ്ടി മാത്രം തുറക്കപ്പെട്ട ഈ പമ്പ്ഹൗസ് 1876-ഓടെയാണ് പൊതുകുളിസ്ഥലവും നീന്തൽ കേന്ദ്രവുമായത്. ഇതോടനുബന്ധിച്ച് നാലര ഏക്കർ വിസ്തൃതിയിലുള്ള മൈതാനമുണ്ട്. പൊതുജനങ്ങൾക്കായി നടക്കാൻ സൗകര്യം, പൊതുപരിപാടികൾക്കും സൗകര്യം. അവിടെനിന്ന് വിളിപ്പാടകലെ ലീം നദിക്കരയിൽത്തന്നെ പതിനെട്ടര ഏക്കർ വിസ്തൃതിയുള്ള വിക്ടോറിയാ പാർക്ക്. നിരവധി ടെന്നിസ് കോർട്ടുകളും ജിമ്മും കുട്ടികൾക്കായുള്ള പ്രത്യേക കളിസ്ഥലവും സ്കേറ്റിങ്ങിനുള്ള മിനി പാർക്കും നടക്കാനും ഓടാനുമായി വിശാലമായ സ്ഥലവുമടങ്ങിയ ഗ്രൗണ്ട്. നടക്കാനും ഓടാനും എണ്ണൂറ് മീറ്റർ ചുറ്റളവിലുള്ള സൗകര്യം. 24 മണിക്കൂറും തുറന്നുകിടക്കുന്ന മൈതാനത്ത് ടെന്നിസിന് മാത്രമാണ് ചെറിയ ഫീസ് ഏർപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്രാടിസ്ഥാനത്തിലുള്ള നടത്തമത്സരത്തിനും ടെന്നിസ് മത്സരങ്ങൾക്കും പലതവണ വിക്ടോറിയാ മൈതാനം വേദിയായിട്ടുണ്ട്. വാർവിക് ജില്ലാ കൗൺസിൽ ഈ മൈതാനങ്ങൾക്കും പമ്പ്ഹൗസിനും പുറമെ തൊട്ടടുത്തുതന്നെയുള്ള ജെഫേഴ്സൺ ഗാർഡനും വൻതോതിൽ ബജറ്റ് വിഹിതം മാറ്റിവെച്ചു. വിക്ടോറിയാ പാർക്കിൽ മനുഷ്യർക്കെന്നപോലെ പട്ടികൾക്കും വലിയ പ്രാധാന്യമുണ്ട്. മിക്ക ഇംഗ്ലീഷ് കുടുംബങ്ങളും അവരുടെ പട്ടിയുമായാണ് മൈതാനത്തിലെത്തുന്നത്. പട്ടികളും ഓടിക്കളിക്കുന്നു. പട്ടികൾ കാഷ്ടിച്ചാൽ അത് ഉടമകൾ കോരിയെടുത്ത് മാലിന്യവീപ്പയിൽ കൊണ്ടുപോയി നിക്ഷേപിക്കണം. മാസങ്ങളോളം ദിവസേന വിക്ടോറിയാ പാർക്കിൽ നടക്കാനും നടത്തവും ഓട്ടവും കാണാനുമൊക്കെ പോയപ്പോൾ ഒരൊറ്റ പട്ടിയും കുരക്കുന്നത് കേട്ടില്ല; അപരിചിതരുടെ പിന്നാലെ പോകുന്നതും കണ്ടില്ല. പട്ടികൾ അവയുടെ ഉടമകൾക്കൊപ്പം കളിക്കുന്നു. പട്ടികൾക്ക് ഹോട്ടലുകളിലും മറ്റു വാണിജ്യകേന്ദ്രങ്ങളിലും പ്രത്യേകം സൗകര്യമുണ്ട്.

മതവും ആരാധനാലയങ്ങളും

വിക്ടോറിയാ പാർക്കിൽനിന്ന് അൽപമകലെയായി ജെഫേഴ്സൺ ഗാർഡൻ. ജലധാരയും താറാവുകൾ നീന്തിത്തുടിക്കുന്ന തടാകവും ശില്പങ്ങളും പൂന്തോട്ടങ്ങളും 140 തരം വൃക്ഷങ്ങളുമുള്ള ജെഫേഴ്സൺ ഗാർഡന് രണ്ട് നൂറ്റാണ്ടോളം കാലത്തെ ചരിത്രമുണ്ട്. കെനിൽവർത്തിൽ പ്രകൃതിസ്നേഹികൾക്കായി നടപ്പാതയുമുള്ള സ്വാഭാവിക വനവുമുണ്ട്—നഗരത്തിൽത്തന്നെ ഫോറസ്റ്റ്. 2030-ഓടെ വാർവിക് ജില്ലയെ സമ്പൂർണ കാർബൺ ഫ്രീ ജില്ലയാക്കി മാറ്റുകയെന്ന സ്വപ്നമാണ് ഗ്രീൻപാർട്ടി പങ്കുവെക്കുന്നത്. ഇടതുപക്ഷത്തിന്റെ സ്വാധീനം പരിമിതമാണെങ്കിലും സോഷ്യലിസ്റ്റ്-ഇടതുപക്ഷ ആശയങ്ങൾ പ്രചരിക്കുന്നതാണ് സെക്കുലർ ചിന്താഗതിക്ക് വാർവിക്കിലും ഇംഗ്ലണ്ടിലും യു.കെ.യിലാകെയും വളക്കൂറുണ്ടാക്കിയതെന്ന് മതവാദികളും കൺസർവേറ്റീവുകളും ആക്ഷേപിക്കുന്നുണ്ട്. ആരാധനാലയങ്ങളിൽ പോകുന്നവരുടെ എണ്ണം വൻതോതിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മതങ്ങളോടും ദൈവങ്ങളോടും കൂടുതൽകൂടുതൽ പേർ വിടചൊല്ലിക്കൊണ്ടിരിക്കുകയാണ്. 109 ചതുരശ്ര മൈൽ വിസ്തീർണമുള്ള വാർവിക് ജില്ലയിൽ 148500 ആണ് ജനസംഖ്യ. അതിൽ 59337 പേരും സെൻസസ് കണക്കെടുപ്പിൽ തങ്ങൾക്ക് ഒരു മതത്തിലും ഒരു ദൈവത്തിലും വിശ്വാസമില്ലെന്നാണ് വ്യക്തമാക്കിയത്. ആരാധനാലയങ്ങളിൽ എത്തുന്നവരുടെ എണ്ണം വളരെ കുറവാണ്. ചാണ്ടി ഉമ്മൻ എം.എൽ.എ. യു.കെ.യിൽ പോയിവന്നശേഷം നടത്തിയ പ്രതികരണം വലിയ വിമർശത്തിനിടയാക്കിയല്ലോ. പള്ളികളും മറ്റു ആരാധനാലയങ്ങളും മറ്റാവശ്യങ്ങൾക്കായി വിൽക്കുകയോ വാടകയ്ക്ക് നൽകുകയോ ചെയ്യുന്ന സ്ഥിതിയുണ്ടായിരുന്നു. ഇംഗ്ലണ്ടിലെ ആകെ കണക്കെടുത്താൽ 36.7 ശതമാനം പേർക്ക് മതമോ ദൈവമോ ഇല്ല.

യു.കെ.യുടെ ഭാഗമായ സ്കോട്ട്ലണ്ടിലാണെങ്കിൽ മതവിശ്വാസവും ദൈവവിശ്വാസവും ന്യൂനപക്ഷമായിരിക്കുകയാണ്. 2001-ൽ മതവിശ്വാസമില്ലെന്ന് സർക്കാരിനെ അറിയിച്ചവർ ജനസംഖ്യയുടെ 30 ശതമാനമായിരുന്നു. 2021-ലെ സെൻസസിൽ അത് 51 ശതമാനത്തിലെത്തി. യൂറോപ്പിനെ ഒരു ഭൂതം ബാധിച്ചിരിക്കുന്നുവെന്ന പഴയ ആരോപണം മതാധിപതികൾക്കും സ്ഥാപിതതാൽപര്യക്കാർക്കും ഭീതിയായി വളരുന്നത് അടുത്തകാലത്താണ്. ശരിക്കും ഭൂതം ബാധിക്കുന്നു. ഫ്രാൻസിൽ 43 ശതമാനമാളുകളും പ്രഖ്യാപിച്ചത് അവർക്ക് മതവിശ്വാസമോ ഈശ്വരവിശ്വാസമോ ഇല്ലെന്നാണ്. യു.കെ.യിൽ 37.8 ശതമാനം ആളുകൾ അതേപോലെ പറയുന്നു. ഫ്രാൻസിൽ 18-നും 29-നും ഇടയിൽ പ്രായമുള്ളവരിൽ 64 ശതമാനമാണ് മതേതരർ. യു.കെ.യിൽ 16-നും 29-നും ഇടയിൽ പ്രായമുള്ളവരിൽ 70 ശതമാനവും മതേതരർ. ഫ്രാൻസിൽ 46 ശതമാനമാളുകൾ തങ്ങൾ ക്രിസ്ത്യാനികളാണെന്ന് പറയുന്നുവെങ്കിലും 40 ശതമാനത്തിലേറെ ദൈവവിശ്വാസമുള്ളൂ.

ബ്രിട്ടനിലെ ഇടതുപക്ഷമുഖം വാസ്തവത്തിൽ ഗ്രീൻപാർട്ടിയാണ്

കമ്യൂണിസ്റ്റ് പാർട്ടി നാമമാത്രമായതിനാൽ ഇടതുപക്ഷ ആശയങ്ങളുടെ പ്രകടിതരൂപം ഗ്രീൻപാർട്ടിതന്നെയാണ്. അതിലും പല വൈരുധ്യങ്ങളുണ്ടെങ്കിലും 2025-ൽ സാക്ക് പൊളാൻസ്കി നേതാവായതോടെ ഗ്രീൻപാർട്ടിയുടെ സ്വാധീനത്തിൽ ഗണ്യമായ വർധനയുണ്ടായി. രണ്ടരലക്ഷത്തോളം അംഗങ്ങളുള്ള പാർട്ടി പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്നു. പരിസ്ഥിതി സംരക്ഷണത്തിനായി പെട്രോളിയം ഉൽപ്പന്നങ്ങൾ പരമാവധി നിരുത്സാഹപ്പെടുത്തുകയാണ് ഗ്രീൻ പാർട്ടി രാജ്യവ്യാപകമായി മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. എണ്ണ സബ്സിഡി ഒഴിവാക്കും, ഫോസിൽ ഇന്ധനങ്ങൾ തടയും, സൗരോർജമടക്കം ബദൽ ഊർജസ്രോതസ്സുകൾ വികസിപ്പിക്കും, കാർബൺ പുറത്തുവിടുന്ന സ്ഥാപനങ്ങൾക്ക് വൻനികുതി ഏർപ്പെടുത്തും, പരിസ്ഥിതിസൗഹൃദമായ കാർഷികരീതികൾ പ്രോത്സാഹിപ്പിക്കാൻ സാമ്പത്തികസഹായം മൂന്നുമടങ്ങാക്കി വർധിപ്പിക്കും, രാസകീടനാശിനികൾ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തും, വൻധനികർക്ക് പ്രത്യേക അധികനികുതി ഏർപ്പെടുത്തും, ജലവിതരണ കമ്പനികൾ ദേശസാൽക്കരിക്കും, ആരോഗ്യരംഗത്ത് പൂർണമായും സൗജന്യ ചികിത്സ ഉറപ്പുവരുത്തും, വിദ്യാലയങ്ങളിൽ സൗജന്യ ഉച്ചഭക്ഷണപദ്ധതി നടപ്പാക്കും, തിരഞ്ഞെടുപ്പിൽ ആനുപാതിക പ്രാതിനിധ്യരീതി നടപ്പാക്കും, 16 വയസ്സിൽ വോട്ടവകാശം നൽകും തുടങ്ങിയ വാഗ്ദാനങ്ങളാണ് ഗ്രീൻപാർട്ടി മാനിഫെസ്റ്റോയിലുള്ളത്.

ബ്രിട്ടനിൽ മാത്രമല്ല, യൂറോപ്പിലാകെ ഗ്രീൻ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയപാർട്ടികൾ ശക്തിയാർജിച്ചുകൊണ്ടിരിക്കുകയാണ്. 2019-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പച്ചപ്പാർട്ടിക്ക് 10 ശതമാനത്തിലേറെ വോട്ട് കിട്ടി. 2024-ലെ തിരഞ്ഞെടുപ്പിൽ 7.4 ശതമാനമായി വോട്ടുഷെയർ കുറഞ്ഞെങ്കിലും അഞ്ച് സീറ്റോടെ നിർണായക സ്വാധീനമായി തുടരാനായി. ഡെന്മാർക്കിലും പോളണ്ടിലും ഭരണപങ്കാളിത്തമുള്ള പാർട്ടിയാണ് ഗ്രീൻ. പോളണ്ടിൽ 27.4 ശതമാനം വോട്ട് ലഭിച്ചു. നെതർലാൻഡിൽ 15 ശതമാനം വോട്ടുണ്ട്. ജർമൻ പാർലമെന്റായ ബുണ്ടെസ്റ്റാഗിലേക്കുള്ള ഒടുവിലത്തെ തിരഞ്ഞെടുപ്പിൽ 11.6 ശതമാനം വോട്ട് നേടാനായി. ജർമനിയിലെ പ്രവിശ്യാ അസംബ്ലികളിലെ 1891 അംഗങ്ങളിൽ 284 അംഗങ്ങൾ പച്ചപ്രസ്ഥാനക്കാരാണ്. 16 സംസ്ഥാനങ്ങളിൽ ഏഴിൽ ഭരണപങ്കാളിത്തമുള്ള ഗ്രീൻ പാർട്ടിയാണ് ബാദൻ-വ്യൂർട്ടംബർഗ് സംസ്ഥാനത്ത് സഖ്യനേതൃത്വത്തിലുള്ളതും. പുതിയ തലമുറ പഴയ വിശ്വാസങ്ങളെ കൈവിടുന്നതിനൊപ്പം പഴയ ലോകക്രമത്തെയും തിരസ്കരിക്കുകയാണെന്നാണ് പൊതുവെ വ്യക്തമാകുന്നത്. പുത്തൻ ഇടതുപക്ഷമെന്ന നിലയിൽ ഗ്രീൻ പാർട്ടികൾ യൂറോപ്പിൽ വരുംകാലങ്ങളിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം; അതാകട്ടെ, ലോകവ്യാപകമായി വലിയ സ്വാധീനമാവുകയും ചെയ്യും.

ഹരിത രാഷ്ട്രീയത്തിന്റെ ഭൂമികയിൽ  | 

അനുബന്ധം: ഹൈലൈറ്റ് ചെയ്ത ഭാഗങ്ങൾ

1. പേജ് 9

സാധാരണ നഗരങ്ങൾക്കായി ടൗൺ കൗൺസിലുണ്ട്. ഏറ്റവും താഴെ സിവിൽ പാരിഷുകൾ അഥവാ സിവിൽ ഇടവകകൾ—ചെറിയ ഗ്രാമപഞ്ചായത്തുകൾ. വാർവിക്കിൽ ജില്ലാ കൗൺസിലുമുണ്ട്, കൗണ്ടി കൗൺസിലുമുണ്ട്.

2. പേജ് 10

വാർവിക് ജില്ലയുടെ തലസ്ഥാനമായി പരിഗണിക്കപ്പെടുന്നത് ലെമിങ്ടൺ സ്പാ ആണ്. അവിടെ കേന്ദ്രസ്ഥാനത്തുതന്നെ വിശാലമായ റോഡുകൾക്കിടയിലായി ഹോളിവാക് എന്ന പൊതുനടത്തസ്ഥലം. അവിടെ നമ്മുടെ നാട്ടിലെ തെയ്യസ്ഥലത്തും ഉത്സവസ്ഥലത്തും കാണുന്നതുപോലെ ചന്ത കണ്ട് അമ്പരന്നു.

3. പേജ് 10–11: പ്രാധാന്യം പരിസ്ഥിതി സംരക്ഷണത്തിന്

കാർബൺ ന്യൂട്രൽ നാടാക്കി വാർവിക്കിനെ മാറ്റാൻ പ്രതിജ്ഞാബദ്ധമാണെന്നാണ് ജില്ലാ കൗൺസിലിലെ ഭരണനേതൃത്വത്തിലുള്ള ഗ്രീൻപാർട്ടിയുടെ പ്രഖ്യാപനം. ജില്ലാ കൗൺസിൽ ബജറ്റിൽ ഇതിനുള്ള കർമപദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. വാഹനങ്ങളിലെ ഇന്ധനം പൂർണമായും വൈദ്യുതിയാവണമെന്നാണ് ജില്ലാ കൗൺസിൽ അഭ്യർത്ഥിക്കുന്നത്. വൈദ്യുതിവാഹനങ്ങൾക്ക് പാർക്കിങ് ഫീസ് ഒഴിവാക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി വാർഡൻ സംവിധാനത്തിന് വളരെ ഉയർന്ന വിഹിതമാണ് ബജറ്റിൽ നീക്കിവെച്ചത്. കൂടുതൽ വാർഡന്മാരെ നിയോഗിക്കാനും കൂടുതൽ പ്രതിഫലം നൽകാനും വ്യവസ്ഥ ചെയ്യുന്നു. പോലീസിനും നാട്ടുകൂട്ടത്തിനും ഇടയിലുള്ള ഒരു അദ്വിതീയ സംവിധാനമാണിത്. മാലിന്യം തള്ളുന്നത് തടയുക, സൗഹാർദത്തിന് തടസ്സമാകുന്ന പ്രശ്നങ്ങളുണ്ടാകുമ്പോൾ പറഞ്ഞുതീർക്കാനും കഴിയുന്നില്ലെങ്കിൽ പോലീസിനെ ഇടപെടുവിക്കുകയും ചെയ്യുക തുടങ്ങിയ പ്രവൃത്തികളാണ് കമ്മ്യൂണിറ്റി വോളന്റിയർമാർ നിർവഹിക്കുന്നത്. വനമേഖലയിൽ കേരളത്തിൽ നടപ്പാക്കിയ സംവിധാനംപോലെയൊന്ന്.

4. പേജ് 11

ഗ്രീൻപാർട്ടിക്ക് ഭരണത്തിൽ നിർണായക സ്വാധീനമുള്ള പ്രാദേശിക ഭരണകൂടങ്ങൾ പരിസ്ഥിതി സംരക്ഷണത്തിനാണ് പരമപ്രാധാന്യം നൽകുന്നത്. നാട്ടിലെ പച്ചപ്പുകൾ സംരക്ഷിക്കുക, പുതിയ പച്ചപ്പുകളുണ്ടാക്കുക, മൈതാനങ്ങളും പാർക്കുകളും ഒരു പോറൽപോലുമേൽക്കാതെ സംരക്ഷിക്കുകയും പൊതുജനങ്ങൾക്കായി സൗജന്യമായി ഉപയോഗിക്കാൻ സൗകര്യമൊരുക്കുക എന്നീ കാര്യങ്ങൾ.

5. പേജ് 12

ഇടതുപക്ഷത്തിന്റെ സ്വാധീനം പരിമിതമാണെങ്കിലും സോഷ്യലിസ്റ്റ്-ഇടതുപക്ഷ ആശയങ്ങൾ പ്രചരിക്കുന്നതാണ് സെക്കുലർ ചിന്താഗതിക്ക് വാർവിക്കിലും ഇംഗ്ലണ്ടിലും യു.കെ.യിലാകെയും വളക്കൂറുണ്ടാക്കിയതെന്ന് മതവാദികളും കൺസർവേറ്റീവുകളും ആക്ഷേപിക്കുന്നുണ്ട്. ആരാധനാലയങ്ങളിൽ പോകുന്നവരുടെ എണ്ണം വൻതോതിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

ഹരിത രാഷ്ട്രീയത്തിന്റെ ഭൂമികയിൽ  |